രചന : പ്രകാശ് പോളശ്ശേരി.
എന്താണു തോഴീ നിനക്കിത്ര വിമ്മിട്ടം
എന്തു ചോദിച്ചാലുമൊരു മൂളൽ മാത്രം
ചിന്തകൾ വന്നു വീർപ്പുമുട്ടിക്കുന്നുവോ
ചന്തത്തിൽ വന്നേകാൻ ആകാത്തതെന്താ
ഭാവനാ ലോകത്തെ കാഴ്ചകൾ കാണുവാൻ
ഭാസുരമായൊരു പുണ്യവും നേടുവാൻ
പ്രേമരാജ്യത്തിലെ പൂങ്കാവനങ്ങളിൽ
പ്രത്യായം വേണ്ടല്ലോ പാറി നടക്കുവാൻ
പണ്ടെങ്ങോ കളഞ്ഞു പോയരാ പൂർവാംഗ
പാദപത്മങ്ങൾ ഇന്നിനി വരില്ലല്ലോ
ഇന്നിൻ്റെ വഴിത്താര നേരേ തെളിഞ്ഞല്ലോ
ഇച്ചിരി ,മാറാതെ കാത്തു സൂക്ഷിക്കുക
അത്രക്കസഹ്യമല്ലിന്നത്തെ ലോകവും
തത്രപരവശമെന്തിനാ ഇനിയത്തെ നാളിലും
ഒത്തൊരുമിച്ചു നടന്നിടാമെന്നാകിൽ
ഒപ്പം വിടരും സുമങ്ങൾ നമുക്കായി
അത്രക്കസഹ്യ ചിന്തകൾ കേറിയാൽ
തപ്താശ്റുകണ്ണിൽ നിന്നകലില്ല സത്യവും
സപ്തസ്വരങ്ങൾ മീട്ടാം, സന്താപവും,
ഒറ്റ വീണക്കമ്പിയിൽ സത്യവും
തോടും പുഴകളും കാടും മലകളും
താണ്ടിയിട്ടാണാ ബാലാർക്കനെത്തുന്നെ
ഉച്ചനേരത്തിലോ അത്യുഷ്ണമെന്നാലും
സായന്തനത്തിൻ്റെകാഴ്ചകൾക്കെന്തുഭംഗിയാ.