: സൗദി അറേബ്യയിലെ റിയാദ് – ജിദ്ദ പാതയില്‍ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു. ഇവരെ കൂടാതെ ഒരാള്‍ കൂടി അപകടത്തില്‍ മരിച്ചു. കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള നഴ്‌സുമാരാണ് അപകടത്തില്‍ മരിച്ചത്. കൊല്ലം, ആയൂര്‍ സ്വദേശി സുബി (33) കോട്ടയം, വൈക്കം, വഞ്ചിയൂര്‍ സ്വദേശി അഖില (29) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാര്‍. അപകടത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റു.
മലയാളികളായ മറ്റു രണ്ടു നഴ്സുമാരെയും തമിഴ്‌നാട്ടുകാരായ മൂന്ന് നഴ്‌സുമാരെയും പരിക്കുകളോടെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ഇവരെ ത്വായിഫിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരുകയാണെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ അടങ്ങുന്ന സംഘത്തില്‍ പെട്ടവര്‍ സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ മലയാളി നഴ്സുമാരെ കൂടാതെ പശ്ചിമ ബംഗാള്‍ സ്വദേശിയായ ഡ്രൈവര്‍ ആണ് മരണപ്പെട്ട മൂന്നാമത്തെയാള്‍.ഈ മാസം മൂന്നിന് സൌദിയിലെ റിയാദില്‍ എത്തി ജിദ്ദയിലെ വിവിധ ആശുപത്രികളില്‍ ജോലിക്ക് കയറേണ്ടിയിരുന്നവരാണ് അപകടത്തില്‍ പെട്ടത്. റിയാദിലെ ഹോട്ടലില്‍ ക്വറന്‍റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ ജിദ്ദയിലേക്കു തിരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മലയാളി നഴ്സുമാര്‍ ഉള്‍പ്പടെ സഞ്ചരിക്കുകയായിരുന്ന മിനി ബസ് ത്വായിഫിന് സമീപം വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.
നിയന്ത്രണം തെറ്റിയ മിനി ബസ് റോഡിന് അരികിലുള്ള താഴ്ചയിലേക്കു മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്ന് പൊലീസ് പറയുന്നു. അമിത വേഗതയിലായിരുന്നതാണ് അപകടത്തിന്‍റെ ആഘാതം വലുതാക്കിയത്.താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സമീപ വാസികളും പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ പെട്ട സംഘത്തില്‍ നിന്ന് പരിക്കേറ്റ നഴ്‌സുമാരില്‍ രണ്ടു പേര്‍ മലയാളികളാണ് – നാന്‍സി, പ്രിയങ്ക എന്നിവര്‍. ഇവരെയും തമിഴ്ന്നാട്ടുകാരായ കുമുദ, റജിത, റോമിയോ കുമാര്‍ എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാന്‍സി, പ്രിയങ്ക എന്നിവരെ ത്വായിഫിലെ കിംഗ് ഫൈസല്‍ ആശുപത്രിയിയിലും കുമുദ, റജിത, റോമിയോ കുമാര്‍ എന്നിവരെ ത്വായിഫിലെ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
മരിച്ച മൂന്നു പേരുടെയും മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയും പോസ്റ്റു മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന കാര്യം തീരുമാനിക്കുക.