രചന : റോബി കുമാർ.
നമ്മൾ വീണ്ടും കണ്ടുമുട്ടും.
പൊട്ടി പോയ ബലൂണുകളും
ഉണങ്ങി ചത്ത നമ്മുടെ ആമ്പലുകളും
നീ മറന്നിട്ടുണ്ടാവും.
പുതിയ ജീവിതത്തിൽ നിന്റെ അരക്കെട്ട്
വല്ലാതെ ശോഷിച്ചിട്ടുണ്ടാവും.
നിന്റെ വിരലുകൾ സോപ്പ് വെള്ളം വീണ്
വിണ്ടു കീറിയിട്ടുണ്ടാവും.
നിന്റെ കൈകളിൽ അവിടവിടെ
കഞ്ഞിവെള്ളം വീണ് പൊള്ളിയ
പാടുകളിലേക്ക് ഞാൻ നോക്കും,
അപ്പോളും നിന്റെ ഉള്ളിൽ
അടുപ്പിലെ കഞ്ഞിക്കലത്തിന്റെ
തിളയുടെ എണ്ണമാവും.
കുട്ടികളെ മുടി ചീകി സ്കൂളിൽ വിടാനുള്ള തിരക്കിൽ
നിന്റെ ജിമിക്കി കാണാതെ പോയത്
നീ മനപ്പൂർവം മറക്കും.
തുടച്ചിട്ട തറയിൽ പൂച്ച കേറുന്നുണ്ടോ
എന്ന ശ്രെദ്ധയിലോട്ട് നീ വീണ്ടും മാറും.
എഴുതാറില്ലേ എന്ന ചോദ്യത്തിന്
ജീവിതം ചുമക്കുന്നു എന്ന്
പുച്ഛത്തോടെ നീ എന്നെ കിറി കോട്ടി നോക്കും.
അതാരാ എന്ന ബെഡ്‌റൂമിൽ നിന്ന് പൊന്തിയ
ചോദ്യത്തിന്
ഒരു പഴയ സുഹൃത്താ എന്ന് നീ
വിറയലില്ലാതെ മറുപടി നൽകും.
എന്റെ ഇടത് മുല കണ്ണിൽ
നീ കടിച്ച പാടിൽ വേദനയോടെ ഞാൻ തൊടും.
കണ്ണെഴുതാനും ചുവന്ന പൊട്ട് തൊടാനും
നീ മറന്നു പോയിരിക്കുന്നുവെന്ന്
നീ വീണ്ടും നിന്നിലേക്ക് തിരിയും.
നീയെനിക്ക് അമ്മയുമായിരുന്നെന്ന്
ദൈന്യതയോടെ നിന്റെ കണ്ണുകളിലേക്ക് നോക്കും.
നീയെന്റെ കുഞ്ഞായിരുന്നെന്ന് എന്റെ കൈകളിലേക്കും.
നിനക്ക് സുഖമാണോ എന്ന ചോദ്യം
എന്റെ തൊണ്ടയിൽ പിടഞ്ഞ് മരിക്കും.
നിന്റെ നിറമുള്ള ദൈവപെണ്ണല്ല ഞാനിന്നെന്ന്
നിന്റെ ഉള്ള് പിടയുന്നത് ഞാൻ കേൾക്കും.
മരിച്ചു പോയ സ്വൊപ്നങ്ങളെ
തോണ്ടി പുറത്തിടാതിരിക്കാൻ
ഓരോ വാക്കിലും നീ ശ്രെദ്ധിക്കും.
നിന്റെ കണ്ണിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങൾ
ഇറങ്ങിയോടും.
ചോറിന്റെ വേവ് നോക്കാൻ നീ
അടുക്കളയിലേക്കോടുമ്പോൾ
യാത്ര പറയാതെ ഞാനിറങ്ങും.
ഒരാകാശം
എന്റെ ഉച്ചിയിൽ ഇടിഞ്ഞു പതിക്കും.