രചന : താഹാ ജമാൽ
വിളക്കെണ്ണയിൽ
വീണ തിരി
കത്താതിരിക്കാൻ ശ്രമിച്ചു
എന്നിട്ടും
പുലരിയിൽ വെയിൽ കത്തിച്ചത്
കണ്ടു പഠിക്കുന്ന
ജീവിതത്തുടിപ്പുകൾ
ഉദര തമ്പുരുവിലൊരു
നിറവയർ അമ്മത്തലോടലേറ്റ
കുട്ടിയെ
ഉറങ്ങാൻ കിടത്തുന്നു.
വിയർപ്പിൻ്റെ ഉപ്പ് മണമേറ്റ കാലം
ജനിതകമാറ്റമെന്ന മോക്ഷം കാത്ത്
അഹല്യയെപ്പോലെ നിന്നു.
സംവത്സരങ്ങൾക്ക് ശേഷം
മഴയുടെ സ്പർശനമേൽക്കുമെന്ന വിശ്വാസം
പാതാള ഉറവകളെ രക്ഷിക്കുമെന്ന്
കിണറുകളിൽ നിന്നും
അശരീരിയായി മുഴങ്ങുന്നു.
അലർച്ചയുടെ ഓരോ പ്രകമ്പനത്തിലും
ഒരു പർവ്വതം നിലംപൊത്തുന്നു
ഇപ്പോൾ തരിശായ ഭൂമി
തുരിശടിച്ച നിലം പോലെ
മരിക്കുന്നു.
ഭ്രൂണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ
പട്ടികയിൽ നാം പേര് ചേർക്കുന്നു
വിഷം തിന്ന് ശേഷക്രിയക്കുള്ള
സാധനങ്ങൾ വാങ്ങുന്ന ഇടവേളകളിൽ
നാം മരിച്ചു വീഴുന്നു.
അവൻ്റെ വരവും കാത്ത്
അവളുടെ യൗവ്വനം മാത്രം
നരച്ചു തുടങ്ങുന്നു.