രചന : ജെസ്റ്റിൻ ജെബിൻ.
എൻ്റെ പേരിനെ
മാറ്റി നിർത്തിയാൽ
നിങ്ങൾക്കെന്നെ
ഒരു
മൃഗമെന്ന് വിളിക്കാം
കാരണം
ഞാനൊരു കാടാണ്
ഭൂമിയിലിന്ന്
മനുഷ്യരില്ലാ
അസ്ഥിപൂത്ത മരങ്ങളും
പരിണാമം കൂടൊഴിഞ്ഞ
പുറന്തോടുകളും മാത്രം
ഞാൻ
കാലത്തിൻ്റെ
ആമാശയവും
കാടിൻ്റെ ദഹനേന്ദ്രിയവുമാകുന്നു
ഇരയെന്നാൽ
ദൈവത്തിനും
സ്ത്രീ എന്നാണർത്ഥം
അന്ധനാണ് ദൈവം
സ്ത്രീമേനിയിൽ തുന്നുന്നു
പെണ്ണെന്ന
ഇറുകിപ്പിടിച്ച ഉടുപ്പിനെ
സ്ത്രീകളോട് പറയുക
പുരുഷനെന്നാൽ
പരിണാമം സംഭവിക്കാത്ത
കാടാണെന്ന്
ഇന്നലെയൊരു
ഒമ്പതാം നോവ്
മണ്ണിലേയ്ക്കൊരു
പുതു ഞരമ്പിനെ ഒറ്റി
ഒരില പോലുമില്ല
ഇന്ന്
മറയാകാൻ
നാളെയാ ഞരമ്പെന്നെ
മൃഗമെന്ന് വിളിക്കും.