മൂവന്തിമയങ്ങുന്നനേരത്തു
മുകിലനൊരുകവിതരചിച്ചു

ഞാവൽപ്പഴത്തിനഴകുള്ള
പെണ്ണിൻ്റെമുന്തിരിച്ചേലുള്ളമിഴികളിൽ
ചുവന്ന പരവതാനി വിരിച്ചതുപോൽ
രക്തമൊഴുകിപ്പടർന്നിരുന്നു

ഓറഞ്ചുതോടുകൾ
തെരുപ്പിടിച്ചിരുന്നു ഉറ്റുനോക്കി
ചാമ്പയ്ക്കാച്ചുണ്ടുകൾ
വിറകൊണ്ടിരുന്നു

ഓറഞ്ച് പൊളിച്ചപോലെ
അർദ്ധനഗ്നയാണവൾ

പച്ചമാങ്ങപോലവളുടെ
മനസ്സുകല്ലാക്കി
പൈനാപ്പിളുപോലെ
മുള്ളുകളാഴ്ത്തിമയങ്ങിയവൻ്റെ

കുലച്ചുനിന്നകദളിവാഴയിൽ
നിന്നൊരുകായറുത്തെടുക്കവെ
മാതളത്തിൻ്റെ നീരിറ്റുവീണപോൽ
ചുവന്ന പരവതാനിപിന്നെയും വിരിച്ചു

മുകിലനെഴുതിയവരികൾ
പകുത്തെഴുതി വായനക്കിട്ടു

പറങ്കിമാങ്ങപ്പഴമെടുത്തവൾ
കശുവണ്ടി നുള്ളിയെറിഞ്ഞൊന്നുറക്കെക്കരഞ്ഞു

ദിനങ്ങളോരോന്നുംകൊഴിയവെ
അവളുടെ ചില്ലയിൽ
കടുകുമണിയോളം വലിപ്പമുള്ളൊരാപ്പിൾ
വിളവെടുക്കാൻ പാകമായിക്കൊണ്ടിരുന്നു

പപ്പായപകുത്തപോലവളിൽ
നിന്നുംമൂപ്പെത്തിയവിത്തുകൾ
പുറത്തെക്കുതോണ്ടിയിട്ടു മുളപ്പിച്ചു
തൈവളർന്നുവേരുതേടിയലഞ്ഞു

കദളിവാഴകുലയൊടിഞ്ഞു
ചീഞ്ഞളിഞ്ഞുമണ്ണുതിന്നിരുന്നു

പറങ്കിമാവുണങ്ങിയെരിഞ്ഞിടത്തെല്ലാം
പപ്പായ വേരുകളാഴ്ത്തിനിൽക്കെ

മുകിലൻ വരികൾക്കിടയിലവളുടെ
പേരെഴുതിച്ചേർത്തു
എൻ്റെമാത്രം പഴപ്പെട്ടവൾ

🍋 വിഷ്ണു പകൽക്കുറി🍓

By ivayana