വാട്സാപ്പിലെ തുടരെയുള്ള മെസ്സേജ് കണ്ടപ്പോഴാണ് നോക്കിയത്.
” സമയം കിട്ടുമ്പോള്‍ ഒന്നിങ്ങോട്ട് വിളിക്കണേ..”
ലീവിന് പോയി നാട്ടില്‍ കുടുങ്ങിയ കൂട്ടുകാരനാണ്. അപ്പോള്‍ തന്നെ വിളിച്ചു.
പ്രവാസികളായ ആളുകള്‍ തിരികെ വരുന്നതിനെകുറിച്ചാണ് കൂടുതലും ഞങ്ങള്‍ സംസാരിച്ചത്.
”ചാടി കേറി നീ ഇങ്ങോട്ട് വരാന്‍ നിക്കണ്ടട്ടാ ..”
എന്നോട് അവന്റെ ഉപദേശം കടുത്തതായിരുന്നു.കേട്ടപ്പോള്‍ വേദന തോന്നിയെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നാണവന്‍ പറഞ്ഞത്.
” ഇങ്ങോട്ടിപ്പോ വരേണ്ട. വന്നവരുടെ സ്ഥിതി തന്നെ ദയനീയമാണ്. കോവിഡ് ബാധിച്ചിട്ടില്ലാത്ത ഒരു സുഹൃത്തിന്റെ കഥ പറഞ്ഞത് ഇങ്ങിനെ.
അയല്‍വാസികളുമായി നല്ല ബന്ധമുണ്ടായിരുന്നു സുഹൃത്തിന്റെ കുടുംബത്തിന്. ഇദ്ദേഹം ചെന്നതോടെ അവരാരും ഇങ്ങോട്ട് വരാതായി.കുട്ടികളും വരാതായി.ഒരു മതിലിന്റെ അപ്പുറവും ഇപ്പറവും ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഇദ്ദേഹം നാട്ടില്‍ വന്നതോടെ വീടൊഴിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് മാറി താമസിച്ചത്.
14 ദിവസത്തെ നിർബന്ധിത ക്വാറന്റെെൻ കഴിഞ്ഞ് പുത്തിറങ്ങാന്‍ നാട്ടുകാര് സമ്മതിക്കാത്ത ദുരനുഭവം.ഭാഗികമായി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോഴും പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിവിശേഷം.
വീട്ടിലുള്ള കുട്ടികള്‍ക്കു വരെ ഈ അനുഭവം. വളരെ അടുത്ത ബന്ധുക്കള്‍ പോലും ചെറിയ രീതിയിലുള്ള വിവാഹത്തിനുവരെ വരേണ്ടതില്ല എന്നു പറയുന്നു . കൊറോണ ബാധിച്ചിട്ടില്ലാത്ത ഇദ്ദേഹത്തിന് ഇതാണനുഭവമെങ്കില്‍ ബാധിച്ച പ്രവാസികള്‍ സുഖപ്പെട്ട് തിരികെ വീട്ടിലെത്തിയാല്‍ എന്തായിരിക്കും അവസ്ഥ ?
ഇവിടെ ജിസിസി രാജ്യങ്ങളില്‍ അവരെകൊണ്ടാവുന്ന പോലെയൊക്കെ നോക്കീട്ടും ഇത് വ്യാപനം തുടരുകയാണ്. ഈ അവസ്ഥയില്‍ നാട്ടില്‍ ചെന്നാലുള്ള സ്ഥിതിയെ കുറിച്ചാണ് കൂട്ടുകാരന്‍ വിളിച്ചപ്പോള്‍ പറഞ്ഞതും..
ഫോണ്‍ താഴെവച്ച് നിര്‍വികാരതയോടെ ഇരിക്കുമ്പോഴാണ്. മനസ്സില്‍ പല ചിന്തകളും ചേക്കേറുന്നത്.ഇതുവരെ പലര്‍ക്കും ഈ രോഗം പിടിപെട്ടിട്ടില്ല.പെടാതിരിക്കാന്‍ നാട്ടിലേക്ക് പോകാം എന്നു കരുതുന്നവര്‍ക്കു മുന്നില്‍ വലിയ ചോദ്യമാണ്..സാമൂഹിക അകലം എന്നാല്‍ പഞ്ചായത്ത് വിട്ട് പോകലാണോ എന്നത്. മരവിച്ച മനസ്സുമായി ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന ഒാരോ പ്രവാസിയുടേയും ചിന്ത ഒന്നു മാത്രം.
ഇനിയെന്തു ചെയ്യും ?