യു.എസ്. നാരായണൻ
കന്യാകുമാരി മുതൽ ഗോകർണം വരെ നീണ്ടു പരന്നു കിടക്കുന്ന ഭൂപ്രദേശത്തിന് പരശുരാമ ക്ഷേത്രമെന്നും ‘ കേരള’മെന്നും പേരുകളുണ്ടായിരുന്നു.പരശുരാമൻ വീണ്ടെടുത്തുവെന്ന് പറയപ്പെടുന്ന സപ്ത കൊങ്കണങ്ങളിൽ’ കർണാടകം’ ‘തൗളവം’ ‘കേരളം’ ഈ മൂന്നിനും കൂടി പൊതുവായി കേരളമെന്നായിരുന്നു സംജ്ഞ -വിസ്തൃതമായ ഈ ഭൂഭാഗത്തെ പരശുരാമനാൽ 64 ഗ്രാമങ്ങളായി വിഭജിയ്ക്കപ്പെട്ടു എന്ന മിത്തിനെ മുഖവിലയ്ക്കെടുത്താലും ഇല്ലെങ്കിലും അത്തരം വിഭജനം നിലനിൽക്കുന്നുണ്ട്.പിന്നീട് ബ്രാഹ്മണരാൽ മറ്റൊരു വിഭജനം കൂടി നടന്നു.ഉത്തര കേരളവും ദക്ഷിണ കേരളവും.
ചന്ദ്രഗിരിപ്പുഴയ്ക്കപ്പുറത്തുള്ള കാവു പട്ടേരിയുടെ ഇല്ലത്തിന്റെ വടുക്കിനി മുതൽ വടക്ക് ഗോകർണം വരെ ഉത്തര കേരളം .തെക്ക് കന്യാകുമാരി വരെ ദക്ഷിണ കേരളം .32 ഗ്രാമങ്ങൾ ഉത്തരകേരളമായ തുളുനാട്ടിലും 32 ഗ്രാമങ്ങൾ ദക്ഷിണ കേരളമായ മലനാട്ടിലും മലനാട്ടിലെ 32 ഗ്രാമങ്ങളിൽ പ്രധാനമെന്ന് ഗണിയ്ക്കപ്പെടുന്ന മൂന്നു ഗ്രാമങ്ങളാണ് പെരുവനം, ശുകപുരം, പന്നിയൂർ എന്നിവ .
“ഗ്രാമത്രയം മഹിത മാണിഹ’പന്നിയൂർ’മു-
മ്പാമട്ടെഴും ‘പെരുവനം’ ശുകപൂരു പിന്നെ “
എന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ‘കേരളം’ എന്ന കൃതിയിൽ പറയുന്നു.
വളരെ വിസ്തൃതമായ പെരുവനം ഗ്രാമത്തിന്റെ ഗ്രാമ ക്ഷേത്രമെന്നോണം പെരുവനം ക്ഷേത്രവും തിരുവുള്ളക്കാവ് ശാസ്താ ക്ഷേത്രവും വടക്കുപടിഞ്ഞാറ് അകമല ശാസ്താ ക്ഷേത്രം, വടക്കുകിഴക്ക് കുതിരാൻ മല ശാസ്താ ക്ഷേത്രം തെക്കു കിഴക്ക് കൊടുങ്ങല്ലൂരിനടുത്ത ഊഴത്ത് ശാസ്താ ക്ഷേത്രം, തെക്കുപടിഞ്ഞാറ് ഇരിങ്ങാലക്കുടയ്ക്കടുത്ത എടത്തിരുത്തി ശാസ്താ ക്ഷേത്രം ഇങ്ങനെയാണ് പെരുമനം ഗ്രാമത്തിന്റെ കിടപ്പ്. പേര് സൂചിപ്പിയ്ക്കുന്ന പോലെ പെരു വനമായിരുന്നു ഇപ്രദേശങ്ങളധികവും എന്നൂഹിയ്ക്കുന്നതിൽ തെറ്റില്ല. മേൽ സൂചിപ്പിച്ച ശാസ്താ ക്ഷേത്രങ്ങൾക്കു പുറമേ ഒട്ടേറെ ശാസ്താ ക്ഷേത്രങ്ങൾ വേറെയുമുണ്ടിവിടെ. ഇതിനു പുറമേ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഭഗവതീ ക്ഷേത്രങ്ങളും,ആദി ദൈവ സങ്കൽപത്തിന്റെ അടയാളങ്ങളായി അവശേഷിക്കുന്നു. പ്രാക്തന ഗോത്ര വന ദൈവ സംസ്കൃതിയുടെ മൂലം ശാസ്താവിലും ഭഗവതിയിലുമാണെന്ന് കണ്ടെടുക്കാവുന്നതാണ് .ചാത്തൻ കാളി സങ്കൽപങ്ങളുടെ സംസ്കൃതമൂർത്തീഭാവങ്ങളാവണം ശാസ്താവും ഭഗവതിയും. അതുകൊണ്ടുതന്നെ കേരളത്തിലെ ആരാധനാമൂർത്തികളിലെ ആദിമ സ്ഥാനം ഇവർക്കാവാനാണ് സാദ്ധ്യത.
പെരുവനം ഗ്രാമത്തിലെ ആദിമ ക്ഷേത്രങ്ങൾ ശാസ്താ ക്ഷേത്രങ്ങളും ഭഗവതി ക്ഷേത്രങ്ങളുമായിരുന്നിരിയ്ക്കണം.
നൂറ്റാണ്ടുകൾ പഴക്കമുള്ള പെരുവനം ഗ്രാമ ചരിത്രത്തിൽ ഗ്രാമോത്സവമെന്ന പേരിൽ കൊണ്ടാടപ്പെട്ടു പോരുന്ന പൂരാഘോഷങ്ങൾക്ക് അനിഷേധ്യമായ സ്ഥാനമുണ്ട്. വരേണ്യമായ സവർണ ചരിത്ര നിർമ്മിതിയ്ക്കു പുറത്ത് അടിസ്ഥാന വർഗ്ഗങ്ങളുടെ ജീവിതഗതികളെപ്പോലും ഈ ഉത്സവം സ്വാധീനിച്ചു പോന്നിട്ടുണ്ട്.
ക്ഷേത്രമതിലിനു പുറത്തേയ്ക്ക് ജനസമ്പർക്കത്തിന് ഇറങ്ങുന്ന ദേവതകൾ ഗ്രാമത്തിലുണ്ടാക്കുന്ന ഊർജ പ്രസരമാണ് ആഘോഷത്തിമർപ്പായി മാറുന്നത്
ഭക്തിയുടെയും ആഘോഷത്തിന്റെയും ഇഴചേരലുകളാണവ.ആനന്ദത്തിന്റെ പരമകാഷ്ഠയിൽ എല്ലാം ഒന്നാവുന്നു.
കാഴ്ചയുടെ പാരമ്യം, കേൾവിയുടെ പാരമ്യം പൂർണതയുടെ ഈ പ്രകാശനമാണ് പൂരമാകുന്നത്. പൂരിതമാകുന്ന അവസ്ഥ!
പണ്ട് 28 ദിവസം നീണ്ടു നിന്നിരുന്ന ഉത്സവം നടന്നിരുന്നെന്നും 108 ഓളം ദേവീദേവന്മാർ പങ്കെടുത്തിരുന്നെന്നും പഴമക്കാർ പറയുന്നു. താന്ത്രിക വിധി പ്രകാരം അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നു തരത്തിലാണ് ഉത്സവങ്ങൾ നടക്കുന്നത്. പണ്ട് പെരുവനം ഗ്രാമോത്സവം 9 ദിവസം അങ്കുരാദി, 9 ദിവസം ധ്വജാദി, 9 ദിവസം പടഹാദി അങ്ങനെ 27 ദിവസവും 28 ആം ദിവസം ആറാട്ടുമായിരുന്നുവത്രേ. പോയ കാല ഉത്സവത്തിന്റെ സത്യാവസ്ഥ അറിയാൻ തൽക്കാലം കേട്ടറിവുകളല്ലാതെ ചരിത്ര രേഖകളൊന്നുമില്ല.
ഇന്നത്തെ നിലയിൽ പൂരം തുടങ്ങിയത് ഏതാണ്ട് 1400 ലധികം വർഷങ്ങൾക്കു മുമ്പാണെന്ന്
“ആയാതു ശിവലോകം ന:
കലാവിതി വിലോകനാൽ
ചിന്തയാ സദ്ഭിരാരംഭി
ദേവ പൂര മഹോത്സവ: “
എന്ന ശ്ലോകത്തിലെ ആദ്യ പാദത്തെ കടപയാദി കലിസംഖ്യാ നിയമപ്രകാരം വ്യാഖ്യാനിച്ചതിൽ നിന്ന് വിശദീകരിയ്ക്കപ്പെടുന്നു:
പഴയ ഉത്സവത്തിന് പങ്കെടുത്തിരുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്ന ദേവീദേവന്മാരാരൊക്കെ എന്ന് ചരിത്ര രേഖകളുടെ അഭാവത്താൽ കണ്ടെടുക്കുക എളുപ്പമല്ല. ഇപ്പോൾ പങ്കെടുക്കുന്ന 23 ദേവീ ദേവൻമാർക്കു പുറമേ ഇന്ന് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ചില ദേവീദേവന്മാർ ,കുട്ടനെല്ലൂർ, മാണിക്യ മംഗലം, എടാട്ട്, ചെങ്ങൽ, ആവണങ്കോട് തുടങ്ങിയ പൂര പങ്കാളികൾ തുടങ്ങി ഒട്ടേറെ പേർ ആറാട്ടുപുഴ പൂരത്തിലുണ്ടായിരുന്നെന്ന് മുൻ തലമുറയിലുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. ഭഗവതിമാരും ശാസ്താക്കന്മാരും മാത്രമാണ് ഈ പൂരത്തിലെ പങ്കാളികൾ എന്നത് വൈഷ്ണവ ആഗമനത്തിനു മുമ്പേ ഈ പൂരമുണ്ടായിരുന്നിരിയ്ക്കാം എന്ന ചിന്തയിലേയ്ക്ക് വെളിച്ചം വീശുന്നു.അങ്ങനെ വരുമ്പോൾ തൃപ്രയാർ ക്ഷേത്രത്തിൽ നിന്ന് പൂരത്തിൽ പങ്കെടുത്തിരുന്നത് ശ്രീരാമനല്ല ഭഗവതിയാവാമെന്ന അഭിപ്രായവും ചിലർക്കുണ്ട്. ഇന്നും തേവർ ഭഗവതീസമേതനായാണല്ലോ വരുന്നത്.
ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും ധാരാളിത്തം പൂരത്തെ ചരിത്രത്തിൽ നിന്ന് വഴിമാറി നടത്തിച്ചു എന്നു വേണമെങ്കിൽ പ്പറയാം. മിത്തുകൾക്കപ്പുറം ഗ്രാമീണ സംസ്കൃതിയുടെ ജൈവപരമായ സ്വാധീനം ക്ഷേത്രങ്ങൾക്കും പൂരങ്ങൾക്കുമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട കൃഷിയിടങ്ങളും തണ്ണീർത്തടങ്ങളുമൊക്കെ ആദ്ധ്യാത്മികതയ്ക്കപ്പുറം സമ്പത്തിന്റെയും അധികാരത്തിന്റെയും സങ്കേതങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റിയിരുന്നു. ചാലുകുത്തൽപോലുള്ള പൂരച്ചടങ്ങുകൾ ഈ കാർഷിക ജൈവപരതയുടെ അടയാളങ്ങളാണ്.
വെറും ഭക്തിയുടെ ആഘോഷത്തിനുമപ്പുറം പെരുവനം ഗ്രാമത്തിന്റെ ജനജീവിതത്തെ ഇത്രമേൽ സ്വാധീനിയ്ക്കുകയും കാലത്തെ അതിജീവിക്കുകയും ചെയ്ത മറ്റൊന്നും ചൂണ്ടിക്കാട്ടാനാവില്ല. കലയും ഭക്തിയും സമന്വയിയ്ക്കുന്ന ഈ നാട്ടരങ്ങിലാണ് ലോകത്തിലെത്തന്നെ ഏറ്റവും വലിയ സിംഫണിയായ മേളം രൂപം കൊള്ളുന്നത്.
വന്യതയെ മെരുക്കുന്ന ആനപ്പാവിന്റെ കളരിയായത് ഇവിടെയാണ്.ലോകത്തിലെത്തന്നെ ഏറ്റവും വലിയ ദേവമേളയെന്ന ഖ്യാതിയും മറ്റൊന്നിനല്ല.പൊന്നിന്റെ തിളക്കവും വർണപ്പൊലിമയും കലാപരമായി മേളിച്ച പൂരത്തിന്റെ ചമയഭംഗി വർണനാതീതമാണ് .ചൂരൽപ്പൊളിയിലും നാഗപടത്തിലും വിരിയുന്ന സുന്ദരമായ കലാശിൽപങ്ങൾ തലമുറകളിലൂടെ കൈമാറിവന്ന വ്രതചര്യ കൂടിയാണ്!രാവിനെ പകലാക്കുന്ന ദീവെട്ടികളിൽ, തുടച്ചു മിനുക്കിയ പൂരക്കോപ്പുകളിൽ, ദീപാലങ്കാരങ്ങളിൽ ,പന്തൽ വിതാനങ്ങളിൽ പൂരിതമാകുന്നത് എത്ര മനുഷ്യ പ്രയത്നങ്ങളാണ്! നിരന്നു നിൽക്കുന്ന കരിവീരന്മാരുടെ കാതിനു പിറകിൽസദാ ജാഗരൂകമെങ്കിലും ഉറക്കച്ചടവുപൂണ്ട എത്ര മനുഷ്യജന്മങ്ങൾ! അവരെ കാണാതെ പൂരക്കാഴ്ചകൾ പൂർണമാകുന്നില്ല.
കലയുടെ വ്യത്യസ്തങ്ങളായ പ്രദർശനവേദികളായിരുന്നു ഓരോ പൂരവും.പെരുവനം പൂരത്തിന്റെ ചരിത്രം പഞ്ചാരിമേളത്തിന്റെ ചരിത്രംകൂടിയാണ്.മഴമംഗലം നമ്പൂതിരിയും പണ്ടാരത്തിൽ രാമൻമാരാരും ചേർന്നാണ് പഞ്ചാരിമേളം ഇന്നത്തെ രീതിയിൽ ചിട്ടപ്പെടുത്തിയത് എന്ന് ചക്കംകുളം അപ്പുമാരാർ ഒരു ലേഖനത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.പെരുവനം നടവഴിയിൽ ഊരകത്തമ്മതിരുവടിയുടെ പൂരത്തിനാണ് പഞ്ചാരിമേളം ആദ്യമായി അരങ്ങേറിയതത്രേ!
ഇന്നും പെരുവനം നടവഴി പഞ്ചാരിയുടെ പരമോന്നതവേദിയായിത്തന്നെ അറിയപ്പെടുന്നു.ഇരുവശവും ഉയർന്ന എടുപ്പുകളും ഏഴാനകൾക്ക് വയറുരുമ്മിയാണെങ്കിലും കൃത്യമായി നിൽക്കാൻ പാകത്തിലുള്ള നടവഴിയും കിഴക്കുംപടിഞ്ഞാറുമുള്ള തുറന്ന അവസ്ഥയും ഇവിടത്തെ പഞ്ചാരിമേളത്തിന് നൽകുന്ന ചാരുത ചെറുതല്ല.പെരുവനം ആറാട്ടുപുഴ പൂരങ്ങളിൽ പഞ്ചവാദ്യത്തിന് അരങ്ങുകുറവാണെങ്കിലും പെരുവനം പൂരത്തിനായി വരുന്ന ചേർപ്പ് ഭഗവതിയുടെ പഞ്ചവാദ്യം മികച്ചതാണ്.പാണ്ടിമേളങ്ങളിൽ പെരുവനത്ത് ആറാട്ടുപുഴ ശാസ്താവിന്റെ പൂരം ശ്രദ്ധേയമാണ്.പെരുവനം പൂരത്തിനു നടക്കുന്ന എല്ലാ വാദ്യമേളങ്ങളും എണ്ണത്തിലും വണ്ണത്തിലും വ്യത്യാസമുണ്ടാകാമെങ്കിലും മികച്ചവ തന്നെയാണ്.ഊരകത്ത് മകീരം പുറപ്പാട്,ആറാട്ടുപുഴ പൂരം,തറയ്ക്കൽ പൂരം,എടക്കുന്നി ഉത്രം വിളക്ക്,തൈക്കാട്ടുശ്ശേരി പൂരം,തൊട്ടിപ്പാൾ
പൂരം തുടങ്ങി മേളത്തികവിന്റെ ഒട്ടേറെ അരങ്ങുകൾ !
അതിശയിപ്പിയ്ക്കുന്ന ആസൂത്രണമികവാണ് പൂരത്തിന്റെ മറ്റൊരു സവിശേഷത.ഗ്രാമദേവതകൾ ശ്രീകോവിലും മതില്ക്കകവും വിട്ട് ജനപദങ്ങളിലേയ്ക്കിറങ്ങുക,ഭക്തരോടൊപ്പം നാടുചുറ്റുക,ജലാശയങ്ങളിലാറാടുക ഇതൊക്കെ നൂറ്റാണ്ടു കളായി മുടക്കം കൂടാതെ നടന്നുപോരുന്നതു തന്നെ മഹാദ്ഭുതം.പെരുവനം പൂരത്തിന്റെ കലാസാന്ദ്രതയുംആറാട്ടുപുഴ പൂരത്തിന്റെ പ്രൗഢവിശാലതയും മാത്രമല്ല ലളിതമായ നിരവധി ദേവീദേവസാന്നിദ്ധ്യങ്ങൾകൂടിചേരുമ്പോഴാണ് ഈ ഗ്രാമോത്സവത്തിന്റെ ചാരുത പൂർണമാവുന്നത്.മനുഷ്യനും മൃഗങ്ങളും പ്രകൃതിയും ഈശ്വരനും ഒന്നായിച്ചേരുന്ന അദ്വൈതാവസ്ഥയാണ് പൂരം.
അതെ! ദൈവത്തിന്റെ സ്വന്തം നാട്ടിലെ പൂരം ദൈവത്തിന്റെ മാത്രമല്ല. ഇവിടത്തെ ഓരോ മനുഷ്യന്റെ മാത്രമല്ല, ഓരോ മൺ തരിയുടേയും കൂടിയാണ്!