രചന : വൈഗ ക്രിസ്റ്റി
പതിവിലുമേറെ പഴുത്തതിനാൽ
അഴിഞ്ഞു വീഴാൻ വിധിക്കപ്പെട്ട
ഒരില ,
കാറ്റിനോടൊപ്പം ഒരു സെൽഫി ,
വായിച്ചു തീർക്കാതെ
അടച്ചു വച്ച
ഒരു ചിത്രകഥാപുസ്തകം ,
നോക്കൂ !
ഞാനെൻ്റെ ലോകം സൃഷ്ടിക്കുകയായിരുന്നു
എൻ്റേതല്ലാത്ത രണ്ടു കണ്ണുകളിൽ
നോക്കിയിരുന്ന് കടഞ്ഞ കാഴ്ച
സാവധാനം പറിച്ചെടുത്ത്
ഞാനെൻ്റെ ലോകത്തെ
എന്നിലേയ്ക്ക് വലിച്ചുകെട്ടി നിർത്തി
എൻ്റെ ലോകത്തേക്ക്
നീ ഒന്നു നോക്കൂ
നിൻ്റെ കണ്ണുകളിലെ ജ്വാല
കാണാതിരിക്കാൻ തക്കവണ്ണം
ഞാനത്രയ്ക്ക് അന്ധയായിട്ടില്ല
ദൈവമേ !
കൊഴിഞ്ഞു വീണ ,
ആയുസ് തീർന്ന , മുടിയിഴകളിലോരോന്നിലും
എഴുതി വയ്ക്കപ്പെട്ട നിൻ്റെ പേര്
പഴകി ദ്രവിക്കാൻ തക്കവണ്ണം
ഞാനത്രയ്ക്ക് വൃദ്ധയുമല്ല
നോക്കൂ !
എൻ്റെ ലോകം എന്ന്
ഞാൻ മുമ്പ് പറഞ്ഞ ആകാശം
നിന്നെക്കാളെത്ര ലളിതം !
നീ നിൻ്റെ കാറ്റ് ഒന്ന് വീശി നോക്കൂ
കടന്നു പോകുന്നിടമെല്ലാം
എൻ്റെ ,എൻ്റെ… എന്ന്
പറയുന്ന തരത്തിലൊന്ന് …
എന്നാൽ
അതിനെത്തിപ്പിടിക്കാനാവാത്ത വിധം
അരിക് പഴുത്തിരിക്കുന്നു
എൻ്റെ ലോകം
ദൈവമേ !
തികച്ചും വ്യത്യസ്തമെങ്കിലും ,
എൻ്റേതെന്ന് ഞാൻ അവകാശപ്പെടുന്ന
ചെറിയ എൻ്റെ ലോകം.