രചന : ജോയി ജോൺ.

വെയിൽ കത്തിയ നട്ടുച്ചയ്ക്കിന്നലെ
മരണം കവർന്ന ഒരുവൻ്റെ മുഖപുസ്തക
താളുകളിൽ, ആകാശത്തോളം വളർന്നൊര്
കടൽ പൊടുന്നനെ വറ്റിക്കിടക്കുന്നതു കാണാം.

ഒന്നാം താളിലെ ആഖ്യായികയ്ക്കു താഴെ
കാലങ്ങളായ് കൈപിടിച്ചു നടത്തിയ
പ്രിയപ്പെട്ടവർക്കായ് നിവേദിച്ച ചുവന്ന
റോസാപ്പൂവിൻ്റെ നിറംകറുപ്പായ്
പരിണമിച്ചിട്ടുണ്ട്.

യാഥാർത്ഥ്യത്തിലേക്കെത്താൻ
അരനാഴികനേരം മാത്രം ബാക്കി
നിൽക്കേ പൊലിഞ്ഞ ഒരുപിടി
സ്വപ്നങ്ങളുടെ ചാമ്പൽക്കൂമ്പാരത്തിൽ,
നിമഞ്ജനം ചെയ്യപ്പെടേണ്ട
മോഹഭംഗത്തിൻ്റെ അസ്ഥിക്കഷണങ്ങൾ
ചിതറിക്കിടക്കുന്നത്‌ രണ്ടാം താളിലാണ്!

അൽപ്പം മുൻപ് വരെ അയച്ച ഫ്രണ്ട്
റിക്വസ്റ്റ്കൾ വീർപ്പുമുട്ടിക്കിടക്കുന്നുണ്ട്
മൂന്നാം താളിൽ!
ഇപ്പോൾ മാത്രം ഫ്രണ്ട്സ് ആയവരുടെ
‘ഹായ് ‘കൾ നിശബ്ദമായിരിക്കുന്നു!

സംഭാഷണങ്ങളെ ലഘൂകരിച്ച്,
പൊട്ടിച്ചിരിച്ച ഇമോജികളും സ്മൈലികളും,
എന്തു ചെയ്യണമെന്നറിയാതെ
സ്തംഭിച്ച കാഴ്ച നാലാം താളിൽ കാണാം

അവസാന താളിലാണ്, ആദ്യമായ് കാണുന്ന
സുഹൃത്തിൻ്റെ മരവിച്ച ഉടലിൽ റീത്ത്
സമർപ്പിക്കുന്ന അയ്യായിരം മുഖപുസ്ത്തക
സുഹൃത്തുക്കളുടെ തത്സമയ സംപ്രേക്ഷണ കാഴ്ചകൾ!
ഇപ്പോഴാണ് ഇമോജികൾ കണ്ണീരണിഞ്ഞ്!

By ivayana