Sr. Lucy Kalapura.

ഇനി പതിനഞ്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഒരു ഹൈസ്കൂൾ അധ്യാപികയായുള്ള എന്റെ ഔദ്യോഗിക ജീവിതം അവസാനിക്കുകയാണ്. കഴിഞ്ഞ 27 വര്ഷങ്ങളായി ഞാൻ പഠിപ്പിക്കുന്ന കുരുന്നുകളുടെ വിടർന്ന കണ്ണുകളിലൂടെ ലോകത്തെ കാണാൻ തുടങ്ങിയിട്ട്. ഇക്കാലമത്രയും അവരായിരുന്നു എന്റെ ലോകം.

എത്ര വലിയ പ്രതിസന്ധികൾ ജീവിതത്തിൽ നേരിടേണ്ടി വരുമ്പോഴും അവരുടെ നിഷ്‌കളങ്ക മുഖങ്ങൾ ഒരു നോക്ക് കണ്ടാൽ മതി, എന്തിനെയും നേരിടാനുള്ള ഊർജ്ജം ലഭിക്കും. അവരുടെ കുറുമ്പുകളിലും കുസൃതികളിലും ഒപ്പം ചേരുമ്പോൾ എത്ര വലിയ വിഷമങ്ങളും തനിയെ അലിഞ്ഞില്ലാതെയാകുന്നത് എത്രയോ തവണ ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു. പുറത്തേക്കൊന്നിറങ്ങിയാൽ ഈ കൊച്ചു ഗ്രാമത്തിലെ വഴികളിലെവിടെയും ഞാൻ പഠിപ്പിച്ച ഒരാളെയെങ്കിലും കണ്ടുമുട്ടാതെ നടക്കാനാവില്ല. അതിൽ പലരും പല വ്യത്യസ്ത മേഖലകളിൽ ജോലിക്കാരായിരിക്കുന്നു.

പലരുടെയും വിവാഹം കഴിഞ്ഞ് കുടുംബവും കുട്ടികളുമൊക്കെയായിരിക്കുന്നു. അവരൊക്കെ എവിടെവച്ച് കണ്ടാലും ഓടിയെത്തി സ്നേഹം നിറഞ്ഞ രണ്ടുവാക്കുകൾ പറയുമ്പോൾ ലഭിക്കുന്ന ആ സന്തോഷത്തിന് പകരം വയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നുമുണ്ടാവില്ല. എല്ലാം ഈ അധ്യാപനവൃത്തി എനിക്ക് നേടിത്തന്ന മഹാസൗഭാഗ്യങ്ങൾ! കഴിഞ്ഞ ഇരുപത്തിയേഴ്‌ വര്ഷങ്ങളായി നേരം പുലർന്നാൽ സ്കൂളിലെത്താനുള്ള ഒരുക്കങ്ങൾ, പഠിപ്പിക്കേണ്ട പാഠഭാഗങ്ങളുടെ പ്രിപ്പറേഷൻസ്, നിശ്ചിത സമയത്തിനുള്ളിൽ പോർഷൻ തീർക്കാനുള്ള തത്രപ്പാടുകൾ, രാത്രികളിൽ ഉറക്കമൊഴിച്ചിരുന്ന് നോക്കിത്തീർത്ത ഉത്തരക്കടലാസുകൾ, സ്കൂളിലെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനായി കുട്ടികളെ ഒരുക്കാനുള്ള പ്രയത്നങ്ങൾ, അവരുടെ കൊച്ചു കൊച്ചു വിജയങ്ങളിൽ അനുഭവിക്കുന്ന ആത്മനിർവൃതി….

ഇതെല്ലാം ഇനി സുഗന്ധം പൊഴിക്കുന്ന ഓർമ്മകളായി മാറും. കാലം എല്ലാത്തിനെയും വിഴുങ്ങിക്കൊണ്ടേയിരിക്കും എന്നാരോ പറഞ്ഞത് ഓർത്തുപോകുന്നു.
റിട്ടയർമെന്റ് ആകുന്നതോടെ ജീവിതം തന്നെ അവസാനിച്ചു എന്ന് കരുതുന്ന പലരെയും എനിക്കറിയാം. വീട്ടിനുള്ളിൽ ചടഞ്ഞു കൂടിയിരുന്ന്, ടിവി കണ്ടും ഭക്ഷണം കഴിച്ചും ബാക്കിയുള്ള സമയം ഉറങ്ങിയും കാലം കഴിച്ച് “സന്തോഷമോ, അതൊക്കെ പണ്ടായിരുന്നില്ലേ?” എന്ന് പരിതപിക്കുന്നവർ. പക്ഷേ എന്റെ അഭിപ്രായത്തിൽ റിട്ടയര്മെന്റിന് ശേഷമായിരിക്കണം ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം തുടങ്ങേണ്ടത്.

അതുവരെയുള്ള കാലം മുഴുവൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാനും വീടുവയ്ക്കാനും മക്കളുടെ വിവാഹം നടത്താനും ബാങ്ക് ലോണടക്കാനുമൊക്കെയുള്ള നിർത്താത്ത ഓട്ടത്തിനിടയിൽ ചെയ്യാൻ കഴിയാതിരുന്നതെല്ലാം ചെയ്യാനുള്ള അവസരമായിരിക്കണം ഒരാളുടെ റിട്ടയർമെന്റ് ലൈഫ്. അതുവരെയും ഒരു ചായയുണ്ടാക്കാൻ പോലും അടുക്കളയിലേക്ക് എത്തിനോക്കാൻ കഴിയാതിരുന്നവർ പാചക പരീക്ഷണങ്ങൾ നടത്തട്ടെ, ഭാര്യയും ഭർത്താവുമൊരുമിച്ച് യാത്രകൾ ചെയ്യട്ടെ, തൊടിയിലൊരു പച്ചക്കറിത്തോട്ടമുണ്ടാക്കട്ടെ, തങ്ങളുടെ ജീവിതാനുഭവങ്ങൾ ഒരു കടലാസിലേക്ക് പകർത്തട്ടെ….

എല്ലാത്തിലുമുപരി തങ്ങൾക്ക് ചുറ്റുമുള്ള ജീവിതയാത്രയിൽ കഷ്ടപ്പെടുന്ന ഒരാൾക്കെങ്കിലും തങ്ങളാലാവുന്ന ഒരു കുഞ്ഞു നന്മയെങ്കിലും ചെയ്യാനുള്ള അവസരമായി ഓരോരുത്തരും തങ്ങളുടെ റിട്ടയർമെന്റ് ലൈഫ് ഉപയോഗിക്കട്ടെ… ഇല്ലെങ്കിൽപ്പിന്നെ ഒരു മനുഷ്യനായി ഈ ഭൂമിയിൽ ജീവിച്ചു എന്ന് പറയുന്നതിന് എന്തർത്ഥമാണുണ്ടാകുക?

ഒരു യാത്രയോടു കൂടിത്തന്നെ എന്റെ റിട്ടയർമെന്റ് ജീവിതം ആരംഭിക്കാം എന്നാണ് ഞാൻ കരുതുന്നത്. ഭൂപടത്തിൽ ഇന്ത്യയുടെ അങ്ങേ മൂലക്ക് കിടക്കുന്ന കാശ്മീരിലേക്കാണ് യാത്ര. സ്ത്രീകൾ മാത്രമടങ്ങുന്ന 50 പേരുടെ ഒരു സംഘത്തിനൊപ്പമാണ് ഞാൻ പോകുന്നത്. ഇവിടുത്ത പൊള്ളുന്ന ചൂടിൽ നിന്ന് കശ്മീരിന്റെ മഞ്ഞു മൂടിയ മലനിരകൾക്കിടയിലേക്ക്. എന്റെ സഹയാത്രികരൊക്കെ ഇപ്പോഴേ വലിയ ആവേശത്തിലാണ്. എന്നെപ്പോലുള്ളവർക്ക് ഇതൊക്കെ അപ്രാപ്യമാണെന്നാണ് ഞാൻ മുൻപ് കരുതിയിരുന്നത്. എന്നാൽ ആഡംബരങ്ങളൊക്കെ ഒഴിവാക്കാൻ തയ്യാറുള്ളൊരു മനസ്സുണ്ടെങ്കിൽ വളരെ ചുരുങ്ങിയ ചിലവിൽ ഇന്ത്യയിലെവിടെയും വളരെ സുഖകരമായി യാത്രചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും നമുക്കിന്നുണ്ട് എന്ന് ഈ യാത്രക്കായുള്ള ഒരുക്കങ്ങളാണ് എന്നെ പഠിപ്പിച്ചത്.

യാത്ര കഴിഞ്ഞ് തിരികെയെത്തിയാലുടൻ ചെയ്യേണ്ടതെന്തൊക്കെയാണെന്നതിനും എന്റെ മനസ്സിൽ വ്യക്തമായൊരു രൂപമുണ്ട്. പതിനേഴാം വയസിൽ ഈ സന്ന്യാസജീവിതം തിരഞ്ഞെടുക്കുമ്പോൾത്തന്നെ എന്റെയീ കുഞ്ഞുജീവിതം എനിക്ക് ചുറ്റുമുള്ളവർക്കായി സമർപ്പിക്കുകയാണെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. അതേ മനസ്സ് തന്നെയാണ് എന്നെയിന്നും നയിക്കുന്നത്. ഒരാൾക്കെങ്കിൽ ഒരാൾക്ക് എന്റെ ജീവിതം കൊണ്ടൊരു ചെറിയ ഉപകാരമെങ്കിലും ചെയ്യാനായാൽ ഞാൻ സന്തുഷ്ടയാണ്. സ്കൂളിലെ ജോലിക്കിടയിൽ എനിക്ക് പലയിടങ്ങളിലും ഓടിയെത്തുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. അൽപമെങ്കിലും ആരോഗ്യം എന്റെയീ ശരീരത്തിൽ അവശേഷിക്കുന്നിടത്തോളം കാലം എന്നെക്കൊണ്ട് എന്തെങ്കിലും എളിയ സഹായം ആവശ്യമുള്ളവരുടെ അടുത്തെല്ലാം ഓടിയെത്തണം എന്നാണ് എന്റെ ആഗ്രഹം. തുടങ്ങിവച്ച ചില സമരങ്ങളും നിയമപോരാട്ടങ്ങളുമുണ്ട്. എന്റെ അവസാനശ്വാസം വരെ അവയെല്ലാം മുന്നോട്ട് കൊണ്ടുപോകണം എന്നുതന്നെയാണ് എന്റെയാഗ്രഹം. അതിനൊക്കെ വേണ്ടിയാണ് എന്റെ ഇനിയുള്ള ജീവിതം.

എന്റെ കന്യാമഠത്തിലെ സഹോദരിമാരിൽ ചിലർ മാസങ്ങൾക്ക് മുൻപ് തന്നെ പെൻഷനാകുമ്പോൾ എനിക്ക് കിട്ടാൻ പോകുന്ന പെൻഷൻ തുകയുടെ കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. അതിനായി സ്കൂളിലെ ഓഫീസ് മുറിയിൽ ഹെഡ്മിസ്ട്രെസ്സിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ, പൂട്ടിയ അലമാരക്കുള്ളിലിരിക്കുന്ന എന്റെ സർവീസ് ബുക്ക് അവരെക്കൊണ്ടാകുന്ന കുരുട്ടുബുദ്ധിയൊക്കെ ഉപയോഗിച്ച് കരസ്ഥമാക്കി എനിക്ക് കിട്ടിയേക്കാവുന്ന പെൻഷൻ തുകയെത്രയെന്ന് ഞാൻ പോലുമറിയുന്നതിന് മുൻപ് അവർ മനസിലാക്കി. എന്നിട്ട് ആ തുക തടഞ്ഞുവയ്ക്കണമെന്നാവശ്യപ്പെട്ട് (കൃത്യം കണക്ക് സഹിതം) കോടതിൽ കേസു കൊടുത്തു അവർ.

ബഹുമാനപ്പെട്ട കോടതി പക്ഷേ അവരുടെയാവശ്യം അംഗീകരിച്ചില്ല എന്നുമാത്രമല്ല, അനാവശ്യ കോടതി വ്യവഹാരങ്ങളിലേക്ക് എന്നെ വലിച്ചിഴച്ചതിലൂടെ എനിക്ക് ചിലവായ വക്കീൽ ഫീസും മറ്റു കോടതി ചിലവുകളും കൂടി എനിക്ക് നൽകാൻ അവരോട് ഉത്തരവിടുകയും ചെയ്‌തു. കമ്മ്യൂട്ട് ചെയ്ത പെൻഷൻ 8 ലക്ഷവും ഗ്രാറ്റിവിറ്റി 5 ലക്ഷവും സഹിതം 13 ലക്ഷത്തി ചില്വാനം രൂപയാണ് എനിക്ക് കിട്ടുക എന്ന് കഴിഞ്ഞ ദിവസം പെൻഷന്റെ പേപ്പർ വർക്കുകൾ ചെയ്യുന്നതിനിടയിൽ അറിഞ്ഞു. അടുത്ത മാസം മുതൽ ശമ്പളമുണ്ടാകില്ല പകരം പെൻഷനായി 9840 രൂപയായിരിക്കും ഓരോ മാസവും ലഭിക്കുക.

1993 മുതൽ 25 വർഷക്കാലം ഞാൻ ജോലിചെയ്‌തു കിട്ടിയ മുഴുവൻ തുകയും ഒരു രൂപ പോലുമില്ലാതെ കോൺഗ്രിഗേഷനിലേക്ക് കൊടുത്തിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി ഞാൻ എനിക്ക് ലഭിക്കുന്ന ശമ്പളം കോൺഗ്രിഗേഷനിലേക്ക് കൊടുത്തിട്ടില്ല. നിത്യവ്രതങ്ങളുടെ അർത്ഥമെന്താണെന്നും യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങൾ എന്തൊക്കെയാണെന്നും എന്റെ സന്ന്യാസ ഭവനത്തിലെ അധികാരികൾ മറന്നപ്പോൾ എനിക്കങ്ങനെ ചെയ്യേണ്ടിവന്നു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. എന്തായാലും ഒരു കാര്യത്തിൽ FCC യിലെ എന്റെ സഹോദരിമാർക്ക് അഭിമാനിക്കാം. ആ പണം കോൺഗ്രിഗേഷന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെയാണോ ചെയ്യേണ്ടിയിരുന്നത് അതെല്ലാം അതിനേക്കാൾ ഭംഗിയായി ഞാൻ നിറവേറ്റിയിട്ടുണ്ട്.

അതിൽ നിന്ന് ഒരൊറ്റ രൂപ പോലും ഏതെങ്കിലും തരത്തിൽ സന്ന്യാസത്തിന് നിരക്കാത്ത ആഡംബര ജീവിതത്തിനുവേണ്ടി ഞാൻ വിനിയോഗിച്ചിട്ടില്ല. മഠത്തിൽ എല്ലാവര്ക്കും വേണ്ടി ഉണ്ടാക്കുന്ന ഭക്ഷണം നിങ്ങൾ അലമാരകളിൽ താഴിട്ട് പൂട്ടിയപ്പോൾ ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണത്തിനായി ഞാൻ ആ പണം ഉപയോഗിച്ചിട്ടുണ്ട്. ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയവരുടെ അടുത്തേക്ക് ഓടിയെത്താൻ ഞാൻ ആ പണം ഉപയോഗിച്ചിട്ടുണ്ട്. ചികിത്സക്കായി പണം ഇല്ലാതെ സങ്കടപ്പെട്ടവരെ സഹായിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം പഠനം തുടരാൻ കഴിയാതിരുന്ന ഒരു പാവം കുട്ടിയെ പഠിപ്പിക്കാൻ ഞാൻ ആ പണം ഉപയോഗിച്ചിട്ടുണ്ട്. എല്ലാത്തിനുമുപരി എനിക്കും എന്നെപ്പോലെയുള്ള പതിനായിരക്കണക്കിന് കന്യാസ്ത്രീകൾക്കും കന്യാമഠങ്ങൾക്കുള്ളിൽ നേരിടേണ്ടി വരുന്ന പച്ചയായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പോരാടുവാൻ ഞാൻ ആ പണം ഉപയോഗിച്ചിട്ടുണ്ട്.

അനുസരണവ്രതത്തെ ദുരുപയോഗം ചെയ്‌തുകൊണ്ട്‌ എന്റെ സുപ്പീരിയർമാർ എനിക്കും എന്നെപ്പോലെയുള്ള ആയിരക്കണക്കിന് കന്യാസ്ത്രീകൾക്കും ന്യായമായും ലഭിക്കേണ്ട അവകാശങ്ങൾ നിരന്തരം നിഷേധിച്ചപ്പോൾ ഗത്യന്തരമില്ലാതെയാണ് ഞാൻ, നിങ്ങളുടെ കണ്ണിൽ ഗുരുതരമായ അനുസരണക്കേടുകളായ കവിതാ പുസ്തകം പ്രസിദ്ധീകരിക്കൽ, ഡ്രൈവിംഗ് പഠിക്കൽ, വാഹനം വാങ്ങൽ തുടങ്ങിയ ‘ലോകോത്തര അപരാധങ്ങൾ’ ചെയ്‌തത്‌. അന്ന് വിപണിയിൽ ലഭ്യമായിരുന്നതിൽവച്ച് ഏറ്റവും വിലകുറഞ്ഞ വാഹനമാണ് ഞാൻ വാങ്ങിയത്, അല്ലാതെ ഇവിടുത്തെ സന്ന്യസ്തരിൽ പലരും ഉപയോഗിക്കുന്നതുപോലെയുള്ള കോടിക്കണക്കിന് വിലവരുന്ന ആഡംബര വാഹനമല്ല.

പുരുഷ പുരോഹിതർ യഥേഷ്ഠം വാഹനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയുമൊക്കെ ചെയ്യുന്ന അതേ നാട്ടിൽ, എന്നെപ്പോലുള്ള പതിനായിരക്കണക്കിന് സ്ത്രീ സന്ന്യസ്തർക്ക്, ആരെയും ആശ്രയിക്കാതെ സുരക്ഷിതമായി സഞ്ചരിക്കാൻ ഒരു വാഹനം ഉപയോഗിക്കാനുള്ള അനുവാദം നിഷേധിക്കപ്പെടുമ്പോൾ ലംഘിക്കപ്പെടുന്നത് യഥാർത്ഥ സന്ന്യസ്തർ മുറുകെപ്പിടിക്കേണ്ട മാനവികമൂല്യങ്ങൾ തന്നെയാണ്. ഞാൻ വാങ്ങിയ ആ കുഞ്ഞു വാഹനം എന്റെ സ്വകാര്യ സ്വത്തായി ഞാനൊരിക്കലും കരുതിയിട്ടില്ല. എന്റെ സന്ന്യാസ ഭവനത്തിലെ എന്റെ സഹോദരിമാർക്ക് എല്ലാവര്ക്കും വേണ്ടിയുള്ളതാണത്.

എനിക്ക് ചുറ്റും വസിക്കുന്ന എത്രയോ പേരുടെ എന്തെല്ലാം അത്യാവശ്യങ്ങൾക്ക് വേണ്ടിയാണ് ആ വാഹനം ഇന്നുവരെ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷേ ഈ വാഹനം FCC നേരിട്ട് വിലകൊടുത്ത് വാങ്ങിയിരുന്നെങ്കിൽ ചെയ്യുമായിരുന്നതിൽ എത്രയോ ഇരട്ടി നൻമ ആ വാഹനം കൊണ്ടുണ്ടായിട്ടുണ്ടെന്നത് നിങ്ങൾക്കും അഭിമാനകരമായിരിക്കും എന്നുതന്നെ ഞാൻ കരുതുന്നു.
ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ എന്റെ സ്വകാര്യസ്വത്തുക്കളായി എനിക്കുള്ളത് 4 സന്ന്യാസവസ്ത്രങ്ങൾ, 5 ചുരിദാർ, വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഒരു പഴയ പെട്ടി, ഒരു എമർജൻസി ലാംപ്, സ്കൂളിൽ പോകുമ്പോൾ ഉപയോഗിച്ചിരുന്ന പിഞ്ചിത്തുടങ്ങിയ ഒരു തോൾ ബാഗ്, ഇതുപോലുള്ള കുറിപ്പുകൾ എഴുതാൻ ഞാൻ ഉപയോഗിക്കുന്ന കാലപ്പഴക്കം മൂലം ഊർദ്ധശ്വാസം വലിക്കുന്ന ഈ പാവം ലാപ്ടോപ്പ് എന്നിവയാണ്.

എന്നെപ്പോലൊരാൾക്ക് ജീവിക്കാൻ ഇത്രയൊക്കെത്തന്നെ കൂടുതലാണ് എന്നാണ് എനിക്ക് തോന്നാറ്. വലിയ ആഗ്രഹങ്ങളൊന്നും ഒരിക്കലും തോന്നിയിട്ടില്ല. പണക്കെട്ടുകളുടെ തിളക്കം ഇതുവരെയും എന്നെ മോഹിപ്പിച്ചിട്ടില്ല. പെൻഷൻ പറ്റി പിരിയുമ്പോൾ ലഭിക്കുന്ന ഓരോ രൂപയും മുകളിൽ ഞാൻ പറഞ്ഞ ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. പണം മാത്രമല്ല, എന്റെ കണ്ണുകൾ എന്റെ മരണശേഷം കാഴ്ചയില്ലാത്ത രണ്ടുപേർക്ക് വെളിച്ചമേകും. മറ്റ് ആന്തരികാവയവങ്ങൾ ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടുമെങ്കിൽ അവയും എടുക്കാം. ബാക്കിയുള്ള എന്റെ ശരീരം വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് കീറി മുറിച്ച് പഠിക്കാനായി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും.

തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹപുഴയുടെ ഒഴുക്കിൽ ഒരു ലോകം മുഴുവനും കീഴടക്കുന്ന ആത്‌മ നിർവൃതിയുണ്ട്!

(Sreejith Damodhar)

By ivayana