രചന : ജോമി ജോസ്

പ്രവാസി നിൻ ഗതി …. വൈറൽ

അസ്ഥി തുളക്കുന്ന തണുപ്പില്‍ അയര്‍ലന്‍ഡിലെ നഴ്സിംഗ് ഹോമില്‍ തളര്‍ന്നു കിടക്കുന്ന മദ്ധ്യവയസിലെത്തിയ മലയാളിയായ ജെയിംസിന്റെ സന്തോഷംകെട്ട കണ്ണുകള്‍ നിറഞ്ഞൊഴുകി . കൊറോണ കാലത്തെ ആരും തിരഞ്ഞു വരാനില്ലാത്ത തന്റെ നിറം കെട്ട ജീവിതത്തിലെ ആലസ്യത്തിനിടയില്‍ വീല്‍ച്ചെയറിനുള്ളിലൊതുങ്ങിയ , ചലനശേഷി നഷ്ടപെട്ട തന്റെ ശരീരവുമായി അയാള്‍ പഴയ കാല ജീവിതത്തിന്റെ ഓര്‍മ്മകളിലേക്ക് തിരികെ നടക്കാന്‍ ശ്രമിച്ചു.


ഉണക്ക കപ്പയും കാന്താരിയും ഉണക്കമീന്‍ ചുട്ടതും മാത്രം തിന്നിരുന്ന ബാല്യകാല ദിനങ്ങള്‍…. കറണ്ടില്ലായിരുന്നെങ്കിലും സന്തോഷത്തിന്റെ വെളിച്ചം നിറഞ്ഞു നിന്നിരുന്ന മലഞ്ചെരുവിലെ കൊച്ചു വീട് …അപ്പച്ചനെ,പശുവിനെ കറക്കാന്‍ സഹായിച്ച് അതിരാവിലെ പൗലോസ് ചേട്ടന്റെ ചായക്കടയില്‍ കൊണ്ടുപോയി പാല്‍ വിറ്റിട്ടു വന്നിരുന്ന ദിനങ്ങളില്‍ ഹൈറേഞ്ചിലെ മലനിരകള്‍ക്കിടയിലൂടെ വീശിയടിച്ചു വരുന്ന കോടമഞ്ഞിന്റെ വശ്യത …. ചാണകം മെഴുകിയ തറയിലെ കീറപ്പായയില്‍ ചക്കുകുരു പോലെ നിരന്നു കിടന്നിരുന്ന ഇളയ സഹോദരങ്ങളെ കെട്ടിപ്പിടിച്ചു കിടന്നിരുന്ന ഇന്നലെകള്‍ …….

ITC പഠനത്തിനു ശേഷമുള്ള കാലയളവിലാണ് ഗള്‍ഫില്‍ നഴ്സായ റാണിയുമായുള്ള ജെയിംസിന്റ വിവാഹം കഴിയുന്നത് . മരുഭൂമിയിലെ രണ്ട് വര്‍ഷത്തെ വരണ്ട ജീവിതത്തിനു ശേഷം അയര്‍ലണ്ടിലേക്ക് ….. രാവിലെ കുത്തി എഴുന്നേല്‍പ്പിച്ച് ഡേ കെയറിലാക്കുമ്പോഴുള്ള കുട്ടികളുടെ കരച്ചിലില്‍ റാണിയുടെ കരള്‍ പിളര്‍ന്നപ്പോള്‍ അതിരുകളില്ലാത്ത സ്വപ്നങ്ങളിലേക്കുള്ള യാത്രയിലായിരുന്നു ജെയിംസ്.നഴ്സിംഗ് ഹോമില്‍ ജീവിതം അത്ര സുഗന്ധപൂരിതമൊന്നും അല്ലായിരുന്നെങ്കിലും കിട്ടുന്നത് യൂറോയായതുകൊണ്ട് രണ്ടു വര്‍ഷം കൂടുമ്പോള്‍ രണ്ടാഴ്ച്ച താമസിക്കാനായി നാട്ടില്‍ കൊട്ടാരം പോലുള്ള വീട് പണിതു അയാള്‍ .

അതിന്റെ ലോണടക്കാന്‍ ഇവിടെ രണ്ട് മുറി വീട്ടില്‍ ഉറക്കമില്ലാതെ ഓവര്‍ടൈം ചെയ്ത് ജെയിംസ് ജീവിച്ചപ്പോള്‍ നാട്ടിലെ വീട് നോക്കാനേല്‍പ്പിച്ച റബര്‍ വെട്ടുകാരന്‍ മനസുഖത്തോടെ എയര്‍ കണ്ടീഷന്‍ മുറിയിലെ ശീതളിമയില്‍ പതുപതുത്ത ബെഡില്‍ ഭാര്യയുമൊത്ത്ഭോഗിച്ചും സുഖമായി ഉറങ്ങി . ജീവിത നദി അതിവേഗം ഒഴുകികൊണ്ടിരുന്നു . കുട്ടികളുടെ കോളേജ് , ഇവിടെ മേടിച്ച വീടിന്റ മോര്‍ട്ട്ഗേജ് , എന്തിനോ വേണ്ടി നാട്ടില്‍ മേടിച്ചു കൂട്ടിയ സ്ഥലത്തിന്റെ ലോണ്‍ , വണ്ടിയുടെ അടവ് .. വണ്ടിയെക്കുറിച്ചു പറയുമ്പോൾ . രണ്ടു വർഷത്തിലൊരിക്കൽ കഷ്ടി രണ്ടാഴ്ച്ച കൊണ്ട് നടക്കാൻ .മുന്തിയ ഒരെണ്ണം അവിടെ ടാക്സും ഇവിടെ ടാക്സും പിന്നെ ചുറ്റിക്കറങ്ങാനും കള്ളുമടിക്കാനും റിപ്പയറിങ്എന്നപേരിൽ വേറെയും വക അങ്ങനെ …. ജെയിംസ് പണിയെടുത്തു കൊണ്ടിരുന്നു .

സ്ഥിരമായുള്ള മുട്ടുവേദന , നടുവിന്റെ പ്രശ്നങ്ങള്‍ ജോലി നിര്‍ത്തി യാത്രകളൊക്കെ ചെയ്ത് ഇനിയുള്ള കാലം മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കണം ഇതായിരുന്നു റാണിയുടെ ആഗ്രഹം . 65 വയസാകുമ്പം പെന്‍ഷന്‍ കിട്ടും അതു കഴിഞ്ഞ് നാട്ടില്‍ പോയി താമസിക്കണം അതായിരുന്നു ജെയിംസിന്റ സ്വപ്നം . പിശുക്കി പിശുക്കി ഒരു പാട് കാശുണ്ടാക്കിയെങ്കിലും ആള്‍ഡിയിലെ സെയിലില്‍ മേടിക്കുന്ന സാധനങ്ങള്‍ , പെനീസിലെ ഡ്രസ് ഇതിലൊതുങ്ങി അയാളുടെ ആര്‍ഭാടം . യാത്ര പോവുക , നല്ലൊരു ഡ്രസ് മേടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ചെറുപ്പത്തിലെ കഷ്ടപ്പാട് , പണത്തിന്റെ വില എന്നൊക്കെ പറഞ്ഞ് അയാള്‍ തള്ളികളയും . യാത്ര പോവുന്നത് ഇഷ്ടമായിരുന്ന, ലണ്ടന്‍ ബ്രിഡ്ജ് കാണണമെന്ന് ആഗ്രഹിച്ച റാണിക്ക് നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലെ കാലടി പാലം കണ്ട് തൃപ്തി പെടേണ്ടി വന്നു എന്ന് പറഞ്ഞാല്‍ അതൊരു  അതിശയോക്തിയാവില്ല…

ഇതിനിടയില്‍ ജോലി കിട്ടി ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു മകന്‍ റോണി . ഒരു മലയാളി പെണ്‍കുട്ടിയുമായുള്ള വിവാഹം എന്ന സ്വപ്നം പങ്കുവച്ചപ്പോഴാണ് താന്‍ ഒരു ജര്‍മ്മന്‍കാരിയുമായി ലിവിംഗ് റ്റുഗതറാണെന്ന കാര്യം റോണി അമ്മയോട് പറയുന്നത് . കിട്ടുന്ന പൈസ അടിച്ചു പൊളിച്ചു തീര്‍ക്കുന്ന റോണിയില്‍ നിന്ന് വ്യത്യസ്ഥയായിരുന്നു ചെറുപ്പം മുതലേ മറ്റുള്ളവരെ സഹായിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന മകള്‍ സേറ.

പഠന ശേഷം ഇന്‍ഡ്യയിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അവളുടെ സ്വപ്നം .എങ്ങനെ വന്നാലും നിങ്ങള്‍ തിന്നാതെയും കുടിക്കാതെയും ഉണ്ടാക്കിയ പൈസ പോക്കാ’ എന്ന് റാണി അയാളോട് തമാശ പറയുമായിരുന്നു .
ഇടക്കിടക്കിടെ ഉണ്ടാകുന്ന തലവേദന പക്ഷാഘാതത്തിലേക്കുള്ള യാത്രയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വൈകിയിരുന്നു . ജീവിതയാത്രയില്‍ അവരുടേതായ സ്വപ്നങ്ങള്‍ തേടി പറന്നു പോയ മക്കള്‍ , ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്ന റാണി , അങ്ങനെ ആ ദിവസം വന്നെത്തി . , ഒരു പാട് റസിഡന്‍സിനെ സ്വീകരിച്ച ഞാനുമിതാ നഴ്സിംഗ് ഹോമിലേക്ക് … .. ബെഡിലും വീല്‍ച്ചെയറിലുമായി ഇനിയെത്ര നാള്‍ …. മനസിനുള്ളില്‍ അശാന്തിയുടെ വിത്തുമുളച്ചു വരുന്നതു പോലെ ജെയിംസിനു തോന്നി .

നഴ്സിംഗ് ഹോമിലെ പൊട്ടേറ്റോ പുഴുങ്ങിയതും , ഉണക്ക സാന്റ് വിച്ചും തിന്നു മടുത്ത അയാള്‍ക്ക് റാണി ഇടക്കിടക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊണ്ടു കൊടുക്കും . കഴിഞ്ഞ ദിവസം രാത്രി ബാത്ത് റൂമില്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ തല കറങ്ങി വീണ് 3 , 4 മണിക്കര്‍ റാണി തനിയെ കിടന്നെന്ന് പറഞ്ഞപ്പോള്‍ തിരിഞ്ഞ് കിടക്കാന്‍ പരസഹായം വേണ്ട ജയിംസിന്റെ മനസ് അസ്വസ്ഥമായി .

ചാണകം മെഴുകിയ ചെറിയ വീട്ടില്‍ എല്ലാവര്‍ക്കും കിടക്കാന്‍ സ്ഥലമില്ലാതിരുന്നതുകൊണ്ട് , മുറ്റത്തെ ചാക്ക് കട്ടിലില്‍ മനസന്തോഷത്തോടെ കിടന്നിരുന്ന ചാച്ചനെ അയാളോര്‍ത്തു . ആരും നോക്കാനില്ലാതെ കിടക്കുന്ന, സിംമ്മിംഗ് പൂളൊക്കെയുള്ള നാട്ടിലെ വലിയ വീട് , വലത് വശത്ത് പൂജ്യങ്ങളേറെയുള്ള ബാങ്ക് അക്കൗണ്ട് , ഇവിടെ സമ്പാദിച്ച രണ്ട് വീടുകള്‍ , ഇതിനോടൊന്നും താത്പര്യമില്ലാതെ ജീവിക്കുന്ന മക്കള്‍ . കുട്ടികളുടെ കളി ചിരികളില്‍ പങ്കുചേരാതെ , പങ്കാളിയുടെ ആഗ്രഹങ്ങളെ മാനിക്കാതെ , ആരോഗ്യം നോക്കാതെ , ജീവിത മാത്സര്യത്തില്‍ വെട്ടിപ്പിടിക്കാനായി നഷ്ടപ്പെടുത്തിയ ദിനരാത്രങ്ങളെക്കുറിച്ച് ആദ്യമായി ജെയിംസ് കുറ്റബോധത്തോടെ ഓര്‍ത്തു …

മുറിക്കുള്ളിലെ വീല്‍ച്ചെയറിലിരുന്നുകൊണ്ട് റാണി വീട്ടിലേക്ക് നടന്നു പോകുന്നത് ജെയിംസ് നോക്കിയിരുന്നു . മാനത്ത് മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളുടെ മനോഹാരിത കണ്ടപ്പോള്‍ ജീവിതത്തിന്റെ വസന്ത കാലത്ത് ഒരുമിച്ച്പാടാന്‍ കഴിയാതെ പോയ സ്നേഹഗാനത്തിന്റെ ഈരടികള്‍ റാണിക്ക് നൈവേദ്യമായര്‍പ്പിക്കാന്‍ അയാളുടെ മനസ് കൊതിച്ചു . നഷ്ടസ്വപ്നങ്ങള്‍ കൊണ്ട് കൊരുത്ത മാല കഴുത്തിലണിഞ്ഞ് അശാന്തമായ മനസോടെ ജെയിംസ് കിടക്കയിലേക്ക് നീങ്ങി…

ചുവന്നകണ്ണുകളോടെ പ്രവാസി നിന്റെ ഗതി … ജോമി ജോസ്.

By ivayana