രചന : സിന്ധു ഭദ്ര
ദാരിദ്യത്തിന്റെ കൊടും ചൂട്
ഉള്ളു പൊള്ളിച്ചപ്പൊഴാണ്
കത്തുന്ന വെയിലിലേക്ക്
അവർ ഇറങ്ങിത്തിരിച്ചത്
ഒരിക്കലവരുടെ നാമ്പുകളിൽ
ജീവന്റെ ജലകണമിറ്റിരുന്നു
ഭൂമിതൻഹരിതാഭയാർന്ന
പുതപ്പണിഞ്ഞിരുന്നു.
ഉഴുതുമറിച്ച നിലങ്ങളിലെ
പ്രതീക്ഷയുടെ മുള പൊട്ടിയ
ജീവന്റെ നാമ്പുകൾ
അതിവേനലിന്റെ തീചൂടിൽ
കരിഞ്ഞുണങ്ങുമ്പോൾ
പിടഞ്ഞു തീരുന്ന ജൻമങ്ങൾ
പരിഭവം പറയാതെ തല കുനിച്ചിരിപ്പാണ്.
പ്രളയവും കൊടും കാറ്റും
പടി കയറി വന്ന രാവിൽ
കുത്തിയൊലിച്ച മണ്ണിൽ
കരിഞ്ഞുണങ്ങിയ നാമ്പുകൾ
പിന്നെയും പറ്റിപ്പിടിച്ചിരിപ്പുണ്ട്
തിരയെടുത്ത ജീവനെ തിരികെ തരാൻ
കാത്തിരിക്കുന്നവരെ പോലെ
കരക്കടിഞ്ഞ സ്വപ്നങ്ങൾ പെറുക്കി
കരിഞ്ഞുണങ്ങിയ നാമ്പുകളെല്ലാം
പിന്നെയുമൊന്ന് തളിർത്തു പച്ചക്കാൻ
ജീവന്റെതെളിനീരിനുറവ തേടുന്നുണ്ട്!
ഓരോ ജീവജാലങ്ങളും
കത്തുന്ന വേനലിൽ
ഒരിറ്റു ദാഹനീരിനായ്
ഉറവ തേടി അലയുന്നുണ്ട്..