രചന : മാധവി ടീച്ചർ, ചാത്തനാത്ത്!
പാരിന്റെ ചാരുതയാം നല്ല കാഴ്ചകൾ
ഉള്ളം കുളിർപ്പിക്കും കൗതുകങ്ങൾ! …
ഇത്തിരി നാൾ നമുക്കീശ്വരൻ നല്കിയ
സ്വപ്നസമാനമാമീ ജീവിതം!
ഇനി ബാക്കി നീക്കിയിരിപ്പെത്രനാളാണ-
തെന്നതും നമ്മളറിവതില്ല.
ആയതാൽ നമ്മൾക്കായ് കാലമൊരുക്കിയ
കാഴ്ചകൾ, സാമോദമാസ്വദിക്കാം.!
പാടുപെട്ടൊട്ടേറെ നാളും തുലച്ചു നാം
നമ്മൾക്കായ്, സ്വന്തമായ് നേടിയില്ല!
മണ്ണിൽ നാമെന്തൊക്കെ സമ്പാദിച്ചീടിലും
എല്ലാമുപേക്ഷിച്ചു പോകണം നാം
കാണുന്നതൊക്കെയും സ്വന്തമാക്കീടുവാൻ
സാമർത്ഥ്യമേറെ നാം കാട്ടിടുമ്പോൾ
മണ്ണും മരങ്ങളും ജീവജാലങ്ങളും
ചൊല്ലുന്നു മർത്ത്യാ നീയെത്ര വിഡ്ഢീ
ഓർത്തുനോക്കുന്നു ഞാനെന്നും, ശരി തന്നെ
യാണവ നമ്മളെപ്പോലെയല്ല.
കൊയ്യുന്നതില്ലവർ, കൂട്ടുന്നതില്ലവർ
ജീവനം മാത്രമവയ്ക്കു മുഖ്യം.
ജീവിതം സാർത്ഥകമാക്കണമെങ്കിൽ നാം
നന്മയുള്ളം കൊണ്ടു വാണീടേണം
ഏതോ ഒരു നാളിലിരവിലോ, പകലിലോ
വിടചൊല്ലി വേർപിരിയേണ്ടവർ നാം.
അന്നുവരെയാ മുഹൂർത്തം വരെ നമ്മൾ കണ്ടിടാം കാഴ്ചകൾ, കൺനിറയെ
കണ്ടതും, കേട്ടതും, ഹൃത്തിൽ നിറച്ചതും
സമ്പാദ്യമെന്നു നാം ഓർത്തു പോകാം.!
ഇന്ന് അന്താരാഷ്ട്ര വനദിനം .ആശംസകൾ.