മുഹമ്മദ് ഹുസൈൻ വാണിമേൽ.
ഒരു പേപ്പർ ശരിയാക്കാൻ സർക്കാർ ഓഫീസിൽ പോയതായിരുന്നു ഞാൻ .കൂടെ കൊണ്ടു പോവേണ്ട എല്ലാ രേഖകളും കയ്യിൽ കരുതിയിരുന്നു എങ്കിലും നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചു കയ്യിൽ വെച്ചിരിക്കേണ്ട ഒരു കടലാസ് കുറവായിരുന്നു .അപ്പോയ്ന്റ്മെന്റ് സമയത്തിനു അരമണിക്കൂർ മുമ്പ് തന്നെ ഞാൻ അവിടെ എത്തിയിരുന്നു.
കൗണ്ടറിലെ ആൾ ഒരു കടലാസ് എടുത്തു തന്നിട്ട് ഇതിൽ താങ്കളും ഭാര്യയും ഒപ്പിട്ടിട്ട് അപേക്ഷ സമർപ്പിക്കണം .ഇന്ന് ഇനി നടക്കില്ല, പിന്നീട് ഒരു ദിവസം വരൂ എന്ന് പറഞ്ഞു .”ആൾറെഡി ഡ്യൂട്ടി ചേഞ്ച് ചെയ്ത് വന്നതാണ് ഞാൻ , ഞാൻ ഉടനെ വീട്ടിൽ പോയി ഒപ്പ് വാങ്ങി വരാം ” എന്ന് പറഞ്ഞു നോക്കി .അത്രയും ദൂരം അരമണിക്കൂർ കൊണ്ട് പോയി വരാൻ ആവില്ല , പുറത്തിറങ്ങി നീ തന്നെ ഒപ്പിട്ടു കൊണ്ട് വരാനുള്ള ഉടായിപ്പ് അല്ലെ , നമ്മൾ ഇതെത്ര കണ്ടിരിക്കുന്നു എന്നായി ആ മാന്യൻ .ഉടായിപ്പ് എനിക്കത്ര വശമില്ല ചെയ്തിട്ട് വലിയ പരിചയവും ഇല്ല , എനിക്ക് ഒരു അവസരം തരൂ ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞു ഞാൻ ഇറങ്ങി .
“ഞാൻ ഇതാ വീട്ടിലേക്ക് വരുന്നു , പത്ത് മിനുറ്റ് കൊണ്ട് നീ റെഡി ആയി ഇറങ്ങി നിൽക്കണം” എന്ന് ഭാര്യയോട് വിളിച്ചു പറഞ്ഞു .ആരോടൊക്കെയോ ഉള്ള അമർഷവും ദേഷ്യവും ഉള്ളിൽ തിളക്കുന്നുണ്ടായിരുന്നു .ഒന്നൂടെ നന്നായി അയാൾക്കുള്ള മറുപടി കൊടുക്കണമായിരുന്നു എന്നും തോന്നി .വണ്ടി പറ്റാവുന്നത്ര സ്പീഡിൽ ഓടിച്ചു വീടിനടുത്തെത്തി , ഭാര്യയെയും മക്കളെയും വണ്ടിയിൽ കയറ്റി , അതേ സ്പീഡിൽ കത്തിച്ചു വിട്ടു .പോവുന്ന വഴിക്ക് ആ കടലാസ് ഭാര്യ പൂരിപ്പിച്ചു . പറഞ്ഞ സമയത്തിന് മുമ്പ് ആ ഓഫീസിൽ തിരിച്ചെത്തി .
അവിടെ സമർപ്പിക്കേണ്ട എല്ലാ കടലാസുകളും കെട്ടാനുള്ള കാശും കയ്യിൽ കൊടുത്തിട്ട് ഭാര്യയെ ഞാൻ ആ കൗണ്ടറിലേക്ക് വിട്ടു .കുട്ടിയേം എടുത്തു കുറച്ചു പിറകിലായി ഞാൻ നിന്നു . കൗണ്ടറിലുള്ള ആൾ ഭാര്യയോട് പറഞ്ഞു “ഞങ്ങൾ അങ്ങനെ പറഞ്ഞതല്ല ട്ടാമൂപ്പർ നിങ്ങളെയും വെറുതെ ബുദ്ധിമുട്ടിച്ചു ല്ലേ ” എന്നും പറഞ്ഞു അയാൾ ഒരു പുളിച്ച ചിരി ചിരിക്കുന്നുണ്ടായിരുന്നു . ആ കൗണ്ടറിലേക്ക് നോക്കി കൊണ്ട് ഗൂഡമായി ചിരിച്ചു കൊണ്ട് ദൂരത്തായി ഞാനും നിന്നു .കുറെ നാളത്തേക്ക് എനിക്ക് ഈ സംഭവം വല്ലാത്ത ഒരു സുഖം തന്നു .
ഒരു മധുരപ്രതികാരം ചെയ്ത സുഖം പലപ്പോഴും നമ്മുടെ വാക്കുകൾ മറ്റൊരാൾക്ക് എത്ര മാത്രം അപമാനിക്കപ്പെട്ട ഫീൽ നൽകും എന്ന് നമുക്ക് പ്രവചിക്കാനാവില്ല .അത്തരം അവസരങ്ങളിൽ വികാരങ്ങൾക്കടിമപ്പെട്ടു പൊട്ടിത്തെറിക്കാതെ വിവേകപൂർവ്വം നമ്മൾ ചെയ്യുന്ന “മധുരപ്രതികാരം ” ചിലപ്പോ മറ്റേ ആൾക്ക് തെറ്റുതിരുത്താൻ പ്രചോദനമായേക്കാം .“നമ്മുടെ അധികാരപരിധിയിൽ നിന്നു കൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന സേവനം ഏറ്റവും നന്നായി , മാന്യമായ പെരുമാറ്റത്തോടെ ചെയ്യാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ കാര്യം “