രചന : സുദേവ്. ബി

പറയുകയിനി നീ പരാതികൾ
പരിഭവമില്ലതു കേട്ടിരുന്നിടാം
അനവധി ദിനമായകന്നുവോ
ദിനസരിയാകെ തിരക്കിലായെടോ
അതിനിടയിലിതൊക്കെയോർമ്മയിൽ
വിരിയുവതില്ലതുകൊണ്ടു മാത്രമീ
മറുമൊഴി പലതും നിരാശതൻ
അവമതിയായതു,നീ, ക്ഷമിക്കുക
സഹജതയതുകൊണ്ടു മാത്രമാ-
ണിവനൊരു നീരവ ദാഹിയൊക്കയും
എഴുതുക പതിവാണുനീറിടും
മൃദുതരവൈഖരി താളിലാകവേ
അതിനഴകതുമില്ലകാന്തിയും
ഹൃദയമതാൽ നിറയില്ല,യെങ്കിലും
പ്രിയതരമെഴുതാൻ ശ്രമിച്ചിടാം
പരിമിതിയെന്നെ വലച്ചിടുന്നെടോ
പകലുകളിരവുകളെത്ര പോകയാ
ണനുപമജീവിതരംഗവേദിയിൽ
ഒരു ദിനമണയും നിശാമുഖം
നിരവധി താരകളെത്തി നോക്കിടും
പലവുരു പറയാൻ കൊതിച്ചതാം
ഹൃദയവികാരമതൊക്കെ വന്യമായ്
മുരളികയതിനാൽ മെരുക്കിനാം
കടലലകേട്ടുപശാന്തി നേടിടും
അതുവരെ വിധിപൂർവ്വമിങ്ങനെ
മൊഴിയിടറാതൊരു ഗാനധാരയിൽ
വനനിബിഡത, നീലനീരജം
പ്രതിരവചാരുത ശാന്തിയേകുക
നിനവുകളിവനിൽ വിരിഞ്ഞിടും
അതു പൊഴിയും ശലഭങ്ങളായിടും
നിറമതുമലിയും വിശാലമാം
വിശദവിയത്തിലലിഞ്ഞു ചേർന്നിടും
പറയുകയിനി നീ പരാതികൾ
പരിഭവമൊക്കെയകന്നു പോവുകിൽ
ക്ഷമയതിനിനിയും പറഞ്ഞിടാം
ഇവനുടെയാദരവേറ്റുവാങ്ങുക.

സുദേവ്. ബി

By ivayana