കുവൈറ്റ് ഭരണകൂടം കൊണ്ടുവന്ന പ്രവാസി ക്വാട്ട ബില്ലില്‍ വ്യക്തത വരുത്തിയതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ ആശങ്ക നീങ്ങി. വിദേശ കാര്യ മന്ത്രി ഷെയ്ഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബായാണ് ഇക്കാര്യം സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ബില്‍ രാജ്യത്തെ അനധികൃത താമസക്കാരെ മാത്രം ലക്ഷ്യംവയ്ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
‘കുവൈറ്റില്‍ 170 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുണ്ട്. അവരെയാരെയും ലക്ഷ്യംവയ്ക്കുന്നതല്ല കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്ത പ്രവാസി ക്വാട്ട ബില്‍. അത് രാജ്യത്തേക്ക് എത്തുന്ന അനധികൃത കടന്നുകയറ്റക്കാര്‍ക്കെതിരെയാണ്,’ അദ്ദേഹം പറഞ്ഞു.എട്ട് ലക്ഷത്തോളം പ്രവാസികള്‍ മടങ്ങാന്‍ നിര്‍ബന്ധിതരാകുന്ന പ്രവാസി ക്വാട്ട ബില്ലിന് കുവൈറ്റ് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. കരട് ബില്‍ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം ഇന്ത്യക്കാരെ മാത്രമേ ഇനി കുവൈറ്റില്‍ അനുവദിക്കൂ. സമഗ്രമായ പദ്ധതി തയ്യാറാക്കാന്‍ അതാത് കമ്മിറ്റികള്‍ക്ക് ബില്ല് കൈമാറിയിരിക്കുകയാണ്. രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യയ്ക്ക് ക്വാട്ട നിശ്ചയിക്കുന്ന പുതിയ നിയമമാണ് പ്രവാസി ക്വാട്ട ബില്‍.