രചന : വി.ജി മുകുന്ദൻ

കുറച്ചധികം നാളുകളായി ആ വലിയ വീട്ടിൽ മോഹനകൃഷ്ണൻ ഒറ്റയ്‌ക്കായിരുന്നു. പതിവുപോലെ എന്നും ജോലിക്ക് പോകും വൈകിയിട്ട് ഏഴുമണിയോടുകൂടി തിരിച്ച്‌ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. വരുന്ന വഴി രാത്രിയിലേയ്ക്കും രാവിലേയ്ക്കുമുള്ള ഭക്ഷണം എന്തെങ്കിലും വാങ്ങി വരും. ചായ അല്ലാതെ വേറേ ഒന്നും കുറേനാളായി വീട്ടിൽ ഉണ്ടാക്കാറില്ല എന്നുതന്നെ പറയാം.
അയാൾ പലപ്പോഴും ആഗ്രഹിച്ചിരുന്നതാണ് ഇങ്ങനെ കുറച്ചു നാളുകൾ ഒറ്റയ്ക്ക് താമസിക്കണമെന്നത്.

ആരും സംസാരിക്കാനില്ലാതെ മറ്റൊന്നിലും ഇടപെടാതെ സ്വന്തം മനസ്സുമായി ഒരു സ്വൈര സഞ്ചാരം.
മോഹനകൃഷ്ണന്റെ അഭിപ്രായത്തിൽ മനസ്സുമായി അങ്ങനെ യാത്രചെയ്യുമ്പോഴാണ്
നമ്മൾ പലതും അറിയുന്നതും കണ്ടെത്തുന്നതും.
നമ്മൾ സ്വതന്ത്രമായാലേ മനസ്സിനെ നമ്മളിലേയ്ക്കടുപ്പിക്കാനും സ്വന്തം മനസ്സിനോട് മാത്രമായി ചേർന്ന് അനന്തതയിലേയ്ക്കുള്ള യാത്രകൾ സാധിക്കുകയുമുള്ളൂവത്രെ.!
വഴികൾ തേടിയുള്ള….വഴികളില്ലാത്ത യാത്ര!!
ഇത്രനാളും എല്ലാം എങ്ങനെയൊക്കെയോ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒന്നും ഒരിക്കലും മുൻകൂട്ടി തീരുമാനിച്ചപോലെയോ ആഗ്രഹിച്ചിരുന്നപോലെയോ ആയിരുന്നില്ല മോഹനകൃഷ്ണന്റെ ജീവിതം.

ആരൊക്കെയോ തള്ളിവിട്ടിരുന്ന പോലെയുള്ള ഒരു യാത്ര എവിടെയൊക്കെയോ സഞ്ചരിച്ചു…..
ഇപ്പോഴും അതുപോലെയൊക്കെത്തന്നെ തുടരുകയായിരുന്നു…
എന്നും കാലത്തിനോടും സമയത്തിനോടും കലഹമായിരുന്നു..!
പലപ്പോഴും സ്വന്തം മനസ്സിനോടും കലഹിച്ചിരുന്നു എന്നും പറയേണ്ടിവരും…
നീണ്ട 35 വർഷങ്ങൾ സ്വന്തം വേരുകളിൽ നിന്നും അകന്ന്…….
വഴികളില്ലാത്ത യാത്രകളായിരുന്നു…!
ഇപ്പൊ ആള് അല്പം തളർന്ന മട്ടായിരുന്നു; ന്നാലും സ്വയം കലഹത്തിനൊട്ടും കുറവു വന്നിരുന്നില്ല….
അല്പം കൂടിയിരുന്നോ ന്നേ സംശയമുള്ളു.

എങ്കിലും ആളൊരു മാന്യനും പാവവും ആയിരുന്നെന്നാണ് അടുപ്പമുള്ളോരൊക്കെ പറഞ്ഞിരുന്നത്.
….അപ്പൊ പറഞ്ഞുവന്നത് ആള് ഒറ്റയ്‌ക്ക്‌ കുറച്ചു നാള് ജീവിക്കാൻ ആഗ്രഹിച്ചിരുന്നതാണെങ്കിലും ഇത് ഇപ്പൊ കൊറോണയും മറ്റുമായി ആഗ്രഹിച്ചിരുന്നതിലും കുറേ ഏറേ നീണ്ടു പോയിരിന്നു…!
വിചാരിച്ചിരുന്നപോലെ അത്ര എലുപ്പമല്ല ഒറ്റയ്ക്കുള്ള ജീവിതമെന്ന് അയാൾ ശരിക്കും ചിന്തിച്ചുതുടങ്ങിയിരിക്കുന്നപോലെയാണ് പല പ്രവർത്തികളിലും കണ്ടിരുന്നത്.
ഇപ്പൊ കുറച്ചു ദിവസങ്ങളായി വായനയും നടക്കുന്നുണ്ടായിരുന്നില്ല… അതുപോലെ എഴുത്തും.
ഭാര്യയും മകളും നാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയതാണ്. ആ സമയത്താണ് കൊറോണ പകർച്ചവ്യാധി വ്യാപനവും നിയന്ത്രണങ്ങളും.
ഇപ്പൊ എട്ടൊമ്പത് മാസത്തോളമായി.

ഇതൊക്കെയാണെങ്കിലും മോഹനകൃഷ്ണന്റെ ഏറ്റവും നല്ല രചനകളിൽ ഒന്നോ രണ്ടോ എണ്ണം ഉണ്ടായിട്ടുള്ളത് ഈ കാലങ്ങളിലാണ്….!!
അങ്ങനേയിരിക്കെ ഒരു ദിവസം പതിവുപൊലെ മോഹനകൃഷ്ണൻ അത്യാവശ്യം വേണ്ട സാധനങ്ങളുമായി വീട്ടിൽ എത്തിയപ്പോൾ ഒരു പട്ടിക്കുട്ടി അതാ വീടിന്റെ സിറ്റൗട്ടിൽ കയറി കിടക്കുന്നു.
വീട്ടിലെ കാർന്നോരെപോലെ കാര്യമായിട്ടൊന്നും ഗൗനിക്കാതെ പുള്ളിക്കാരൻ ഒരേ കിടപ്പാണ്. എന്തോ അയാളും അതിനെ മൈൻഡ് ചെയ്യാതെ അകത്തുകടന്ന് വാതിലടച്ചു.
അന്ന് പതിവിൽ വിപരീതമായി ഭക്ഷണം കഴിയ്ക്കുന്നതിനു മുന്നേ ഒരു സിഗരറ്റ് കത്തിച്ച് പുറത്തേയ്ക്ക് കടന്നപ്പോൾ ‌ ആ പട്ടി അവിടെ തന്നെ കിടക്കുന്നത് അയാൾ ശ്രദ്ധിച്ചു.
അയ്യോ എന്തു പറ്റി ഇതിന്…

ഇനിയിപ്പോ പാവത്തിന് വിശന്നിട്ടാണോ
അയാൾ വേഗം അകത്തുപോയി വാങ്ങി കൊണ്ടുവന്നിരുന്ന ആ ബിരിയാണി മുഴുവൻ എടുത്തുകൊണ്ടുവന്ന് ആ പട്ടിയ്ക്കു കൊടുത്തു അത് ആർത്തിയോടെ കഴിച്ചു….
മോഹനകൃഷ്ണൻ പട്ടി കഴിക്കുന്നതും നോക്കിനിന്ന് തന്റെ വിശപ്പടക്കി.
പിറ്റേ ദിവസം ജോലികഴിഞ്ഞ് വീട്ടിൽ വന്ന് കയറിയപ്പോൾ ആ പട്ടി വാലാട്ടിക്കൊണ്ട് സിറ്റൗട്ടിനു മുന്നിൽ തന്നെ നിൽക്കുന്നു.
അപ്പോഴാണ് അയാൾ അതിനെകുറിച്ച് ഓർത്തത്.

ഏ ഇത് പോയില്ലേ
അപ്പൊ ഇന്നലെ മുതല് ഇത് ഇവിടെതന്നെയായിരുന്നിരിക്കുമോ…
അയാൾ ഉടനെ തിരിഞ്ഞു നടന്നു പുറത്തേയ്ക്കു തന്നെപോയി; ഗേറ്റ് വരെ ആ പട്ടിയും അയാളെ പിൻതുടർന്നു.
അയാൾ പുറത്തുപോയി പട്ടിയ്ക്കായി എന്തൊക്കെയോ വാങ്ങി
തിരിച്ചു വരുമ്പോൾ…
ഗേറ്റിൽ തന്നെ പട്ടി അയാളേയും കാത്ത്‌ നിൽക്കുന്നുണ്ടായിരുന്നു; അയാളെ കണ്ടതും അത് വാലാട്ടി എന്തൊക്കെയോ സൗണ്ട് ഉണ്ടാക്കികൊണ്ടു കൂടെ നടന്നു.
പിന്നീടുള്ള ദിവസങ്ങളിൽ അയാൾ വീട്ടിൽ ഭക്ഷണം വയ്ക്കാൻ തുടങ്ങി.
സമയത്തിന് ആ പട്ടിയും അയാളും എന്തെങ്കിലും കഴിച്ചും തുടങ്ങി.
പതുക്കെ പതുക്കെ അവര് തമ്മിൽ പലതും സംസാരിക്കലും വൈകിയിട്ട് മുറ്റത്ത്‌ നടക്കലും കളിയുമൊക്കെയായി.

ഭാര്യയും മകളും നാട്ടിൽ പോയപ്പോൾ ഉറങ്ങിയ വീട്ടിൽ അങ്ങനെ ഒരു അനക്കമൊക്കെയായി……
മോഹനകൃഷ്ണന്റെ ഭാര്യക്ക് മോഹനകൃഷ്ണനെ ജീവനായിരുന്നു. എവിടെയായാലും ഞാൻ കൂടെയുണ്ടാകും എന്നാണ് അവര് എപ്പോഴും പറഞ്ഞിരുന്നത്. വേറേ ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് മോഹനകൃഷ്ണൻ കൂടെയില്ലാതെ അന്ന് അവർ നാട്ടിൽ പോയത്. അതും അയാളുടെ നിർബന്ധത്തിന് വഴങ്ങിട്ടായിരുന്നു……
മോഹനകൃഷ്ണനെ തനിച്ചാക്കി പോകുന്നതിൽ അവർക്ക് അതിയായ വിഷമവും വേവലാതിയും ഉണ്ടായിരുന്നു….

സമയത്തിന് ഭക്ഷണമൊന്നും കഴിക്കിണില്യാന്ന് അറിഞ്ഞാൽ ആനിമിഷം ഞാൻ ഇവിടെ ഓടിയെത്തും എന്നും പറഞ്ഞാണ് അവര് അന്ന് പോയത്….
ഇത് ഇപ്പൊ ഒരു പരിചയവുമില്ലാതെ എവിടുന്നാണ് ആ പട്ടി മോഹനകൃഷ്ണന്റെ വീട്ടിൽ വന്നത്…
വന്നിട്ട് എന്തൊകൊണ്ട് അത് പോയില്ല.
സമയത്തിന് ഭക്ഷണമൊന്നും കഴിക്കാതിരുന്ന അയാൾ ആ പട്ടി വന്നതിന് ശേഷം ഭക്ഷണം വച്ച് കഴിച്ചുതുടങ്ങിയിരിരുന്നു…

അങ്ങനെ അയാൾ നല്ല സന്തോഷമായിരുന്ന നാളുകയായിരുന്നു അത്…
കൂട്ടത്തിൽ ഇപ്പോൾ എഴുത്തിന്റെ മൂഡിലുള്ള ദിവസങ്ങളാണെന്നു ഒരിക്കൽ സംസാരിക്കുന്നതിനിടയിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
എന്തായാലും ആള് നല്ല ഉഷാറിലായിരുന്നു…
അതിനിടയ്ക്കാണ് അത് സംഭവിച്ചത് പാടില്ലാത്തതായിരുന്നു അദ്ദേഹത്തിനെപോലെയുള്ള ഒരാൾക്ക്… അല്ല ആര്‍ക്കും അങ്ങനെ സംഭവിക്കാൻ പാടില്ല ചുരുങ്ങിയ പക്ഷം സ്വന്തം കുടുംബത്തിനെ ഒന്ന് കാണാൻ സാധിക്കേണ്ടതായിരുന്നു.
അത്രമാത്രം അയാൾ തന്റെ കുടുംബത്തെ സ്നേഹിച്ചിരുന്നു.

പനിയും തൊണ്ടവേദനയും ഉള്ളതുകൊണ്ടാണ് ഓഫീസിലെ സ്റ്റാഫ് നിർബന്ധിച്ചപ്പോൾ മോഹനകൃഷ്ണൻ ഹോസ്പിറ്റലിൽ പോയതും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതും….
നേരേ കോവിഡ് പോസിറ്റീവ് ആയവരെ അഡ്മിറ്റ് ചെയ്യുന്ന ക്യാമ്പ് പോലത്തെ സ്ഥലത്തേയ്ക്കാണ് കൊണ്ടുപോയത്.
പിന്നെ കാണാൻ കഴിഞ്ഞില്ല…
ഒന്നുരണ്ട് വട്ടം സംസാരിച്ചിരുന്നു.
മോഹനകൃഷ്ണൻ ഹോസ്പിറ്റലിൽ പോയതിനുശേഷം ആ പട്ടിയെ പിന്നെ കണ്ടിട്ടേയില്ല….
എവിടെ പോയാവോ…..
പെട്ടെന്ന് മൊബൈൽ അടിക്കുന്നത് കേട്ട് ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റു.
എന്തുപറ്റിടൊ… ‌
ഉറങ്ങായിരുന്നോ…
ഏയ് ഇങ്ങനെ വെറുതെ ഇരിക്കയായിരുന്നു അപ്പൊ മോഹനകൃഷ്ണനെ ഓർമ്മ വന്ന് ഓരോന്ന് ആലോചിച്ചിരിക്കായിരുന്നു….

ഇപ്പൊ ന്തേ ആളെ പറ്റി ആലോചിക്കാൻ
ഏയ് ഒന്നുമില്ല…
നാട്ടിലുള്ളവരുടെ ഓരോ വേവലാതികളേ യ്
മോഹനകൃഷ്ണന്റെ ഭാര്യേടെയും കുട്ടിടെയും കൂടെയാണല്ലോ എന്റെ കുടുംബവും അന്ന് നാട്ടിൽ പോയത്.
ഇപ്പൊ മോഹനകൃഷ്ണനന്റെ മരണം അറിഞ്ഞ് അവർ വലിയ പേടിയിലാണ്… എനിക്കെന്തെങ്കിലും വരോന്നാ അവരുടെ പേടി എന്താ ഇപ്പൊ ചെയ്യാ…

ഫ്ലൈറ്റ് ഇനി എന്ന്‌ തുടങ്ങും ന്ന് വച്ചിട്ടാ…
എന്തെങ്കിലും സംഭവിച്ചാൽ എന്തുചെയ്യും….!!
അയാളുടെ ബോഡിപോലും സ്വന്തം ഭാര്യയ്ക്കും കുഞ്ഞിനും കാണാൻ കഴിഞ്ഞില്ല..!!
എല്ലാം വരണപോലെ വരട്ടെ…അല്ലാതെ പ്പോ എന്താ ചെയ്യാ…
വിളിച്ചു കൊണ്ടിരുന്ന സുഹൃത്തിനോട്
ബൈ പറഞ്ഞ് ഞാൻ മൊബൈൽ കട്ട് ചെയ്തു.

വി.ജി മുകുന്ദൻ

By ivayana