രചന : ജയൻ മണ്ണൂർകോഡ്

അതിമോഹികളുടെ ആർത്തിക്കണ്ണുകളെത്ര
ധനദാഹികളുടെ ധാർഷ്ട്യച്ചെയ്ത്തുകളെത്ര
ഒതുങ്ങിപ്പോയ പണിപ്പകലുകളെത്ര
ഉറക്കം ചീർത്ത കൺവീക്കങ്ങളെത്ര
മടുപ്പിന്റെ മലമുകളിൽ നിന്നും മറിഞ്ഞുവീണെത്ര
സഹനപരുവത്തിന്റെ പരിണാമരൂപം
നിഷേധങ്ങളിൽ ഉഗ്രപ്പെട്ടെത്ര
‘ചേരാത്തോൻ’ കൂട്ടവിളിപ്പെട്ടെത്ര..

കേൾക്കാറേയില്ലവൻ അധികാരവിളികൾ
കാക്കാറേയില്ലവൻ സഹതാപനോട്ടങ്ങൾ
നോക്കാറേയില്ലവൻ വെറുംപുച്ഛങ്ങൾ
കൂട്ടുണ്ട് ധീരത, വാക്കിന്റെ ഉഗ്രത
ചേരാത്തോനിൽ ചെയ്ത്തിന്റെ കൃത്യത..

ഇവ്വിധം എത്രെത്ര ഭിന്നപ്പകർച്ചകൾ
ഇനിയെത്ര കാലം ഇതേത്തുടർച്ചകൾ
ചേരാത്തോനിൻ ചിന്തകൾ മുറ്റേ
നട്ടുച്ചക്കാറ്റ് തനിച്ചേറ്റിരിക്കേ
ഒരു തണുത്തെന്നൽ അവനോടൊട്ടേ
ചേരാത്തോനിൽ കവിതപോലൊരു
ചേരുന്നോളിൻ പ്രണയമുണ്ടായി..

തട്ടുകടച്ചായകൾ,നിറസർബത്തുകൾ
പാൽഗുൽഫികൾ,കോലൈസുകൾ
പൊരിച്ചോളങ്ങൾ,വറുക്കടലകൾ
സഹയാത്രയിൻ പ്രണയസന്ധ്യകൾ
ചേർച്ചപ്പേച്ചുകൾ,ശുദ്ധാത്മകവിതകൾ
ചേരാത്തോനും ചേർന്നതീ ലോകം..!

ജയൻ

By ivayana