രചന : ഉണ്ണി കെ ടി

ഒടുവിലൊരു പാട്ടുകൂടിപ്പാടട്ടെ ഞാന്‍,
ഓടക്കുഴലിതുടഞ്ഞുപോകും മുന്‍പേ…
ഒരിത്തിരിനേരം ചാരത്തുനില്‍ക്കു നീ…,
ഒത്തിരിയിടറിപ്പോയെന്നൊച്ചയെങ്കിലും
ഓര്‍ത്തുപാടിടാം ഞാനാ ഗീതകം…!!!
ശേഷിപ്പതായ് കുറുകുന്ന ജീവനില്‍
ശാസിപ്പതിന്നധികാരി നീയധരത്തില്‍
വിരല്‍വച്ചു വിലക്കുന്നുവോ…?
വിഫലജന്മത്തിന്‍ ഗാഥയിതു കേട്ടു
വെറുതെച്ചിരിച്ചീടുക, വൃത്താന്ത
മെല്ലാം മറന്നിനിയും വിഷാദം
വെടിഞ്ഞീടു നീ…!
വിടപറയും നേരം വിലങ്ങുമക്ഷര
ങ്ങളെത്തടുത്തുകൂട്ടി വാക്കുമുറിയാ-
തെ ചൊല്ലാം യാത്രാമൊഴി,നീയോര്‍മ്മയില്‍
നിന്നുമായ്ക്കണം നിസ്വനാമീ ജീവന്‍റെ -യടയാളങ്ങളോരോന്നും…!
ഇനിയില്ല പിന്മടക്കം ഇതൊന്നേ
പോരുമെനിക്കുജന്മമിതിലേഴിനും
പോന്ന ദുരിതക്കടല്‍ തുഴഞ്ഞൊരു
കരയും തൊടുവാനായില്ലിനിയും
ദൌത്യങ്ങള്‍ ബാക്കിയെന്നുചൊല്ലി-
യാലോ വിധാതാവുതന്‍ കളിമ്പങ്ങള്‍!!!
തിരപ്പുറത്തശാന്തയാനത്തില്‍
തുടിക്കും ചേതന ഭീതിയാല്‍,
തുള്ളിനില്ക്കും നിലവിളിയും
തുള്ളിവറ്റാത്ത മിഴിനീരുമായ്!!!
അശാന്തഋതുക്കള്‍തന്‍ പകര്‍ന്നാട്ട-
ങ്ങളിലശാന്തം, നിതാന്തം തുടരേണ്ടും
നിയോഗങ്ങളില്‍ നിന്നു തേടുന്നു
മുക്തിയേതു വരപ്രസാദ,മേതുദേവ-
പാദം…?
ഉപാസനകളിങ്ങനെയനിശ്ചി-
തങ്ങളാകവേ ഇരുണ്ടുപോകുന്നു
ഇമയടഞ്ഞ നയനത്തിന്നാഴങ്ങളില്‍
ഇത്തിരിപ്രാണനും ഇതളടര്‍ന്ന
മോഹങ്ങളും…!
ഒരുവേളയിനിയില്ല നേരമെങ്കിലോ…,
ഒടുവിലായൊരു പാട്ടുകൂടി കൂടി
പാടട്ടെ ഞാന്‍, ഓടക്കുഴലിതുടഞ്ഞു
പോകുംമുന്‍പേ …!!!

ഉണ്ണി കെ ടി

By ivayana