രചന : വിദ്യ തുളസി.

പ്രിയപ്പെട്ടവരെ.. എല്ലാവർക്കും എന്റെ നമസ്ക്കാരം.
മധുസാർ മൈക്കിലൂടെ അദ്ധ്യാപകർ നിറഞ്ഞ സദസ്സിനെ നോക്കി പറഞ്ഞു.

നമ്മൾ ഇന്നിവിടെ കൂടിയിരിക്കുന്നത് നമ്മളെ വിട്ടു പിരിയുന്ന, നമ്മുടെ പ്രിയപ്പെട്ട ശ്രീമതി കലാദേവി ടീച്ചറെ സ്നേഹത്തോടെ യാത്രയാക്കാൻ വേണ്ടിയാണ് ..
ടീച്ചർ നമ്മുടെ സ്കൂളിന്റെ അഭിമാനമായിരുന്നു.
ഒരിക്കലും മറക്കാനാവാത്ത ഒരുപാട് കാര്യങ്ങൾ ഈ സ്കൂളിന് വേണ്ടി ചെയ്തുതന്ന നമ്മുടെ ടീച്ചർ, കുറച്ചു ദിവസങ്ങൾ കൂടെ കഴിഞ്ഞാൽ ഈ സ്കൂളിനോട് വിടപറയുകയാണ്.

ടീച്ചർക്ക്, സഹപ്രവർത്തകരായ നമ്മളോട് എന്തൊക്കെയാണ് പറയാനുള്ളതെന്ന് നമുക്ക് കേൾക്കേണ്ടേ?.
ഞാനിതാ ടീച്ചറെ ഈ വേദിയിലേയ്ക്ക് ക്ഷണിക്കുകയാണ്.

വേദിയിൽ നിന്നുയരുന്ന കരഘോഷങ്ങൾക്കിടയിലൂടെ
കലാദേവി ടീച്ചർ ഇടതുകാൽ വലിച്ചു വലിച്ച് നടന്നുവന്ന് സ്‌റ്റേജിലേയ്ക്ക് കയറി.
തൊഴുകൈളോടെ ടീച്ചർ പറഞ്ഞു.

“പ്രിയപ്പെട്ടവരേ.. നിങ്ങൾ ഏവരും എനിക്കു തന്ന സ്നേഹത്തിന് നന്ദി.
എന്റെ കുഞ്ഞുങ്ങളേയും
എന്റെ സഹപ്രവർത്തകരേയും വിട്ടുപിരിയുന്നതിൽ വളരെയേറെ സങ്കടമുണ്ട്.
പക്ഷേ, പിരിയുക എന്നത് അനിവാര്യമായ കാര്യമാണല്ലോ! അനേകം സ്കൂളുകളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
ഞാൻ.. അവസാനം പിരിഞ്ഞുപോകാൻ വിധി എന്നെ അനുവദിച്ചത്
ഈ സ്കൂളിൽ നിന്നാണ്.

എന്റെ വീടുതന്നെയായിരുന്നു ഈ വിദ്യാലയം.
എനിക്ക് ഇനി കുറേ നാൾ
ഏറെ ബുദ്ധിമുട്ടുണ്ടാകും.
കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ജോലിയായിരുന്നു അദ്ധ്യാപനം എന്നത്.
ഇത്രയും കാലത്തിനിടയിൽ ഏറെയും സന്തോഷമുള്ള അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ
എനിക്കു വളരെയേറെ സങ്കടം തന്ന ഒരു സംഭവമായിരുന്നു,
നമ്മുടെ സഹപ്രവത്തകയായ
രേഷ്മ രാജുവിന്റെ മരണം.

നമ്മുടേയും കുട്ടികളുടേയും പ്രിയങ്കരിയായിരുന്നു രേഷ്മ ടീച്ചർ.
അവർ ഒരുപാട് സ്നേഹിച്ചിരുന്ന അവരുടെ ഭർത്താവ്, പെട്ടെന്ന് ഒരു ദിവസം മറ്റൊരു സ്ത്രീയെ സ്നേഹിക്കുന്നുണ്ടെന്ന് അറിയുകയും, ആ ബന്ധം വേർപിരിയാൻ പറ്റാത്തതാണെന്ന് അറിഞ്ഞതിന്റെ ആഘാതം താങ്ങാനാവാതെയുമാണ്
രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കി
രേഷ്മ ടീച്ചർ നമ്മോടു വിട പറഞ്ഞത്.

അതോടെ, ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും ഇല്ലാതെയാവുകയായിരുന്നൂ…
പ്രായാധിക്യം കൊണ്ട് രേഷ്മയുടെ മാതാപിതാക്കൾക്ക് ആ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കഴിയാത്തതിനാലും,
മറ്റു ബന്ധുക്കൾക്ക് രണ്ടു പെൺമക്കളുടെ ചുമതലയേൽക്കാൻ താത്പ്പര്യം ഇല്ലാത്തതുകൊണ്ടും
രേഷ്മയുടെ
മക്കളുടെ രക്ഷകർത്താവായി അടുത്ത മാസം പതിനഞ്ചിന് ഞാൻ ചുമതലയേൽക്കുകയാണ്…”

അപ്പോൾ, വേദിയിൽ നിന്ന് കരഘോഷങ്ങൾ മുഴങ്ങി.

“ഇനി, നിങ്ങളിൽ പലരും എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യത്തിന് ഉത്തരം കൂടെ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്..
‘ടീച്ചറിന്റെ കഴുത്തിൽ താലിയുള്ള മാലയുണ്ട്… പക്ഷെ ഇന്നുവരെ അങ്ങനെ ഒരാളെ ഞങ്ങൾ കണ്ടിട്ടില്ല… ടീച്ചർ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടിട്ടുമില്ല…’
അന്ന് അങ്ങനെ ചോദിച്ചവരോടൊക്കെ എന്തൊക്കെയോ ഉത്തരങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്‌.
നിങ്ങളിൽ ചെറുപ്പക്കാരായ പലർക്കും അറിയാത്ത എന്റെ ജീവിതകഥ
ഇന്നു ഞാൻ നിങ്ങളോട് തുറന്നു പറയുകയാണ് ..

ആദ്യം ഞാൻ
ഒരു ചോദ്യം ചോദിക്കട്ടെ..
നിങ്ങളിലാരെങ്കിലും കണ്ണീരുകൊണ്ട് മുഖം കഴുകിയിട്ടുണ്ടോ?”

നിശബ്ദമായ സദസിൽ പലരും മുഖത്തോട് മുഖം നോക്കി.

“എന്നാൽ ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്…” ടീച്ചർ തുടർന്നു.
ഇതുകേട്ട ബിന്ധ്യ, അനുപ്രിയയുടെ തോളിൽ പിടിച്ചു കൊണ്ട് ചെവിയിൽ പറഞ്ഞു..
“യ്യോ! ഈ ടീച്ചർ ഇങ്ങനെയൊക്കെ സംസാരിക്കുന്ന ആളായിരുന്നോ?
കണ്ടാൽ എപ്പോഴും ഗൗരവമായിരുന്നു ആ മുഖത്ത്.
ജാഡയെന്നും, ഭയങ്കരി എന്നുമൊക്കെ കുട്ടികൾ വിളിക്കുമാരുന്നു.
സത്യം പറഞ്ഞാൽ ടീച്ചറിന് ചിരിക്കാനറിയില്ലേന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്..”

മൈക്കിലൂടെ ടീച്ചറിന്റെ ശബ്ദം വീണ്ടും മുഴങ്ങി.

“നല്ലൊരു കുടുംബജീവിതമായിരുന്നു എന്റേതെന്ന് ഞാൻ കരുതിയിരുന്ന
ഒരു കാലം ഉണ്ടായിരുന്നു.
എന്റെ മുപ്പത്തിയഞ്ചാമത്തെ വയസ്സിലായിരുന്നു എന്റെ രണ്ടാമത്തെ മകളുടെ ജനനം.
മകളുടെ ജനനത്തോടെ
വളരെ കഷ്ടത നിറഞ്ഞ വിധിയായിരുന്നു,
എനിക്കു നേരിടേണ്ടി വന്നത്.

ഓപറേഷൻ കഴിഞ്ഞ്
സെഡേഷൻ തന്നതിന്റെ മരവിപ്പ് മാറിക്കഴിഞ്ഞപ്പോഴാണ് ഞാനറിഞത്, എന്റെ ശരീരത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്ന്.
ഒരു വർഷത്തോളം
ശയ്യാവലംബിയായി ജീവിച്ച എനിക്ക്
താങ്ങും തണലുമാകണ്ട എന്റെ ഭർത്താവ്, ആറുമാസം കഴിഞ്ഞപ്പോൾ എന്നെയും
രണ്ടു പെൺകുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് മറ്റാരു ജീവിതം തേടിപ്പോയി.

സൗന്ദര്യവും ശരീരികാരോഗ്യവും കുറഞ്ഞു പോയ എന്നെ,
ഉപയോഗശൂന്യമായ സാധനങ്ങൾ വലിച്ചെറിയുന്ന ലാഘവത്തോടെ അയാൾ ഉപേക്ഷിച്ചു.
ശേഷമുള്ള എന്റെ ജീവിതം നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്.
മൂന്നു വർഷത്തെ സ്നേഹവും പതിനഞ്ച് വർഷത്തെ ഒന്നിച്ചുള്ള ജീവിതവും അവിടെ അവസാനിച്ചു.
ഏതോ ഒരു കൊടുംകാട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന അവസ്ഥ..!

മാനക്കേട് താങ്ങാനാവാതെ, ജീവനൊടുക്കുന്നതിനെക്കുറിച്ചു
ഞാനും ഒരിക്കൽ ചിന്തിച്ചതാണ്.
അന്ന്, എന്റെ മൂത്ത മകൾക്ക് പതിനൊന്നു വയസുണ്ടായിരുന്നു.
എന്നെ പരിചരിക്കുകയും കുഞ്ഞനുജത്തിയെ നോക്കുകയും ചെയ്യുന്ന അവൾ, ഉള്ളിലെ വിഷമം അടക്കിപ്പിടിച്ച് പലപ്പോഴും എന്നോടു പറയുമായിരുന്നു, ‘അമ്മ വിഷമിക്കരുത് ഞങ്ങൾക്ക് അമ്മ മാത്രമെ ഉള്ളൂ..
അച്ഛൻ മരിച്ചു പോയീ..ന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം’ എന്ന്.
എട്ടു മാസത്തെ ചികിൽസയ്ക്ക് ശേഷം
ഞാൻ മെല്ലെമെല്ലെ നടന്നു തുടങ്ങി..
ഇനി എന്റെ മക്കൾക്കു വേണ്ടിയാവണം എന്റെ ജീവിതം എന്നു ഞാൻ അന്നു തീരുമാനിച്ചു.

ജീവിതമെന്ന നാടകത്തിന്റെ കഴിഞ്ഞ അദ്ധ്യായം ഞാൻ താഴിട്ട് പൂട്ടി.
കഴിഞ്ഞ ഏടുകളിലേയ്ക്ക് എത്തി നോക്കിയാൽ ഞാൻ വീണ്ടും തളർന്നുപോകും എന്ന് എനിക്കറിയാമായിരുന്നു.
ഈശ്വരാനുഗ്രഹത്താൽ,എന്റെ ജോലി എനിക്കു വീണ്ടും തുടരാൻ സാധിച്ചു.
പരിഹാസങ്ങളും സഹതാപങ്ങളും ഒത്തിരി ഏറ്റുവാങ്ങി.

ഞാനും എന്റെ അമ്മയും മക്കളും മാത്രമായ ജീവിതത്തിൽ
സഹായിക്കാനും ബന്ധം കൂടാനും പലരും തുനിഞ്ഞിട്ടുണ്ട്.

ഭർത്താവുപേക്ഷിച്ച സ്ത്രീയോട്
ഭാര്യ അറിയാതെ കൊച്ചുവർത്താനം പറയാനും സന്തോഷിപ്പിക്കാനും പലർക്കും താത്പ്പര്യം കാണും.

ഒരു സ്ത്രീയുടെ ചതിയിൽ വെന്തുരുകിയ എന്റെ ജീവിതം തന്ന പാഠം ഞാൻ ഒരിക്കലും മറന്നില്ല.
പലരും, എന്നെ സഹായിക്കുന്നവരേയും എന്നോടു സ്നേഹത്തോടെ സംസാരിക്കുന്നവരേയും ചേർത്ത് അപഖ്യാതി പറത്തിട്ടുണ്ട്.

പിന്നെപ്പിന്നെ എന്റെ മുഖത്ത് ഞാൻ ഗൗരവത്തിന്റെ ഒരു ആവരണം എടുത്തണിഞ്ഞു.
എന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുൻപിൽ
എനിക്ക് വാശിയായിരുന്നു.
ജീവിതം ജയിച്ചു കാണിക്കാനുള്ള വാശി.
കണ്ണുനീർ മുഖത്ത് തേച്ചു മിനുക്കി പലപ്പോഴും ഞാൻ ക്ലാസെടുത്തിട്ടുണ്ട്.
ഒരിക്കൽ ഞാനോടിച്ച ടൂവീലറിന്നരികെ നിർത്തിയിട്ടിരിക്കുന്ന കാറിൽ ഞാൻ എന്റെ ഭർത്താവിനെയും അയാളുടെ പുതിയ ഭാര്യയെയും കണ്ടു…! ജീവനു തുല്യം സ്നേഹിച്ചവരുടെ മുൻപിൽ ആരുമല്ലാത്തവരായി നിൽക്കേണ്ടിവരുമ്പോഴാണ് ഒരാൾ ആദ്യമായി തളരുന്നത്.

അന്ന് എനിക്ക് വല്ലാത്ത സങ്കടം
തോന്നി.
എനിക്കയാൾ അന്യനാണെന്ന് ഞാൻ എന്റെ മനസിനെ ആവർത്തിപ്പിച്ചു പഠിപ്പിച്ചു.
ഞങ്ങളുടെ വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല.
കേസിനു പോയി അയാളെ തിരികെ എത്തിക്കാൻ കഴിയുമാകുന്നു.

പിന്നീടു തോന്നി, എന്നെ വേണ്ടാത്ത ഒരാളെ പിടിച്ചുകൊണ്ടുവന്ന് ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നതിലും നല്ലത്, അയാൾക്കു സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്നത് എവിടെയാണോ അവിടെ ജീവിച്ച് അയാൾ സന്തോഷിക്കട്ടെ എന്ന്.

പിന്നെ, ഞാൻ താലി മാറ്റാതിരുന്നതിന്റെ കാരണം,
താലി ഒരു പവിത്രമായ ബന്ധത്തിന്റെ ചിഹ്നമാണ്..
ബന്ധത്തിന്റെ പവിത്രത നഷ്ടമായാൽ അതു വെറും ആഭരണം മാത്രമാണ്…
പിന്നെ ഒരു പാടുപേരുടെ ചോദ്യങ്ങൾക്ക് പരിഹാരമായി ഞാനത് ഉപേക്ഷിച്ചില്ലെന്നേയുള്ളൂ.

ഞാൻ കടന്നു പോയ ആ കാലഘട്ടത്തിലെ ചില സന്ദർഭങ്ങളിൽ ഒറ്റയ്ക്കാകുമ്പോൾ സഹിക്കാൻ വയ്യാത്ത സങ്കടത്തിൽ പൊട്ടിക്കരഞ്ഞിട്ടുണ്ട്.
കാരണം, ആരൊക്കെ ഉണ്ടായാലും ഇണയുടെ വിടവ്- അതൊരു വിടവ് തന്നെയാണ്.

പതിനെട്ട് വർഷം ജീവനെപ്പോലെ സ്നേഹിച്ചിട്ടും, അയാൾ അതു തിരിച്ചറിയാതെ പോയല്ലോയെന്ന് ഓർക്കുമ്പോൾ ഇപ്പോഴും ഒരു വല്ലാത്ത വേദന തോന്നാറുണ്ട്.

സ്നേഹിക്കുന്ന ദമ്പതികളെ കാണുമ്പോൾ, എന്തിനേറെ പറയുന്നു… കൊക്കുകൾ മുട്ടിയുരുമ്മി ചിറകുകൾ കോതിമിനുക്കി കൊടുക്കുന്ന ഇണപ്പക്ഷികൾ പോലും എനിക്ക് നൊമ്പരങ്ങൾ തന്നിട്ടുണ്ട്.

ഒരു മരമെങ്കിലും എന്നെ ഒന്നു സ്നേഹിച്ചിരുന്നെങ്കിൽ
എന്നാഗ്രഹിച്ച നിമിഷങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.
ഞാൻ ഇങ്ങനെ പറയുമ്പോൾ നിങ്ങൾ വിചാരിക്കാം,
ഒരു യൗവനയുക്തയായ സ്ത്രീയെന്ന നിലയിൽ മൂടിവച്ച ആഗ്രഹങ്ങൾ ആവാം എന്റെ സങ്കടത്തിന് കാരണമായതെന്ന്.
നിങ്ങളിൽ ആരും അങ്ങനെ ചിന്തിക്കരുത്.

സ്നേഹമില്ലാത്ത ജീവിതത്തിൽ കാമത്തിന് മൂല്യം ഞാൻ കാണുന്നില്ല. അത്, പട്ടികൾ ഇണചേരുന്നതുപോലെയേ ഉണ്ടാകൂ.
ഞാൻ അധികം സംസാരിച്ച് ദീഘിപ്പിക്കുന്നില്ല പ്രിയരെ.. എന്നെക്കുറിച്ചുള്ള കുറേ സംശയങ്ങൾ മാറ്റാൻ വേണ്ടി മാത്രമാണ് ഞാൻ എന്റെ കഥ പറഞ്ഞത്.”

വേദിയിൽ ഇരിക്കുന്ന പലരും നിറഞ്ഞ കണ്ണുകൾ ഒപ്പിയിട്ട് പറഞ്ഞു ..
“ടീച്ചർ തുടർന്നോളൂ..”

“വളരെ നന്ദി..
എന്റെ മകളുടെ വിവാഹത്തിനു മുൻപ് അവൾ എന്നോടു പറഞ്ഞു,
‘എന്റെ രക്ഷകർത്താവിന്റെ സ്ഥാനത്ത് ചടങ്ങുകൾ ചെയ്യാൻ അമ്മ ആരേയും ക്ഷണിക്കണ്ട.

എന്റെ അച്ഛനും അമ്മയും എല്ലാം എന്റെ അമ്മയാണ്.. അമ്മ മാത്രം മതി എനിക്കെ’ന്ന്.
ഞാനാണ്, മണ്ഡപത്തിൽ വെച്ച് അവളുടെ കൈപിടിച്ചു വരനെ ഏൽപ്പിച്ചത്.
എന്റെ കഷ്ടപ്പാടുകൾക്കു ദൈവം ഫലം തന്നല്ലോ എന്നോർത്ത് ഒത്തിരി സന്തോഷം തോന്നിയ നിമിഷം…
യൗവനത്തിൽ തന്നെ വിധവയാകാതെ വിധവയെപ്പോലെ ജീവിക്കേണ്ടിവരുന്ന ഒരു പെണ്ണിന് ജീവിതപരീക്ഷ ജയിക്കാൻ ഒരുപാട്
കടമ്പകൾ കടക്കേണ്ടി വരും.
അവയെ തന്റെടത്തോടെ നേരിടാൻ ശ്രമിക്കുക തന്നെ വേണം.
ദു:ഖം നമ്മളെ കീഴ്പ്പെടുംത്തുംമുൻപേ നമ്മൾ ആ സന്ദർഭങ്ങൾ അനുഭവിക്കാൻ മനസിനെ തയ്യാറാക്കുകയാണെങ്കിൽ
മനസ് ഒരു മാന്ത്രികനായി മാറും. പിന്നെ ഏത് ദു:ഖവും സുഖമായ് മാറും.
ജീവിതം തുടങ്ങുമ്പോൾ കാണുന്നവരെല്ലാം നമ്മോടൊപ്പം ഉണ്ടാകില്ലല്ലോ.

അതുപോലെ തന്നെയാണ് ദാമ്പത്യവും..
കരാർ ഒപ്പിടുംമ്പോൾ തന്നെ തീരുമാനിക്കണം..
എപ്പോൾ വേണമെങ്കിലും കരാർ പിൻവലിക്കപ്പെടാമെന്ന്.
പിന്നെ എനിക്കു പ്രത്യേകിച്ച് നിങ്ങളോട് പറയാനുള്ളത്,
ആ കാലഘട്ടത്തിൽ വന്നുചേർന്ന ദുരിത
സന്ദർഭങ്ങൾ ഒക്കെ കടന്നു പോകാൻ എന്റെ മനസിന് കിട്ടിയ ധൈര്യം എവിടുന്നാണെന്ന് നിങ്ങൾക്ക് അറിയണ്ടേ..?

അതറിയുമ്പോൾ, ഈ ആധുനിക ലോകത്ത് പലരും എന്നെ പുഛിക്കുമായിരിക്കും.
എന്നാലും ഞാൻ പറയുകയാണ്… ചെറുപ്പത്തിൽ എന്റെ മാതാപിതാക്കളും ഗുരുക്കൻമാരും പകർന്നുതന്ന ആദ്ധ്യാത്മികമായ അറിവുകൾ തന്നെയാണ് എനിക്കു മാനസികമായി ധൈര്യം തന്നത്.

ഭഗവത്ഗീത, ബൈബിൾ, ഖുറാൻ എന്നിവയൊക്കെ
കഴിയുന്നത്ര സമയങ്ങളിലെല്ലാം വായിക്കണം.
ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ അറിവുകൾ പകർന്നുകൊടുക്കാൻ കഴിഞ്ഞാൽ ഏറ്റവും നല്ലതാണ്..
പണ്ട് ഒരു ദിവസം തുടങ്ങുമ്പോൾ തന്നെ പുരാണങ്ങൾ പാരായണം ചെയ്യുന്നത് കുട്ടികൾ കാണാറുണ്ട്.
ഇന്ന്, തിരക്കിന്റെ ലോകമാണ്… അവർക്ക് പുരാണങ്ങൾ എന്താണെന്നു പോലും അറിവില്ല.

മൊബൈലിൽ ചാറ്റ് ചെയ്തും ഗെയിം കളിച്ചും അവർ ഒഴിവ് സമയം കളയുന്നു..
കുട്ടികൾ മാത്രമല്ല മറ്റുള്ളവരും അങ്ങനെ തന്നെയാണ്
പ്രഭാഷണങ്ങൾ, സത് ഗുരു സംഭാഷണങ്ങൾ എന്നിവയൊക്കെ
പ്രതിസന്ധികളിൽ തളരാതെ പിടിച്ച് നിൽക്കാൻ ഉപകരിക്കും. നാളേയ്ക്ക് ഉള്ള മനോധൈര്യം നേടാൻ നിങ്ങൾ ആരും മറക്കരുത്.
എല്ലാവർക്കും എന്റെ യാത്രാമൊഴി…!”

നിലയ്ക്കാത്ത കരഘോഷങ്ങൾക്കിടയിലൂടെ, ടീച്ചർ ഇടതുകാൽ വലിച്ചുവെച്ച് നടന്നു നീങ്ങി…

വിദ്യ തുളസി.

By ivayana