രചന : കുട്ടുറവൻ ഇലപ്പച്ച.

എൻ്റെ മകളുടെ മാഷും
എൽ പി സ്കൂളുവിടും വരെ
അവളെ കൊണ്ടുപോയി വരും
സ്കൂട്ടറിൻ്റെ ഡ്രൈവറും ഞാനായിരുന്നു.
അവളുടെ കുഞ്ഞിക്കൈകൾ
അരയിൽ മുറുക്കിപ്പിടിച്ചതുകൊണ്ടാവണം
അതിവേഗതയും അപകടവും പിടിച്ച
പാതകൾ മുഴുവൻ ഞാൻ താണ്ടി.
അവൾ പുറകിലുള്ളപ്പോൾ
ഞാൻ ഒരിക്കലും വീണില്ല
അവളില്ലാത്തപ്പോൾ പല തവണ വീണു.

നീണ്ട ഇടവേളയ്ക്കു ശേഷം
മകളുടെ കൂട്ടുകാരിയുടെ പിറന്നാളിന്
അവളെ കൊണ്ടുപോകാൻ
ഞാനിന്ന് വീണ്ടും സ്കൂട്ടറെടുത്തു

പണ്ട് എൽ പി സ്കൂളിലേക്കു പോയ
അതേ വഴിയിലൂടെ
മുഖമ്മൂടിയും തലമൂടിയുമിട്ട്
മരനിഴലുകളുടെ തലോടലേറ്റ്
വേഗതയൊട്ടുമില്ലാതെ
അച്ഛനും മകളുമായി
ഞങ്ങൾ പോവുന്നു

അവളുമൊത്തുള്ള യാത്രകളുടെ ഓർമ്മയിൽ
ഞാൻ ലബ്രട്ട എന്ന കവിതയെഴുതി
എഴുത്തുകാരൻ ക്രൂരനാണ്
അവൻ എല്ലാ മരണങ്ങളും സങ്കല്പിക്കുന്നു

പകുതി ദൂരം പിന്നിട്ടപ്പോൾ
ഏതോ ഒന്നിൻ്റെ കുറവ്…
എന്താണത്? എന്താണത്?

അവളുടെ കൈകൾ,
അവയിപ്പോൾ
എൻ്റെ അരയിൽ ചുറ്റിപ്പിടിക്കുന്നില്ല
അച്ഛനെ നായകനാക്കാൻ
വേഗം വേഗമെന്ന്
മത്സരിപ്പിക്കുന്നില്ല.
അവളുടെ കൈകൾ
സ്കൂട്ടറിൻ്റെ പുറകിലെ
ജീവനില്ലാത്ത കമ്പിയിൽ
പ്രയാസപ്പെട്ട് പിടിച്ചിരിക്കുന്നു.
അവൾ വലുതായിരിക്കുന്നു.
പെൺകുട്ടി വളരുകയെന്നാൽ
അവളുടെ അച്ഛനിൽ നിന്ന്
അകലുകയെന്നാവുമോ?
ഓരോ പെൺകുട്ടിയും വളരുന്നത്
അവളുടെ അച്ഛനിൽ നിന്ന്
എത്ര അടി അകലേക്കാണ്…?

പിറന്നാൾപ്പൊതിയിലെ വാച്ചിൽ
അടച്ചുവെച്ച കാലഭൂതം
വല്ലതും പറയുമോ?

ചുറ്റിപ്പിടിക്കും മകൾക്കൈത്തണുപ്പ് കിട്ടാതെ
അവളെ പ്രസവിക്കാത്ത
എൻ്റെ അടിവയർ ചുട്ടുപൊള്ളി.

By ivayana