രചന : ഷിയ ആന്റണി ഷിജി.
ഇവിടെ,,,
പ്രണയവും വിരഹവും നിറഞ്ഞാടുമ്പോൾ,,
തെരുവിന്റെ മൂലയിലേക്കൊന്നു
പാളി നോക്കുക,,.
ചലനമറ്റു ഏകാന്തതയുടെ
ഏതോ കോണിലേക്കുറ്റു നോക്കുന്ന
മുഷിഞ്ഞ ഭാണ്ഡക്കെട്ടുകൾക്കിടയിലെ നിർജ്ജീവ മുഖക്കാഴ്ച..
ഒരു നേരമന്നം വെടിഞ്ഞിലയിൽ പൊതിഞ്ഞു കൈ നീട്ടുക.
ചേതനയറ്റ മുഖഭാവം തിളക്കത്തിലേക്ക് വഴിമാറുമ്പോൾ,,
ആ പ്രകാശത്തെ ആവാഹിച്ചെടുക്കുമത്രേ
സ്വയം നിൻ കണ്ണുകൾ ..
വീണ്ടും…
മാംസ പിണ്ഡങ്ങൾക്കായി തീർത്തൊരാശ്രമ
പാഥേയത്തിലേക്കടി വെയ്ക്കുക…
മനുഷ്യജന്മം പൂണ്ട
വിധി വൈകൃതങ്ങളുടെ
നേർക്കാഴ്ചകൾ കാണാം..
നേർത്തൊരു സ്നേഹത്തലോടലിൽ
പൊള്ളിപ്പിടയുന്ന ഒറ്റച്ചുഴി കണ്ണിലെ
പൊട്ടിയൊഴുകുന്ന നീരുറവ കാണാം..
അടുത്തൊരു കൂടാരത്തിലെ
പ്രിയങ്ങളെ കാണുന്നുണ്ടോ???
മന്ദബുദ്ധികളെന്നു
നാമകരണം ചെയ്തവർ !!
ഒരിറ്റുവറ്റു വാരിക്കൊടുക്കുമ്പോൾ
തുപ്പലൊലിപ്പിച്ചു കൊണ്ടമ്മേ ‘യെന്ന്
വിളിച്ചു ചിരിക്കുന്ന നരച്ച മക്കൾ..
ചേർത്തു പിടിച്ചു നെറ്റിയിലർപ്പിച്ച
ചുംബനച്ചൂടു കണ്ണിൽ പൊള്ളുമ്പോളടരുന്ന നീര്,,
അത് മാതൃത്വം ചുരത്തിയതാണ്.
വീണ്ടുമുണ്ട്.. ബാല്യകൗമാരയൗവ്വനമെന്ന
തീക്ഷ്ണകാലം കഴിഞ്ഞു വാർദ്ധക്യത്തിലൂന്നിയപ്പോൾ
പടിയിറക്കപ്പെട്ട മു’ക്കാലികൾ !!
ഊന്നുവടിയാകാനാവില്ലെന്ന് മക്കൾ.
പാതിയടഞ്ഞ ജനൽപാളി തുറന്നു
പ്രതീക്ഷയുടെ ചുളിവുകൾ തീർത്ത രണ്ടു കണ്ണുകൾ..
അവർക്കുമിടയ്ക്കൽപ്പനേരം തണലാകുമ്പോൾ
കുളിർമയാകുന്നത് ആത്മാവിൻ വേരുകളിലാണ്..
ഇനിയുമെത്രയോ ജീവിതങ്ങൾ
വരികളാൽ കൂട്ടിച്ചേർക്കപ്പെടാനാവാതെ.
ചുണ്ടനക്കങ്ങൾക്കൊപ്പം
സത്പ്രവർത്തികളുമാകുമ്പോഴത്രെ,
‘പ്രാർത്ഥന ‘പൂർണമാകുന്നത്
നന്മമരമോ,, പുകഴ്ത്തലികഴ്ത്തലുകളിൻ ചമയലുകളോ അല്ല
ജീവിതങ്ങളിലെ ചില നേർക്കാഴ്ചകൾ..
ഇങ്ങനെയുമുണ്ടല്ലോ ജീവിതനോവുകൾ.