രചന : വിനോദ്.വി.ദേവ്.
തണുത്ത മദ്യത്തിന്റെ വേരുകൾ
സിരയിൽ പടർന്നുപന്തലിച്ച ,
ഒരു ഡിസംബർപാതിരയിലാണ് അയാൾ
ഡ്രാക്കുള പ്രഭുവിനെ
മൊഴിമാറ്റാൻ തീരുമാനിച്ചത്.
കറുത്ത മദ്യത്തിന്റെ ലഹരിയിൽ ,
ഓരോ രാത്രിയും
എഴുതാനിരിക്കുമ്പോൾ
കാർപാത്യൻ മലനിരകളിലെ കാറ്റ്
അയാളെ തൊടാനെത്തുമായിരുന്നു.
ആ വെളിപാടിൽ അയാളുടെ പേന
അനുഗ്രഹിക്കപ്പെട്ടു.
പകൽ ശവക്കല്ലറയിൽ
ഉറങ്ങിക്കിടക്കുന്ന
ഡ്രാക്കുള പ്രഭുവിനെ
മൊഴിമാറ്റുമ്പോൾ ,
പ്രഭുവിന്റെ മുഖംതന്നെയായിരുന്നു അയാൾക്ക്.
മദ്യംപകർന്ന പരകായസിദ്ധിയിലൂടെ
പ്രഭുവിന്റെ
മരണപ്പെട്ട ശരീരത്തെ
അയാൾ ഉണർത്തി
രാത്രികളിലൂടെ നടത്തിച്ചു.
യാമങ്ങളിൽ രക്തപാനത്തിന്
ഇറങ്ങുന്ന ഡ്രാക്കുളയിൽ ,
ഇരുപതാൾക്കരുത്തോടെ
താനുണ്ടെന്ന് അയാളോർത്തു.
എഴുത്തിന്റെ ആദ്യദിനങ്ങളിൽ ,
കാർപാത്യൻകാറ്റും
മറ്റ് കഥാപാത്രങ്ങളും
ചെന്നായ്കളും കടവാവലുകളും
ചോരമണക്കുന്ന
ഇരുണ്ടരാത്രികളും
ഇരമ്പിപ്പാഞ്ഞ് അയാൾക്കു മുന്നിലെത്തി.
” ഞങ്ങൾ വരാൻ സമയമായോ ” എന്നു താഴ്മയായി ചോദിച്ചു ..!
“നിങ്ങൾ കാത്തുനിൽക്കൂ ” അയാൾ പറഞ്ഞു.
അവർ ഒതുങ്ങിനിന്നു.
ഡ്രാക്കുളപ്രഭു അയാൾക്കുമുന്നിൽ
ഒരു കസാലയിൽ ഇരുന്ന്
രംഗപ്രവേശനത്തിനുള്ള
ഒരുക്കങ്ങൾ നടത്തുന്നു.
തന്റെ മുഖത്തെ ക്രൗര്യത്തെ
ഒന്നുകൂടി ഉറപ്പിക്കുന്നു.
ചെന്നായകളും കടവാവലുകളും
ഉത്തരവാദിത്വബോധത്തിന്റെ
ആഴമറിഞ്ഞ് തയ്യാറെടുത്ത് നിൽക്കുന്നു.
“എനിക്ക് രക്തപാനത്തിനുള്ള
സമയമടുക്കുന്നു.”
രാത്രി ഇരുളുന്നു.” ഡ്രാക്കുള പറയുന്നു.
മൊഴിമാറ്റക്കാരന്റെ
പേനയിൽ
ചെന്നായ്ക്കൾ ഓരിയിട്ടു.
കടവാവലുകൾ ചിറകടിച്ചു.
രാത്രിയിരുണ്ട്..
മഷിയിൽ ചോരയുടെ
മണം നിറഞ്ഞു.
മൊഴിമാറ്റക്കാരൻ ഡ്രാക്കുളയെ
കെട്ടഴിച്ചുവിടുന്നു.
രക്തക്കൊതിയുടെ പൂക്കാലം
തഴച്ചുവളരുന്നു.
രാത്രിയുടെ പിശാച്
കറുപ്പിൽ ഒപ്പുവെയ്ക്കുന്നു.
ഒടുവിൽ,
കല്ലറയിലേക്ക് മടങ്ങുമ്പോൾ
പ്രഭു ഓർമ്മിപ്പിക്കുന്നു.
“നിങ്ങൾ എഴുത്തുനിർത്തരുതേ ” !
നിങ്ങളെപ്പോലുള്ളവർ
മൊഴിമാറ്റുമ്പോഴാണ് ,
എനിക്ക് ഉണർച്ചയുടെ വഴിയൊരുങ്ങുന്നത്.
നിങ്ങൾ എഴുതുമ്പോൾ
എനിക്ക് വസന്തരാത്രിയാണ്.
ഇല്ലെങ്കിൽ പകൽവെട്ടത്തിന്റെ
ശവക്കൂനയിൽ
എനിക്ക് ഉറങ്ങേണ്ടിവരില്ലേ ?
പകൽ ഉണ്ടാകരുത് !
എഴുതി നിങ്ങൾ ഇരുട്ട് തീർക്കുക.
ഡ്രാക്കുള പ്രഭു പിറുപിറുക്കുന്നു.
മൊഴിമാറ്റക്കാരൻ
അടുത്ത രാത്രിയിലും
പ്രഭുവിന്റെ ഉണർച്ചയ്ക്കുവേണ്ടി
അല്പനേരം ഉറങ്ങുന്നു.