നേരം ഇരുട്ടിത്തുടങ്ങി ..കാക്കകൾ വട്ടം പറക്കുന്നു ..അടുത്ത അമ്പലത്തിൽ നിന്നും ദീപാരാധനക്ക് മുൻപുള്ള ഭക്തി ഗാനം മുഴങ്ങി നിന്നു ..അകത്തെ മുറിയിൽ നിന്നും നീണ്ട ഞരക്കങ്ങളും ശ്വാസം കിട്ടാൻ വിഷമിച്ചു കൊണ്ടുള്ള കൊച്ചേട്ടു തറവാട്ടിലെ ഏലിച്ചേടത്തിയുടെ ശ്വാസം വലിയും ..കട്ടിലിൽ കിടന്നു സീലിംഗ് ഫാനിന്റെ കറക്കം കണ്ടുകൊണ്ടു തല കറങ്ങുന്ന ‘അമ്മ ..ചുറ്റും കൂടി നിൽക്കുന്ന മരുമക്കൾ .. കാറ്റ് വെളിച്ചവും കിട്ടാതെ ഓക്സിജനു വിഷമിക്കുന്ന ഏലിച്ചേടത്തി.. പുറത്തു ചാരു കസേരയിൽ തലയ്ക്കു കൈയ്യും കൊടുത്തിരിക്കുന്ന ഇളയ മകൻ ..തൊട്ടടുത്തായി ഓൾഡ് മങ്കിന്റെ മദ്യ കുപ്പിയിൽ നിന്നും മദ്യം ഗ്ലാസ്സുകളിലേക്കു പകർന്നു കൊണ്ട് മൂത്ത മരുമകൻ ജോസുകുട്ടി പറഞ്ഞു
”ചാകുന്നുമില്ല കട്ടിലൊട്ടൊഴിയുന്നുമില്ല” ഈ തള്ളക്ക് ചത്തൂടെ . മറ്റുള്ളവരാണെങ്കിൽ ഒള്ള ജോലിക്ക് പോകാതെ ഇവിടെ കുത്തിയിരുന്ന് തുടങ്ങിയിട്ട് ദിവസം മൂന്നായി …ഇത് കേട്ട് കൊണ്ട് അടുക്കളയിൽ നിന്നും ഒരു പാത്രത്തിൽ പോത്തിറച്ചിയുമായി മൂത്ത മകൾ ജോസുകുട്ടിയുടെ ഭാര്യ ത്രേസിയാമ്മ .പാത്രം നേരെ മേശപ്പുറത്തു വച്ചിട്ട് പറഞ്ഞു ..കണ്ണുതുറന്നിട്ടു നാലായി .. കഞ്ഞിവെള്ളം ഇറക്കുന്നുമില്ല ഉടനെ കാണുമെന്നാ തോന്നുന്നെ . അവസാനത്തെ അമ്മയുടെ വലി ലൈവ് ആയി അയച്ചു കൊടുക്കണമെന്ന് അമേരിക്കയിലെ അനുജത്തി ജാൻസി പറഞ്ഞിട്ടുണ്ട്. നിങ്ങൾ ആ ലൈവ് ആപ്പ് സൂം ഓണാക്കിയോ .. പള്ളിക്കുർബാനയും ,പാട്ടു മത്സരവും, ടിക് ടോക്കും ,കൊമഡിയും ,മീറ്റിങ്ങും മാത്രം പോരല്ലോ ..ഇതുകൂടി കിടക്കട്ടെ….. അല്ലേടാ മക്കളെ… മക്കൾ തലയാട്ടി.. വല്യമ്മയും മോഡേൺ ആയിരിക്കുന്നു മകൻ ബേസിൽ കളിയാക്കി ചിരിച്ചു …. ദേ പിന്നെ ജോസേട്ടാ.. എനിക്ക് പറ്റില്ല എപ്പോളും നിങ്ങളുടെ ഒരോ പെഗ്ഗിനും പോത്തിറച്ചിയുമായി വരാൻ .. എല്ലാർക്കും  വച്ച് വിളമ്പി കൊടുത്തു എന്റെ നടുവൊടിഞ്ഞു തുടങ്ങി ..
ത്രേസിയാമ്മ പറഞ്ഞു.അതോടൊപ്പം ജോസിന്റെ നേരെ നോക്കി മൂക്ക് വിറപ്പിച്ചു കാട്ടി ..എന്റെ ത്രേസ്സ്യേ ഇനി അധിക സമയമില്ല ..നീ ഒന്ന് ക്ഷമിക്ക… കുടി കൂടുന്നുണ്ട് കെട്ടോ! എന്ന താക്കിതോടെ ..ത്രേസിയാമ്മ ഒഴിഞ്ഞ ഗ്ലാസും പറക്കി അടുക്കളയിലേക്കു കയറി .വാതിലിൽ ചാരി നിന്ന രണ്ടാമത്തെ നേഴ്സ് മരുമകൾ പറഞ്ഞു ഞാൻ കുറച്ചു മുൻപ് നാഡി പിടിച്ചു നോക്കി ഉടനെ ഉണ്ടാകും …തീരും മുമ്പാ അലമാരേടെ താക്കോലും, ഫ്ലാറ്റിന്റെ താക്കോലും ഒന്നു കിട്ടിയിരുന്നെങ്കിൽ?കട്ടിലിന്റെ നാല് വശവും തലയിണയുടെ പരിസരം മുഴുവനും പരിശോധന കഴിഞ്ഞു രണ്ടാമത്തെ നേഴ്സ് മരുമകള് സ്മിത പറഞ്ഞു.
അത് കിട്ടിയിട്ട് വേണം എനിക്ക് ഗൾഫിലേക്ക് പോകാൻ അറിയാല്ലോ .മാത്യൂസേ അധികം നാൾ അവധിയില്ലായെന്നും ..പിന്നെ ജോലി പോയിട്ട് എന്നോട് ദേഷ്യപ്പെടാൻ വരേണ്ട .. ജോസേട്ടൻ മൂന്നാമത്തെ പെഗ് ഗ്ലാസിൽ നിന്നും വലിച്ചുകുടിച്ചു മീശ തുടച്ചു.. ഒരു കഷണം പോത്തിറച്ചി വായിലേക്കിട്ടു ..അടുത്ത പെഗ് ഗ്ലാസിൽ നിറച്ചുകൊണ്ടു ചുവന്ന കണ്ണുകൾ കൊണ്ട് സ്മിതയെ ഒന്ന് തുറപ്പിച്ചു നോക്കി…
പെട്ടെന്നൊരു ചാറ്റൽ മഴ ഒരു കൊടുങ്കാറ്റു .. അകത്തെ മുറിയിൽ നിന്നും ഒരു നിലവിളി …മുൻപിൽ തെളിഞ്ഞു കത്തിയ നിലവിളക്കു കാറ്റിൽ കെട്ടുപോകുന്നു ..കറണ്ട് പോയി ആകെ ഇരുട്ട് കൊണ്ട് ആ വീട് മൂടി … ജോസേട്ടന്റെ കയ്യിലിരുന്ന മദ്യക്കുപ്പി നിലത്തുവീണു ..ഇളയമകൻ ബേസിൽ വിളിച്ചു പറഞ്ഞു ആരെങ്കിലും പോയി ഒന്ന് ജനറേറ്റർ ഓണാക്കുമോ .. അമ്മയുടെ ഒച്ച ഒന്നും കേൾക്കാനില്ല ..ബേസിൽ പറഞ്ഞു തീർന്നതും പെൺമരുമക്കൾ രണ്ടാളും ഓടി ചെന്ന് ജനറേറ്റർ ഓണാക്കി .. എല്ലാവരും ‘അമ്മ കിടന്ന മുറിയിൽ ഓടിയെത്തി` .അകലെ മുറിയിൽ നിന്നും ഒന്നും കേൾക്കാനില്ല .. അകത്തു മുറിയിൽ ശ്വാസം വലിച്ചു കിടന്ന ഏലിച്ചേടത്തിയുടെ ദേഹം വിട്ട് ആത്മാവ് മുറിയിൽ നിന്നും മുൻവശത്തുകൂടി പുറത്തേക്കിറങ്ങി.അപ്പൻറെ ആത്മാവ് മുറ്റത്തെ കിണറിന്റെ അരഭിത്തിയിൽ അമ്മയെ കാത്തിരിപ്പുണ്ടായിരുന്നു. അമ്മയുടെ കൈ പിടിച്ചു കൊണ്ട്
”വാ പോകാം” അപ്പൻ പറഞ്ഞു. ഹോ .. എന്താ ഇത്ര തിടുക്കം ഒന്ന് നിന്നെ നമ്മുടെ മക്കളുടേയും മരുമക്കളുടേയും നമ്മളോടുള്ള സ്നേഹം നിങ്ങൾക്ക് കാണേണ്ടേ ..എന്നെ ഒറ്റക്കാക്കി പോയപ്പോൾ അവർ എന്നെ സ്നേഹിച്ചത് എങ്ങനെയെന്ന് നിങ്ങൾക്ക് കാണേണ്ടേ … നിങ്ങളല്ലേ പറഞ്ഞെ മക്കൾ നോക്കിക്കൊള്ളും ഞാൻ ഇല്ലെങ്കിലും എന്ന്.. നിൽക്കുന്നേ ..കുറച്ചൂടെ കണ്ടിട്ടു പോകാം.
കൊച്ചേട്ടു വീട്ടിൽ നിലവിളികളുടെ വെടിക്കെട്ട് തന്നെ നടക്കുന്നു .. ഒന്ന് ശ്രദ്ധിച്ചേ നിങ്ങൾ  കേൾക്കുന്നില്ലേ?
ഉളളിൽ സന്തോഷത്തോട് കൂടിയുളള ഒരു തരം കള്ള നിലവിളികൾ ഉയർന്നു കേൾക്കുന്നില്ലേ നിങ്ങൾ… ഉവ്വ കേൾക്കുന്നു… അതാ ഒരു വണ്ടി മുറ്റത്തേക്ക് വരുന്നുണ്ട് നീ കണ്ടോ അപ്പൻ പറഞ്ഞു .മൂന്നാമത്തെ മകൾ ലീമയും ഭർത്താവ് ബേബിച്ചനും ലണ്ടനിൽ നിന്നും ഇന്നലയെ തിരിച്ചിരുന്നു.അവർ നേരെ എയർപോർട്ടിൽ നിന്നും വന്ന വരവാണ് ഇപ്പോ കണ്ടത് ..കണ്ടോ അവരുടെ സ്നേഹം കണ്ടോ .. വന്നപാടെ .. തമ്മിൽ കണ്ടാൽ കീരിയും പാമ്പുമായിരുന്നവർ തമ്മിൽ കെട്ടിപ്പിടിക്കുന്നു അങ്ങോട്ടുമിങ്ങോട്ടും കണ്ണ് തുടയ്ക്കുന്നു ..നിങ്ങൾ എല്ലാം കാണുന്നില്ലേ മനുഷ്യ ..കാണുന്നുണ്ടെടി ..എന്നാലും നമുക്ക് പോകേണ്ട സമയമായി .. നിൽക്ക് ബാക്കി കൂടി കാണാന്നെ.. അമ്മയുടെ വാക്കിന് എതിര് പറയാൻ കഴിയാതെ അപ്പൻ അവിടെ കിണറിന്റെ അരഭിത്തിയിൽ കൈകൾ ഊന്നി നോക്കി നിന്നു ..
ലീമ ഓടിച്ചെന്നു
അമ്മയ്ക്കരികിൽ ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ… അമ്മയുടെ കഴുത്തിൽ കിടക്കുന്ന അഞ്ച് പവന്റെ മാലയിലായിരുന്നു.ഇല്ല എന്ത് പറഞ്ഞാലും കത്തിക്കുത്തു നടത്തിയാലും മരിക്കും വരെയും ഞങ്ങളാ അമ്മയെ നോക്കിയത് ചത്താലും മാല വിട്ടുകൊടുക്കില്ല.. എന്ന ഭാവേനെ മൂന്നാമത്തെ മരുമകള് ലീമ മൂത്തമമരുമകള് ത്രേസിയാമ്മയെ ഒന്നുനോക്കി.ത്രേസിയാമ്മയുടെ നോട്ടം അമ്മയുടെ കൈയ്യിൽ കിടക്കുന്ന രണ്ടു തടവളയിലായിരുന്നു …തൊട്ടടുത്തിരുന്നു വലതുകൈയ്യിൽ പിടിച്ചുകൊണ്ടു നേഴ്സ് സ്മിതക്ക് അമ്മയുടെ മോതിര
വിരളിൽ  കിടക്കുന്ന കല്ലുവച്ച മോതിരം ആണ് നോട്ടം …കരച്ചില് മുഴുവനും ആ കല്ലുളള മോതിരം എന്ന ഒരു നെറികെട്ട  ശബ്ദത്തിലുമായിരുന്നു ..അപ്പുറത്തെ ബാത്റൂമിൽ ഒടുക്കത്തെ ബഹളം ചെന്ന് നോക്കിയപ്പോൾ അമ്മയുടെ മൃതശരീരം കുളിപ്പിക്കുന്നതിനായി നല്ലതിരക്ക് ..അരയിലെ അരഞ്ഞാണവും, മൂക്കുത്തിയും, കമ്മലിനുമായി പെണ്ണുങ്ങൾ കിടന്നു വഴക്കടിക്കുന്നതും പങ്കു വയ്ക്കുന്നതിന്റെയും ബഹളം നല്ല പോര് നടന്നു.ഒരു കൈകൊണ്ട് ഇതെല്ലം ചെയ്യുമ്പോളും മറ്റേ കൈകൊണ്ടു ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇടുന്നു ഫ്രീക്ക് മകൻ ബേസിൽ ..ബഹളത്തിനൊടുവിൽ മുറ്റത്തേക്ക് ഒരു വണ്ടി വന്നു നിന്നു അതിൽനിന്നും .. ശവപ്പെട്ടിയുമായി ഏറ്റവും ഇളയമകൻ സണ്ണിക്കുട്ടി ഇറങ്ങി വന്നു ..എല്ലാവരും കൂടി ഓടി വന്നു .. ആ വരുന്ന കാഴ്ച കണ്ടു സണ്ണിക്കുട്ടി ഒന്ന് പരുങ്ങി.. ഇതെന്തു ഭാവിച്ചാ … എല്ലാവരും കൂടി പെട്ടിയെടുത്തുകൊണ്ടു നേരെ മുറിയിലേക്ക് പോയി സണ്ണിക്കുട്ടിക്ക് ആശ്വാസമായി..ഞൊണ്ടി കാലുമായി– സണ്ണിക്കുട്ടി അമ്മയുടെ മുറിവാതിൽക്കൽ എത്തി .അവിടെ എല്ലാവരും കൂടി അവനെ അകത്തേക്ക് കടത്തി വിട്ടില്ല ..സണ്ണി നേരെ തിരിച്ചു തന്റെ മുറിയിലേക്ക് പോയി ..കുളിമുറിയിലേക്ക് കയറി വാതിലടച്ചു ..പിന്നീട് ആളുകളുടെ വരവും ബഹളവും നിലവിളികളും ..അതിനിടയിൽ സംസ്കാര ചടങ്ങുകൾ . മന്ത്രിമാരും ബിഷപ്പുമാരും അച്ചന്മാരും അങ്ങനെ ആ കൊച്ചേട്ട് വീട് ആളുകളെ കൊണ്ട് നിറഞ്ഞു ..ബഹളം കിഴിക്കെട്ടുകൾ കൊടുക്കൽ വാങ്ങലുകൾ ..അങ്ങനെ എല്ലാം കണ്ടും അമ്മയും അപ്പനും ..സംസ്കാര ചടങ്ങുകൾ
കൊച്ചു മക്കള് ഫേസ്ബുക്ക് ലൈവിട്ടു.കുഴിയിലേക്ക് മണ്ണിടുമ്പോൾ എല്ലാ മക്കളുടെയും മുന്തിയ ഫോട്ടോയോടുകൂടി വാട്ട്സ്അപ്പ് സ്റ്റാറ്റസ് ലവ് യൂ ‘അമ്മ മിസ്സ് യൂ എന്നാക്കി മാറ്റി. സ്മിതയുടെ കെട്ടിയോൻ അമ്മ മരിച്ച തെളിവ് ആയിട്ട്. സെൽഫി ഒരെണ്ണം തന്റെ അറബിക്ക് അയച്ചു കൊടുത്തു ..ആ ബേസിൽ വല്ല സ്ഥാനക്കയറ്റവും കിട്ടിയാലോ …ശവമടക്ക് കഴിഞ്ഞു വന്നുകൂടിയ എല്ലാവരും പിരിഞ്ഞു പോയി …
കാക്കകൾ വീണ്ടും ഒച്ചവെക്കാൻ തുടങ്ങി .. അമ്പലത്തിലെ ദീപാരാധന കഴിഞ്ഞു ..
കൊച്ചു പിള്ളേർ ബഹളം കൂട്ടി മൂത്ത മകനോട് ത്രേസിയാമ്മ പറഞ്ഞു .പിള്ളേർക്ക് വേണ്ടി ടിവി വയ്ക്കുന്നെ.. എന്നിട്ട് കുറച്ചു കഴിഞ്ഞു എല്ലാരും പോയി കഴിഞ്ഞു നമുക്ക് സീരിയൽ കാണാം.എല്ലാവരും ഒരേ സ്വരത്തോടെ സമ്മതം മൂളി …മകനും അളിയന്മാരും കൂടി പുറത്തു പോയി ചിക്കൻ ബിരിയാണി വാങ്ങിക്കൊണ്ടു വന്നു.കഞ്ഞിയും പയറും കഴിച്ചു മടുത്തു ..മൂന്നു ഫുള്ളും ചിക്കനും തീർന്നത് അവർ അറിഞ്ഞില്ല .
പിന്നെ മറ്റു ചടങ്ങുകളുടെ തീരുമാനങ്ങൾ അതിനു ഏതു സാരി ഉടുക്കും എന്നതായി പെണ്ണുങ്ങൾക്കിടയിലെ പ്രധാന ചർച്ച.
ആണുങ്ങൾക്കിടയിലെ ചർച്ച അടിക്കുന്ന കാർഡിൽ വയ്ക്കേണ്ട പേരുകളെക്കുറിച്ചും .. ഇതെല്ലാം കണ്ടും കേട്ടും സണ്ണിക്കുട്ടി തന്റെ പോളിയോ ബാധിച്ച കാൽ തിരുമ്മി ചാര് കസേരയിൽ കിണറുകരയിലേക്കു നോക്കി ..അങ്ങനെ വെള്ളമൂടിയ കട്ടിലിന്റെ കാൽക്കൽ അണയാതെ തിരികത്തിയിരുന്നു ..ഇടക്കിടക്ക്
കല്ലറയിൽ വേലക്കാരിയും സണ്ണിക്കുട്ടിയും തിരികത്തിച്ചു മടങ്ങി. ആ കിണറ്റുങ്കരയിലിരുന്നു രണ്ടാത്മാക്കള് നീറുന്നത് കണ്ട് വളർത്തുനായകൾ ഓരിയിട്ടു ..ആരു കാണാൻ . ദേ നമുക്ക് പോകാം ..’അമ്മ അപ്പനോട് പറഞ്ഞു ..ഇക്കുറി അപ്പൻ നിൽക്കൂ ബാക്കികൂടി നിനക്ക് കാണേണ്ടേ ..
എല്ലാരീതിയിലും മുന്തിയ രീതിയിൽ നാൽപത് കഴിഞ്ഞു ..പെണ്മക്കൾക്കും മരുമക്കൾക്കും ആകാംഷ ..എല്ലാവരും ഒന്നിച്ചു ചോദിച്ചു …ആ താക്കോൽ ഇനിയും കിട്ടിയില്ലേ …സണ്ണിക്കുട്ടിയുടെ കയ്യിൽ കാണും …ഇല്ലെങ്കിൽ നമുക്ക് അലമാരയുടെ പൂട്ട് പൊളിക്കാം.. എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു.  ശരി പൊളിക്കാം മാത്യൂസ് ചുറ്റികയെടുത്തു ..അടിക്കാൻ തുടങ്ങുമ്പോൾ .. സണ്ണിക്കുട്ടി ഉച്ചത്തിൽ പറഞ്ഞു പൊളിക്കേണ്ട താക്കോൽ എന്റെ കൈയ്യിൽ ഉണ്ട് .. ഇതാ ആരാണെന്ന തുറന്നോ …താക്കോൽ ആ കട്ടിലിലേക്ക് എറിഞ്ഞിട്ടിട്ടു സണ്ണിക്കുട്ടി നേരെ കിണറ്റുകരയിലെ അരഭിത്തിയിൽ കയറിയിരുന്നു .അപ്പന്റെയും അമ്മയുടെയും തൊട്ടടുത്ത് ..അപ്പനും അമ്മയും അവനെ ഒന്ന് തലോടി പക്ഷെ സണ്ണിക്കുട്ടിക്ക് ഒന്നും അറിയാൻ പറ്റില്ലല്ലോ ..’അമ്മ വിതുമ്പി .അപ്പൻ നീ മിണ്ടാതിരിയെടി — ഓടിചെന്ന് ജോസുകുട്ടി താക്കോൽ എടുത്തു. അലമാര തുറന്നവര് ഞെട്ടി.ഒരു വിൽപത്രം .. ഒന്നു കൂടി നോക്ക് സ്മിത ആകാംഷയോടെ പറഞ്ഞു …ജോസുകുട്ടി കൈ നീട്ടിയിട്ടു തപ്പി.. എന്തോ കൈയ്യിൽ തടഞ്ഞു വീണ്ടും ഒരു കടലാസ്സു കഷണം … ഒരു കത്ത് . .പിന്നെ രണ്ടുമൂന്നു താക്കോലുകളും . പിന്നെ എല്ലാവരും വട്ടം കൂടി കത്ത് വായിക്കാൻ.. ജോസുകുട്ടി കത്ത് തുറന്നു ഉറക്കെ വായിച്ചു.എല്ലാവരും കാതോർത്തിരുന്നു ..

സ്നേഹം നിറഞ്ഞ മക്കളെ
അപ്പൻ മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് .. ഒരു കാര്യം എന്നോട് പ്രത്യേകം പറഞ്ഞിരുന്നു. നിന്നെ നല്ലപോലെ സ്നേഹത്തോടെ നോക്കുന്നവർക്ക് വേണം.. ഈ വീതമെല്ലാം വീതിച്ചു കൊടുക്കാൻ.അപ്പോൾ നിങ്ങൾ എല്ലാവരും നിങ്ങളുടെ ലോകവുമായി ജീവിച്ചു ..എന്നെ നോക്കിയത് കാൽ പാടില്ലാത്ത  സണ്ണിക്കുട്ടിയും വേലക്കാരിയും മാത്രമാണ് ..അതിനാൽ നിങ്ങൾ ആരും തന്നെ ഞങ്ങളുടെ ഈ സ്വത്തിനു അർഹരല്ല .അതു കൊണ്ട് എന്നെ സ്വന്തം അമ്മയായി
കരുതി നോക്കിയ വേലക്കാരിക്കും കാലു വയ്യാത്ത എന്റെ സണ്ണിക്കുട്ടിക്കും ഈ സ്വത്തുക്കൾ യഥേഷ്ടം നൽകുന്നു .
പിന്നെ ഇത്ര നാളും നിങ്ങള് അന്വേഷിച്ച ഫ്ളാറ്റിന്റെ താക്കോൽ പൂമാലയിട്ടു ഭിത്തിയിൽ തൂക്കി…. ലെഡ് ലൈറ്റ് കൊടുത്തു കെടുകയും തെളിയുകയും ചെയ്തിരുന്ന .. അപ്പന്റെ മാറാല പിടിച്ച ഫോട്ടോയുടെ പിറകിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് . ഫ്ലാറ്റ് വിറ്റു നിങ്ങൾക്കെല്ലാവർക്കും ഒരു പോലെ വീതിച്ചെടുക്കാം ..ആ വീതത്തിൽ സണ്ണിക്കുട്ടിക്ക് അവകാശം ഇല്ല .എന്റെ മക്കൾ എന്നെ സ്നേഹിച്ചത് പോലെ നിങ്ങളുടെ മക്കൾ നിങ്ങളെ സ്നേഹിക്കാതെയിരിക്കാൻ ഇതൊരു പാഠമാകട്ടെ നിങ്ങൾക്ക് …
എന്ന് നിങ്ങളുടെ സ്നേഹം കിട്ടാത്ത അമ്മ… കൊച്ചേട്ടു വീട്ടിൽ ഏലിയാമ്മ ചേടത്തി.. ‘അമ്മ കുമ്മ .. ദേഷ്യത്തോടെ ജോസുകുട്ടി
കത്ത് ആകാശത്തേക്ക് വലിച്ചെറിഞ്ഞു ഉറക്കെ ത്രേസിയാമ്മയോടായി പറഞ്ഞു.. മതി നിന്റെ പൊറുതി ..എടുക്കാനുള്ളത് എടുത്തു കൊണ്ട്.. പിള്ളേരെയും വിളിച്ചു വേഗം ഇറങ്ങിക്കോ… ഒള്ള പണിക്കു പോയാൽ മാസ ശമ്പളം കൊണ്ട് ജീവിക്കാം .. എല്ലാരോടുമായി ജോസുകുട്ടി പറഞ്ഞു ഫ്ലാറ്റ് വിറ്റിട്ടു എന്റെ വീതം ബാങ്കിലേക്കിട്ടു തന്നാലേ ഞാൻ ഒപ്പിട്ടു തരൂ .. കൊച്ചേട്ടൂ വീടിന്റെ മുൻപിലേക്ക് മുന്തിയ കാറുകൾ പാഞ്ഞെത്തി ..പെട്ടിയും മക്കളുമായി എല്ലാവരും കിണറ്റുംകരയിലിരിക്കുന്ന സണ്ണിക്കുട്ടിയെ തറപ്പിച്ചു നോക്കി .. നീ മുടിഞ്ഞുപോകട്ടെ എന്ന് മനസ്സിൽ പ്രാകി കൊണ്ട് .. വണ്ടികൾ എല്ലാം ഓടി മറഞ്ഞു .. സണ്ണിക്കുട്ടി കുനിഞ്ഞിരുന്നുകൊണ്ടു കണ്ണുനീർത്തുള്ളികൾ തുടച്ചു .. വേലക്കാരി പണിയെല്ലാം തീർത്തു സണ്ണിക്കുട്ടിയോടു യാത്രപറഞ്ഞു ഞാൻ നാളെ വരാം സണ്ണിക്കുട്ടി .. സണ്ണിക്കുട്ടി വേലക്കാരി ചേച്ചിയോട് എല്ലാം പറഞ്ഞു… നാളെ ചേച്ചിയുടെ വീതം എഴുതി മാറ്റണം ..അതൊന്നും വേണ്ട സണ്ണിക്കുട്ടി..ഇല്ല അത് അപ്പന്റെയും അമ്മയുടെയും വിൽപ്പത്രമാണ് അതിനു മാറ്റമില്ല …വേലക്കാരി ഓടി മറഞ്ഞു നേരം ഇരുട്ടുന്ന മുൻപേ എനിക്ക് വീട്ടിലെത്തണം .. സണ്ണിക്കുട്ടി പെട്ടെന്ന് കിണറ്റുങ്കരയിൽ നിന്നും എണീക്കാൻ ശ്രമിച്ചു.. ബാലൻസ് തെറ്റി മറിഞ്ഞു വീണു .. ആരോ കൈ പിടിച്ചു എണീപ്പിച്ചു ..സണ്ണിക്കുട്ടി അവിടെ മുഴുവൻ നോക്കി ആരെയും കണ്ടില്ല.. ഞൊണ്ടിക്കാലൻ സണ്ണിക്കുട്ടി വീണേ ..എവിടെനിന്നോ ഒരു കളിയാക്കി ചിരി നിങ്ങൾ കേട്ടോ .. സണ്ണിക്കുട്ടിക്ക് ഒന്നും മനസ്സിലായില്ല ..കിണറ്റിലേക്ക് കണ്ണുകൾ എറിഞ്ഞു അവൻ അകത്തെ മുറിയിലേക്ക് നടന്നു.നിങ്ങൾ കണ്ടോ മനുഷ്യ ഇതാണ് നമ്മുടെ മക്കളുടെ സ്നേഹം .. ഇല്ല ഇനി നിന്നെ ഒറ്റക്കാക്കി ഞാൻ പോകില്ല നമുക്ക് ഒന്നിച്ചു തന്നെ പോകാം …പെട്ടെന്ന് ഒരു കാറ്റ് വന്നു ആ കാറ്റിൽ സണ്ണിക്കുട്ടിയെ അനുഗ്രഹിച്ചു കൊണ്ട് ആ രണ്ടാത്മാക്കള് സന്തോഷത്തോടെ ആകാശത്തേക്കുയർന്നു.. സ്വർഗത്തിലേക്ക് നടന്നു കയറി .. സന്തോഷത്താൽ ആകശത്തുനിന്നും മഴ പൊടിഞ്ഞുകൊണ്ടേയിരുന്നു..

ജോർജ് കക്കാട്ട്

By ivayana