മുഖപുസ്തകത്തിലെ തിരച്ചിലിനൊടുവിലാണ് ഒരു കാലത്ത് അവളുടെ മനസിന്റെ ആഴങ്ങളിൽ, സ്പർശിച്ച ആ മുഖം വീണ്ടും കാണാനിടയായത്.

നാളുകളേറേയും തിരഞ്ഞു നടന്നെങ്കിലും അന്നാണ് ആ തേടിയ വള്ളി വന്ന് കാലിൽ തന്നെ ചുറ്റിയത്.ഇടവിട്ടിടവിട്ട് മിന്നി മാഞ്ഞു കൊണ്ടിരിക്കുന്ന ആ പച്ച വെളിച്ചം മാളുവിനെ തെല്ലൊന്ന് ആശ്ചര്യപെടുത്തി.

കാലത്തിന്റെ പ്രളയത്തിനനുസരിച്ച് മാറ്റങ്ങൾ ഓരോന്നും വന്നു കൊണ്ടേയിരുന്നു.പക്ഷെ സച്ചുവിന് എടുത്ത് പറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായില്ല. മെലിഞ്ഞ ശരീരത്തിന് കുറച്ചൊരു തടി വച്ചതല്ലാതെ പഴയ രൂപത്തിനോ ഭാവത്തിനോ ഒന്നും മാറ്റമുണ്ടായില്ല.

എന്നെങ്കിലുമൊരിക്കൽ വീണ്ടും കാണുവാൻ ഉള്ള മനസിന്റെ വെമ്പൽ കൊണ്ടാവണം തിരക്കേറിയ ആ വഴിത്താരയിൽ അങ്ങനൊരു നിമിഷം വന്ന് ചേർന്നപ്പോൾ കൊഴിഞ്ഞു പോയ ആ വസന്തകാലത്തിന്റെ ഓർമ്മയിലേക്ക് മനസുകൊണ്ട് അവളു യാത്രയായത്.

ഓർമ്മകൾ ഓരോന്നും ചികഞ്ഞെടുത്തത് കൊണ്ടായിരിക്കാം സുന്ദരമായ അവളുടെ മിഴികളിൽ നിന്ന് ചെമ്പനിനീർ പൂവിൽ തൂമഞ്ഞുകണം കണക്കേ നീർതുള്ളികൾ നല്ല ചെമപ്പ് രാശി കലർന്ന കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങിയത്.

മാളു ആദ്യമായിട്ടായിരുന്നു ആ ഗ്രാമത്തിലെത്തിയത്.തികച്ചും യാദൃച്ഛികമായിട്ടായിരുന്നു അവളുടെ താമസമാറ്റം.നഗരത്തിൽ ജനിച്ചു വളർന്ന അവളിൽ ആ ഗ്രാമം കുറച്ചൊന്നുമല്ല മാറ്റങ്ങൾ ഉണ്ടാക്കിയത്.നഗരത്തിലെ കോലാഹലങ്ങളോ വലിയ വലിയ കെട്ടിടങ്ങളോ ഫാക്ടറികളോ ഒന്നുമില്ലാത്ത എന്തിന് ബസ്സ് റൂട്ട് പോലും വളരെ ചുരുക്കമായിരുന്നു .മണിക്കൂറുകൾ ഇടവിട്ട് കടന്ന് പോകുന്ന ഒന്നോ രണ്ടോ ബസ്സുകൾ മാത്രം. പച്ച വിരിച്ച വയലുകളും പുഴകളും തോടുകളും തിങ്ങി നിറഞ്ഞ് നിൽക്കുന്ന വൃക്ഷങ്ങളും ആ ഗ്രാമത്തിനെ മനോഹാരിതയാക്കി.

നാട്ടുവഴികളും നടപ്പാതകളും ആരേയും ആകർഷിക്കും വിധേനയുള്ള ഗ്രാമത്തിന്റെ മനോഹാരിതയും മാളുവിന് ഒരുപാട് ഇഷ്ടമായി.

കുറച്ചകലെയുള്ള നഗരത്തിൽ തലയുയർത്തി നിൽക്കുന്ന വിശാലമായ സ്കൂളിലേക്കുള്ള യാത്രയിൽ ബസ്സ് കയറനായി റോഡിൽ എത്തണമെങ്കിൽ നാട്ടുവഴികളിലൂടെ ഒത്തിരി നടക്കണം. വഴിയോര കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് അന്നും അവൾ നേരത്തെ തന്നെ ബസ് സ്റ്റോപ്പിൽ എത്തി. ആദ്യം വന്ന ബസ്സിൽ കയറി മുന്നിലെ സീറ്റിൽ തന്നെയിരുന്നു. കണ്ടക്ടർ ഓരോരുത്തരോടായി പൈസ വാങ്ങുന്ന തിരക്കിലുമായി.

പൈസ കൊടുക്കാനായി കണ്ടക്ടറെ നോക്കുമ്പോഴോക്കെ അരികിൽ പോലും വരാതെ മറ്റാരുടെയോക്കെ പൈസയും വാങ്ങി മാറി നിന്നു.

”കുട്ടിയുടെ ടിക്കറ്റ് മുറിച്ചിട്ടുണ്ട്”

ഇങ്ങനെ പറഞ്ഞ് കണ്ടക്ടർ വീണ്ടും പിറകിലോട്ട് തന്നെ പോയി.

തന്റെ കൂടെ ആരും വന്നില്ലല്ലോ
പിന്നെ എങ്ങനെ ടിക്കറ്റ് മുറിക്കുന്നത്
കണ്ടക്ടർക്ക് ആളു തെറ്റിയത് ആകുമോ
അമ്പരപ്പോടെ അവളുടെ മിഴികൾ യാത്രക്കൂലി കൊടുത്ത ആളിനെ തിരഞ്ഞു.

ടൗണിൽ ജോലിക്ക് പോകുന്നവരുടെയും അധ്യാപകന്മാരുടെയും വിദ്യാർത്ഥികളുടെയും വലിയൊരു പട തന്നെയായിട്ട് ബസ്സിൽ കാല് കുത്താൻ പോലും ഒരിടം ബാക്കി ഉണ്ടായിരുന്നില്ല.

ബസ്സ് ഓരോ സ്റ്റോപ്പിൽ നിറുത്തുമ്പോഴും തന്റെ യാത്രാക്കൂലി കൊടുത്ത ആളിനെ അവൾ തിരഞ്ഞു കൊണ്ടിരുന്നു. തൊട്ടടുത്ത ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ ബസ്സിലെ മുക്കാൽ ഭാഗം യാത്രക്കാരും അവിടെ ഇറങ്ങി.ഇറങ്ങിയവരുടെ കൂട്ടത്തിൽ ഒരു പുഞ്ചിരിക്കുന്ന മുഖം അവളുടെ ശ്രദ്ധയിൽ പെട്ടു. ആ മുഖഭാവത്തിൽ നിന്ന് തന്നെ ആളിനെ തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞു.

പിന്നീട് ഉള്ള നാളുകളിൽ മാളു അവനെ ശ്രദ്ധിച്ചു തുടങ്ങി. വഴിയോരത്ത് വച്ച് ദിവസവും മാളുവും സച്ചുവും കണ്ടുമുട്ടി. മുഖത്ത് വിരിയുന്ന നിറഞ്ഞ പുഞ്ചിരിയിൽ മാത്രമൊതുങ്ങി അവരുടെ ബന്ധം.ആ പുഞ്ചിരിയിൽ പറയാതെ പറഞ്ഞിരുന്നു ഒത്തിരി ഒത്തിരി കാര്യങ്ങൾ.അവൾ പോലുമറിയാതെ ആ മനസിൽ പ്രണയം മൊട്ടിട്ടു.

തന്റെ കൗമാര സ്വപ്നങ്ങൾക്ക് ചിറക് മുളച്ച് തുടങ്ങിയ കാലം കൊച്ചു കൊച്ചു മോഹങ്ങൾ അവൾ നെയ്തുകൂട്ടി. സച്ചു ആയിരുന്നു അതിന് അവളെ പ്രാപ്തയാക്കിയത്. ഹൃദയത്തിൽ സ്വപ്നങ്ങളാൽ ഒരു കൊട്ടാരം തന്നെ അവൾ തീർത്തു.തികച്ചും സുന്ദരമായ നാളുകളിലൂടെ അവർ കടന്നു പോയി.

കാലം തീർത്ത ഒരു നാടകത്തിന്റെ തിരശ്ശീലയെന്നോളം പെട്ടെന്ന് ഒരു നാൾ സച്ചുവിന്റെ പ്രതികരണം തികച്ചുമൊരു മൗനത്തിലൊതുങ്ങിയപ്പോൾ ഹൃദയത്തിൽ താൻ നിർമ്മിച്ച ആ കൊട്ടാരം തകർന്നു വീഴുന്നത് പൂർണ്ണമായും അറിയുവാൻ അവൾക്ക് കഴിഞ്ഞു.

ആ വഴിയോര യാത്ര പോലും അവൾ ഉപേക്ഷിച്ചു.നാട്ടുവഴികളും ആ ഗ്രാമവും എല്ലാം അവൾക്ക് അന്യമായ്. പക്ഷെ പിന്നിട്ട വഴിയോരങ്ങളിൽ നിന്ന് മനസ്സിന്റെ താളുകളിൽ നിറച്ചെഴുതിയ വരികളും വർണ്ണചിത്രങ്ങളും മായാതെ അവരുടെ മനസ്സിൽ സൂക്ഷിച്ചിരുന്നു.അത് കൊണ്ടാവാം വീണ്ടുമൊരു ഒത്തുചേരലിന് ആ മനസ്സുകൾ കൊതിച്ചത്.

ബേബിസബിന

By ivayana