രചന: എം. എം. ദിവാകരൻ.

വ്യാഴാഴ്ച സന്ധ്യാ സമയം……… പെസഹ വ്യാഴാഴ്ച
ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: ” പ്രഭോ .. ഇന്ന് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളല്ലേ? എവിടെ ഞങ്ങൾ പെസഹ കഴിപ്പാൻ ഒരുക്കണം?
യേശു പറഞ്ഞപ്രകാരം അവർ പെസഹ ഒരുക്കി..
ഭക്ഷണം കഴിക്കുന്നതിനിടയിൽ യേശു പറഞ്ഞു: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും..!
യൂദ ഒന്നു പരുങ്ങി…. എന്നിട്ട് ചോദിച്ചു: “അത് ഞാനാണോ റബ്ബീ?”

യേശു പറഞ്ഞു: ഇനി നിങ്ങൾ സുഖമായി ഉറങ്ങിക്കൊള്ളിൻ. മനുഷ്യ പുത്രൻ പാപികളുടെ കൈയിൽ ഇപ്പോൾ തന്നെ ഏൽപ്പിക്കപ്പെടും. യൂദ ഓടി വന്നു യേശുവിനെ ചുംബിച്ചു..
യേശു ചോദിച്ചു: ചുംബിച്ചു കൊണ്ടാണോ ഒരാളെ ഒറ്റി കൊടുക്കുന്നത്?
പുരോഹിതന്മാരും മൂപ്പന്മാരും മറ്റു ആളുകളും യേശുവിനെ പിടിച്ചു വലിച്ചു കയ്യഫായുടെ അടുത്ത് കൊണ്ട് വന്നു..

കയ്യഫാ ചോദിച്ചു: നീ ദൈവ പുത്രനായ യേശു തന്നെയാണോ?
“അതെ” … യേശു പറഞ്ഞു..
കണ്ടോ.. കണ്ടോ.. ഇവൻ ദൈവ ദൂഷണം പറയുന്നു.. ഇവൻ മരണത്തിനു യോഗ്യൻ തന്നെ… ഇവനെ ക്രൂശിലേറ്റുക….ക്രൂശിലേറ്റുക….
.പുരുഷാരം ആർത്തട്ടഹസിച്ചു.

പുരുഷാരം പത്രോസിനോട്: നീയും യേശുവിന്റെ കൂട്ടത്തിലുള്ളതല്ലേ?
പത്രോസ് പേടിച്ചു വിറച്ചു പറഞ്ഞു: സത്യം.. ഞാൻ ഇയാളെ അറിയുകപോലും ഇല്ല…
നീ ഇവനെ അറിയില്ലേ? സത്യം പറ…
സത്യമായിട്ടും ഇയാളെ അറിയില്ല..
നീ സത്യമാണോ… പറയുന്നത്?
സത്യം.. സത്യം… സത്യം … ഞാൻ ഈ മനുഷ്യനെ അറിയുകപോലും ഇല്ല…
പത്രോസ് യേശുവിനെ മൂന്നു തവണ തള്ളി പറഞ്ഞു…
കോഴി മൂന്നു വട്ടം കൂവി.

നേരം പുലർന്നു ….. വെള്ളിയാഴ്ച. ദുഃഖ വെള്ളിയാഴ്ച.
യേശുവിനെ ബന്ധിച്ചു.. നാടുവാഴിയായ പീലാത്തൊസിനെ
ഏൽപ്പിച്ചു.
മുപ്പതു വെള്ളിക്കാശിനു യേശുവിനെ ഒറ്റി ക്കൊടുത്ത യൂദ മനം നൊന്തു കരഞ്ഞു… അവൻ ആ വെള്ളിക്കാശുകൾ വലിച്ചെറിഞ്ഞു… ഏങ്ങലടിച്ചു കരഞ്ഞു നടന്നകന്നു… യൂദ കെട്ടിഞാന്നു ചത്തു…
പുരുഷാരം തടിച്ചു കൂടി…
യേശുവിനു നല്ല ഒരു കിരീടം അണിയിച്ചു.. മുൾക്കിരീടം!
പുളിച്ച വീഞ്ഞ് നൽകി… കുടിയെടാ…
അവനെ കുന്തം കൊണ്ട് കുത്തി…. നീ ദൈവപുത്രനല്ലേ…. നിനക്ക് വേദനിച്ചോ..

വെള്ളിയാഴ്ച മൂന്നാം മണി നേരം..
യേശുവിനെ കുരിശിൽ തറച്ചു..
പുരുഷാരം നോക്കി ചിരിച്ചു… നടന്നു…
ചിലരവന്റെ മുഖത്തേയ്ക്കു കാർപ്പിച്ചു തുപ്പി…
കണ്ടില്ലേ യഹൂദന്മാരുടെ രാജാവായ യേശു കുരിശിൽ തൂങ്ങി കിടക്കുന്നത്…
ആറാം മണി സമയം മുതൽ ഒൻപതാം മണി നേരം വരെ ദേശത്തെല്ലാം ഇരുട്ടായി.. യേശു ഉറക്കെ നിലവിളിച്ചു: “എലോ ഹീ, എലോ ഹീ, ലമ്മ ശബക്കാരി” (എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തിനാണ്?”)
യേശു പ്രാണനെ വിട്ടു… പാപികൾക്കു വേണ്ടി…
ആ സമയം.. മന്ദിരത്തിലെ തിരശീല രണ്ടായി ചീന്തിപ്പോയി.


ഭൂമി കുലുങ്ങി.. പാറകൾ പിളർന്നു. കല്ലറകൾ തുറന്നു….
ഈ അതിശയങ്ങൾ കണ്ടു ജനം വിളിച്ചു പറഞ്ഞു:
“ഇവൻ ദൈവ പുത്രൻ തന്നെ.., യേശുവേ… നീ ദൈവ പുത്രൻ തന്നെ… സത്യം..സത്യം…സത്യം..”
നേരം വൈകുന്നേരം… ജനങ്ങൾ പിരിഞ്ഞു പോകാൻ തുടങ്ങി..
ആ കൂട്ടത്തിൽ സ്വന്തം പുത്രനെ കുരിശിൽ തറച്ച കാഴ്ച നോക്കിനിന്ന സ്വന്തം മാതാവും ഉണ്ടായിരുന്നു…
സൂര്യൻ രക്ത ബാഷ്പം തൂകി പടിഞ്ഞാറേ ചക്രവാളമാകെ രക്തമയ
മാക്കി…

അങ്ങ് ദൂരെ നിന്നും ഒരാൾ പിലാത്തോസിന്റെ അടുക്കലേയ്ക്ക് നടന്നു വരുന്നു… ധനവാനായ അരിമധ്യക്കാരൻ യോസഫ്. അയാൾ പിലാത്തോസിനോട് ചോദിച്ചു: “യേശുവിന്റെ പരിപാവനമായ ഈ ശരീരം തരാമോ?”
“തരാമല്ലോ” … പിലാത്തോസ് സമ്മതം മൂളി..
യോസഫ് ആ പാവന ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു. പാറയിൽ പ്രത്യേകം വെട്ടിയുണ്ടാക്കിയ കല്ലറയെ ലക്ഷ്യമാക്കി നടന്നു..
ജീവജാലങ്ങൾ മൂകമായി.. പ്രകൃതിയും ശോകമൂകമായി…
ഒരു രക്ത സാക്ഷിയുടെ അന്ത്യ യാത്ര…
മാനവരാശിക്കു വേണ്ടി ജീവൻ ബലിയർപ്പിച്ച ആദ്യത്തെ ‘രക്തസാക്ഷി’
പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ
ദൈവ പുത്രൻ…യേശുദേവൻ …

എം. എം. ദിവാകരൻ.

By ivayana