രചന : പണിക്കർ രാജേഷ്.

“ഡാ….. ഹരീ.. എഴുന്നേൽക്ക് സന്ധ്യ ആകാറായി ” ജസ്റ്റിൻ അവനെ കുലുക്കി വിളിച്ചു.

  ഡിസംബറിലെ നല്ല തണുപ്പുള്ള ഒരു ഞായറാഴ്ച ഉച്ചക്ക് മാൾവ നമ്പർ വൺ എന്ന ഒരു കുപ്പി പഞ്ചാബി ദേശിയുടെ ചൂടിൽ റജായി  പുതച്ചു കിടന്നതാണ് അവൻ . അഞ്ചുമണി കഴിഞ്ഞപ്പോൾ സഹമുറിയൻ ജസ്റ്റിൻ ഉണർത്തിയതാണ് അവനെ. 
  "ജോസഫും ഷാജിയും കുപ്പിയുമായി വരുന്നുണ്ട്. "
  "കുറച്ചു സാലഡ് മുറിക്ക് "അവൻ പറഞ്ഞു. 

അവരും കൂട്ടുകാരാണ്. ഞായറാഴ്ച ആഘോഷിക്കാൻ വരുന്നു അമ്പാലയിൽ നിന്ന്. അവൻ റജായിയുടെ ചൂട് വിട്ട് മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു. നേരെ അടുക്കളയിൽ ചെന്ന് സാലഡിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

തൊണ്ണൂറുകളിൽ തുടങ്ങിയ പ്രവാസജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ഇടുക്കിക്കാരനായ ജസ്റ്റിൻ. രണ്ടു പേരും സമാന ചുറ്റുപാടുകളിൽ നിന്ന് വന്നവർ. അടുത്തടുത്തുള്ള കമ്പിനികളിലാണ് ജോലി. ഹരിക്ക് മുൻപേ ആ നാട്ടിൽ എത്തിയതാണ് ജസ്റ്റിൻ . പരിചയമായപ്പോൾ മുതൽ ഒരുമിച്ചാണ് താമസം. എല്ലാ കാര്യങ്ങൾക്കും ഒരേ മനസ്സോടെ, അതുകൊണ്ട് തന്നെ മടുപ്പില്ലാത്ത പ്രവാസ ജീവിതം.
പഞ്ചാബ് ഹരിയാന അതിർത്തിയിലുള്ള ഒരു ചെറിയ ഗ്രാമം. അതിനു നടുവിലൂടെ കടന്ന് പോകുന്ന ഹൈവേയുടെ ഇരു ഭാഗത്തുമായി ചെറുതും വലുതുമായ നിരവധി കമ്പനികൾ. അതിനു പുറകിലായി നോക്കെത്താത്ത ദൂരം ഗോതമ്പ് വയലുകൾ.. അതിനുമപ്പുറം വിദൂര ഗ്രാമങ്ങൾ.ഹൈവേയുടെ ഒരു വശത്തുകൂടെ ദില്ലി -ചണ്ഡീഗഡ്- കാൽക്ക റെയിൽവേ കടന്ന് പോകുന്നു.അവിടെ ഒരു ചെറിയ റെയിൽവേ സ്റ്റേഷനും. മറുവശത്തായി സബ്ജി മണ്ഡി(പച്ചക്കറി മാർക്കറ്റ്). പിന്നെ കുറച്ചു വാടക കെട്ടിടങ്ങളും . അവർ ചെല്ലുമ്പോൾ അവിടെ വ്യാവസായിക മേഖലയുടെ തുടക്കകാലമായിരുന്നു. അധികം മലയാളികൾ ഇല്ല. ഉള്ളവർ അധികവും ബാച്ചിലേഴ്‌സ് ആയിരുന്നു. പഴയ ആളുകൾ എന്ന നിലയിൽ എല്ലാവരും റൂമിൽ വരും. അങ്ങനെ വന്നതാണ് ജോസഫും ഷാജിയും. ഹരി സാലഡ് അരിഞ്ഞു തീർത്തപ്പോഴേക്കും അവരെത്തി. പിന്നെ ഗ്ലാസ്സുകൾ നിറഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു. സംസാരവും ഉയർന്നു. അവർ അവിടുത്തെ പഴയ ആളുകൾ ആയതുകൊണ്ട് പരിചയക്കാരായ നാട്ടുകാർ വാതിൽ തുറന്നു വന്ന് കുശലം അന്വേഷിച്ചു പോകുന്നുണ്ട് ഇടയ്ക്കിടെ. കള്ളുകുടി അവരുടെ സ്ഥിരം കാഴ്ചയും സംസാരം മലയാളവും ആയതുകൊണ്ട് ആരും അധികസമയം നിൽക്കില്ല. അങ്ങനെ കൊണ്ടുവന്ന കുപ്പികൾ തീർന്നു. ജോസഫ് എങ്ങും എത്തിയുമില്ല.

“ഡാ ജെസ്റ്റിനെ ഒന്നൂടെ എടുത്താലോ “

പണ്ടേ ടാങ്കർ ആയ ജസ്റ്റിന് നൂറുവട്ടം സമ്മതം. അവൻ കുപ്പി എടുക്കാൻ പോകാൻ ഇറങ്ങി

“ഡാ ഫുഡ്ഡും മേടിച്ചോ… ഇനി എനിക്ക് വയ്യ വെക്കാൻ ” ഹരി വിളിച്ചു പറഞ്ഞു.

പതിനഞ്ചു മിനിറ്റിൽ അടുത്ത സാധനം എത്തി. പക്ഷേ അവന്റെ മുഖത്ത് എന്തോ വിഷമം പോലെ.
അപ്പോൾ ഹരി ഒന്നും ചോദിച്ചില്ല. കൂട്ടുകാർ പോയിക്കഴിഞ്ഞു അവനോട് കാര്യം തിരക്കി.
“വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ പൈസ ഉടനെ വേണം എന്ത് ചെയ്യും. വീട്ടിലേക്ക് വിളിച്ചപ്പോൾ അറിഞ്ഞതാ”

“കുറച്ചു സ്വർണ്ണം ഇരുപ്പില്ലേ അത് അച്ചായന്റെ കയ്യിൽ കൊടുത്തുവിടൂ “

ഹരി അവനോട് പറഞ്ഞു.

“അതിന് അച്ചായൻ നാളെ ‘കേരളയിൽ’
നാട്ടിൽ പോകും. ഒൻപതരക്കാണ് ട്രെയിൻ “

ഹരി വാച്ചിൽ നോക്കി, പന്ത്രണ്ടു മണി കഴിഞ്ഞു.

“നീ പെട്ടന്ന് തയ്യാറാവൂ നമുക്ക് ബൈക്കിൽ പോകാം “

അടിച്ച ദേശിയുടെ മൂപ്പിൽ കാര്യങ്ങൾക്ക് പെട്ടന്ന് തീരുമാനം ആയി.

ഏകദേശം ഇരുന്നൂറ്റി മുപ്പത്തഞ്ചു കിലോമീറ്റർ ദൂരമുണ്ട് ദില്ലി റെയിൽവേ സ്റ്റേഷനിലേക്ക്. ഡിസംബറിലെ നല്ല തണുപ്പും. എന്തായാലും കാര്യം നടക്കണം. രണ്ടുപേരും സ്വെറ്ററും അതിനുമുകളിൽ ജാക്കറ്റുമിട്ടു, ഗ്ലൗസ് ധരിച്ചു, ഹെൽമെറ്റ്‌ വെച്ചു യാത്രക്ക് തയ്യാറായി  മുറി പൂട്ടി വെളിയിൽ ഇറങ്ങി.
ജസ്റ്റിൻ വണ്ടി എടുത്തു. 

“എടാ എണ്ണ ഉണ്ടോ വണ്ടിയിൽ ” ഹരി ചോദിച്ചു.
“ഹൈവേ അല്ലേ പമ്പ് കാണും, അടിക്കാം “.അവന്റെ മറുപടി.

അടിച്ച ദേശിയുടെ ചൂടിൽ ‘കർണാൽ ‘ വരെയെത്തി. സമയം രണ്ടര.
“ഡാ.. ഒരു ചായ കുടിച്ചാലോ “.. ബസ് സ്റ്റാന്റിനടുത്തുള്ള പെട്ടിക്കട തുറന്നിരിക്കുന്നത് കണ്ടു ഹരി ചോദിച്ചു.
“പിന്നെ ഇപ്പഴാ ചായ “ഇത് പറഞ്ഞു വണ്ടി വിട്ട അവൻ പെട്ടന്ന് ചവിട്ടി നിർത്തി.
“എന്നാ ഒരു ചായ ആവാം “.നീ ചായ പറ”
ഹരി ചായ പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ജസ്റ്റിനെ കാണാനില്ല.
“ചായ് ലോ ജി ” കടക്കാരനാണ്.
ഹരി ചായ കുടിച്ചുകൊണ്ട് കടക്കാരനോട് കുശലം പറഞ്ഞു. അപ്പോഴേക്ക് അവനെത്തി.

“ഭായ് സാബ്.. പെപ്സി ഹേ ക്യാ “(പെപ്സിയുണ്ടോ)
വന്നപാടെ അവൻ കടക്കാരനോട് ചോദിച്ചു.
അയാൾ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ഒരു ലിറ്ററിന്റെ ബോട്ടിൽ എടുത്തു. ജസ്റ്റിൻ ജാക്കറ്റിൽ നിന്ന് ഒരു ദേശി ബോട്ടിലും. അവൻ വണ്ടി നിർത്തിയത് ചായ കുടിക്കാനല്ല. അടുത്ത് ദേശിയുടെ കട കണ്ടതുകൊണ്ട് ആണ്. അപ്പോഴേക്കും ഹരി ചായകുടി കഴിഞ്ഞിരുന്നു. അതിന് പുറകെ അവന് കമ്പിനിക്ക് എന്നപോലെ അതും ഒരു ഗ്ലാസ്‌ കുടിച്ചു. ഇത് കണ്ടു നിന്ന ആ കടക്കാരൻ ഒന്നേ ചോദിച്ചുള്ളൂ.

“സാബ് ലോഗ് കേരള സേ ഹേ ക്യാ “
(സാറുമ്മാർ കേരളത്തിൽ നിന്നാണല്ലേ )

അവർ പരസ്പരം നോക്കി ചിരിച്ചു, തലയാട്ടി. അവിടുത്തെ പൈസ കൊടുത്തു വണ്ടി യുടെ താക്കോൽ ഹരിയുടെ നേരെ നീട്ടി. അവൻ വണ്ടി എടുത്തു. നല്ല തണുപ്പുണ്ട്. പുറകിൽ ഇരുന്നപ്പോ ഇത്രയും അറിഞ്ഞില്ല..
‘പാനിപ്പത്ത് ‘ കഴിഞ്ഞപ്പോൾ പുറകിൽ നിന്ന് ഒരു ടാറ്റാ സുമോ ഹോൺ മുഴക്കി കയറിവന്ന് ഹരിയോട് എന്തോ പറഞ്ഞു. അവൻ വണ്ടി ഒതുക്കി. അവർ വണ്ടി നിർത്തി കാര്യം പറഞ്ഞു. ജസ്റ്റിൻ പുറകിൽ ഇരുന്നു നല്ല ഉറക്കമാണ്.

“ഡാ എഴുന്നേൽക്ക്.. ഇല്ലെങ്കിൽ വീഴും നീ ” പുറകിൽ കെട്ടിപ്പിടിച്ചിരുന്നുറങ്ങുന്ന
ജസ്റ്റിൻ പെട്ടന്ന് ഞെട്ടിയുണർന്നു.

“ദാ മുഖം കഴുകി വണ്ടി എടുത്തോ ” ഹരി ഒരു കുപ്പി വെള്ളം അവന്റെ നേരെ നീട്ടി.

“പിന്നെ ഈ മുടിഞ്ഞ തണുപ്പത്താ മുഖം കഴുകുന്നത്.. ഒന്ന് പോടാ “

ഹെൽമെറ്റിന്റെ ഗ്ലാസ്‌ പൊക്കി വെച്ചാൽ ഉറക്കം പൊക്കോളും ” ജസ്റ്റിൻ പറഞ്ഞു.

അവൻ വണ്ടിയെടുത്തു. പുറകിലിരുന്ന് ഹരി അവനോട് സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെ ഏഴുമണിയോട് കൂടി അവർ സ്റ്റേഷനിലെത്തി അവിടെ ചുറ്റിനടന്ന് അച്ചായനെ കണ്ടുപിടിച്ചു.

Gesendet von Jain: Gestern um 10:07
പിന്നെ ബഞ്ചിലിരുന്ന് ചൂട് ചായ കുടിച്ചുകൊണ്ട് നാട്ടുകാര്യങ്ങൾ പറഞ്ഞു. കൊടുക്കേണ്ട സാധനം കൊടുത്തു

കൃത്യം ഒൻപതരയ്ക്ക് കേരള എക്സ്പ്രസ്സ്‌ ദില്ലി പ്ലാറ്റ് ഫോമിൽ നിന്ന് യാത്ര തിരിച്ചു.അച്ചായനെ കൈ വീശി യാത്രയാക്കി അവർ രണ്ടുപേരും പുറത്തേക്ക് നടന്നു.
“ഡാ നീ ജി ബി റോഡിൽ പോയിട്ടുണ്ടോ “

പാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ ജസ്റ്റിൻ ഹരിയോട് ചോദിച്ചു.

“ഇല്ല” ഇവിടടുത്താണോ “ഹരി ചോദിച്ചു

“വാ കാണിച്ചു തരാം “ജസ്റ്റിൻ വണ്ടിയെടുത്തു

ദില്ലിയിലെ കുപ്രസിദ്ധമായ ചുവന്ന തെരുവ് അവിടെയാണെന്ന കേട്ടറിവ് മാത്രമേ ഹരിക്കുള്ളൂ. കാണാൻ ആഗ്രഹം ഉണ്ടെങ്കിലും അവസരം ഉണ്ടായിട്ടില്ല. നാട്ടിലെ കൂട്ടുകാരുടെ സദസ്സുകളിൽ സ്ഥിരം ചർച്ചാ വിഷയം ആണ് ഇത്. ആദ്യമായി ദില്ലിക്ക് പോരുമ്പോൾ കൂട്ടുകാരുടെ ഉപദേശം അവിടൊന്നും പോകരുത് എന്നതായിരുന്നു എന്നതും അവൻ ഓർത്തു. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച അവന്റെ ഒരു കൗതുകം മാത്രമായിരുന്നു ആ ആഗ്രഹത്തിന് പിന്നിൽ.

നല്ല തിരക്കുള്ള പഹാഡ്ഗഞ്ജ് പാലം കടന്ന് റോഡിലൂടെ കുറച്ചു ഓടിയ ശേഷം ജസ്റ്റിൻ ഇടത്തേക്ക് തിരിഞ്ഞു.കാശ്മീരി ഗേറ്റ് മുതൽ ലാഹോറി ഗേറ്റ് വരെ നീളുന്ന ജി ബി റോഡ് അവിടാണ് കുപ്രസിദ്ധമായ കമല മാർക്കറ്റ്. വലതു ഭാഗത്ത്‌ ഒരു നെടുനീളൻ കെട്ടിടം.നല്ല പഴക്കം ഉണ്ട്. രണ്ടോ മൂന്നോ നിലകൾ. താഴത്തെ നിലയിൽ എല്ലാം സ്പെയർ പാർട്സ് കടകളും ഇരുമ്പ് കടകളും ഒക്കെയാണ്. അതിൽ ഒരു കടയുടെ മുൻപിൽ ജസ്റ്റൻ വണ്ടി പാർക്ക് ചെയ്തു.

” നീ ഇവിടെ നിൽക്ക്, ഞാൻ ഇപ്പൊ വരാം “
അവൻ ഹരിയോട് പറഞ്ഞിട്ട് ആ കടയിലേക്ക് പോയി. രാവിലെ തന്നെ തെരുവിൽ നല്ല തിരക്കാണ്. ഹരിയെപ്പോലെ ആദ്യമായി ഇവിടെ എത്തുന്നവരൊക്കെ മുകളിലേക്ക് നോക്കുന്നു. സ്ഥിരം യാത്രികർ ഇതൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ ലക്ഷ്യം നോക്കി മണ്ടുന്നു. ഹരി ഏതോ വിചത്ര ലോകത്തിൽ എന്നപോലെ എല്ലായിടത്തേക്കും പകപ്പോടെ നോക്കി ക്കൊണ്ട് നിൽക്കുന്നു.

“ഓ മദ്രാസി ബാബു.. ഊപ്പർ ആവോ “

വിളി കേട്ട് ഹരി മുകളിലേക്ക് നോക്കി.
മുകളിലെ ജനാലകളിലൂടെ കയ്യിട്ട് പെൺകുട്ടികൾ നിരത്തിലൂടെ പോകുന്നവരെ ഇടപാടിനായി ക്ഷണിക്കുന്നു. ഉത്തരേന്ത്യക്കാർക്ക് പൊതുവെ ദക്ഷിണേന്ത്യക്കാർ ‘മദ്രാസി ‘ ആണല്ലോ. ഹരിയുടെ മലയാളി രൂപം കണ്ടു ഒരുവൾ ക്ഷണിച്ചതാണ്. കൂടെ ഒരു ചുംബനവും എറിഞ്ഞു കൊടുത്തു.

ആദ്യമായുള്ള അനുഭവത്തിൽ ചൂളി നിൽക്കുന്ന ഹരിയുടെ അടുത്തേക്ക് ജസ്റ്റിൻ എത്തി.

“ഡാ എന്റെ പുറകേ വന്നോണം എങ്ങും നിൽക്കരുത് “
അവൻ മുകളിലേക്കുള്ള പടവുകൾ സ്പീഡിൽ കയറി. തൊട്ട് പുറകേ ഹരിയും. പടിക്കെട്ടിന്റെ രണ്ടു സൈഡിലും പെൺകുട്ടികൾ ഇരിപ്പുണ്ട്. അവർ കയ്യിൽ പിടിച്ചു വലിക്കുന്നു.
ഇരുന്നൂറ് മുന്നൂറ് എന്നിങ്ങനെ റേറ്റും പറയുന്നുണ്ട്. ജസ്റ്റിൻ അവരുടെ കൈകൾ തട്ടിമാറ്റി ഒന്നാം നിലയിലുള്ള ഒരു റൂമിൽ എത്തി അവിടെ ഒരു സോഫയിൽ ഇരുന്നു. ആകെ ഇരുണ്ട ഒരു പഴകിയ ഗന്ധമുള്ള മുറി. രണ്ടു മിനിറ്റ് കഴിഞ്ഞു സുമോ ഗുസ്തിക്കാരിയെ പോലെയുള്ള ഒരു സ്ത്രീ അങ്ങോട്ട് വന്നു. ചുരിദാർ ആണ് വേഷം, ഷാൾ അരയിൽ കെട്ടിയിരിക്കുന്നു. അവർ ജസ്റ്റിനുമായി എന്തൊക്കെയോ സംസാരിച്ചു ഇടപാട് ഉറപ്പിച്ചു.

ഈ സമയമത്രയും മറ്റേതോ ലോകത്തായിരുന്നു ഹരി. അവൻ സങ്കല്പിച്ചിരുന്നതിൽനിന്ന് വളരെ വ്യത്യസ്തമായ ഒരു ചുറ്റുപാട്. ജീവിതങ്ങൾ വെറും ഉപഭോഗ വസ്തു മാത്രമായി കാണുന്നു ഇവിടെ. നൈമിഷിക സുഖം ശരീരം നോക്കി വിലപേശി ഉറപ്പിക്കുന്നു.  സ്നേഹ ത്തിലൂടെ മാത്രം ലൈംഗീകത ഇഷ്ടപ്പെടുന്ന ഹരിക്ക് ആ കാഴ്ചകൾ അരോചകമായി തോന്നി. അപ്പോഴേക്കും ആ തടിച്ചി അവനെ ഒരു റൂമിൽ കയറ്റി ഇരുത്തി വെളിയിലേക്ക് പോയി. ഒരു ട്രെയിൻ കൂപ്പ പോലെയുള്ള ചെറിയ മുറി പ്ലൈവുഡ് കൊണ്ടു മറച്ചിരിക്കുന്നു. ചെറിയ കട്ടിൽ ഇട്ടാൽ പിന്നെ നിൽക്കാനുള്ള ഇടം പോലും ഇല്ല. അവൻ എന്തുചെയ്യണം എന്നറിയാതെ അവിടെ നിന്നു. അപ്പോഴേക്കും ഇരുനിറമുള്ള ഒരു പെൺകുട്ടി മിഡിയും ടോപ്പും ധരിച്ചു അങ്ങോട്ട് വന്നു. വന്നപാടെ കതക് കുറ്റിയിട്ട്  ടോപ് അഴിക്കാൻ തുടങ്ങി. അവൻ പെട്ടന്ന് അവളെ തടഞ്ഞു. 

“ക്യാ ഹോഗയാ സാബ്, പസന്ദ് നഹി ആയാ “( എന്ത് പറ്റി സാർ, ഇഷ്ട്ടപ്പെട്ടില്ലേ ) “ബോണി ഹേ സാബ്
(കൈനീട്ടമാണ് സാർ )

അവൾ ദയനീയ ശബ്ദത്തിൽ പറഞ്ഞു.

കോയി ബാത്ത് നഹി, പൈസ മേ ദൂംഗ
(സാരമില്ല പൈസ ഞാൻ തരാം )

അവൻ അവളെ കട്ടിലിൽ ഇരുത്തി അവളുടെ കഥകൾ ചോദിച്ചു. പതിഞ്ഞ ശബ്ദത്തിൽ അവൾ അത് പറഞ്ഞു. ആന്ധ്രായിലെ ഒരു ഗ്രാമത്തിൽ നിന്ന് ആരോ ജോലി മേടിച്ചു കൊടുക്കാം എന്ന് പറഞ്ഞു കൊണ്ടുവന്നതാണ് മൂന്നുവർഷം മുൻപ് അവളെ. പിന്നെ ഇതുവരെ ഇവിടെ നിന്ന് പുറത്തു പോയിട്ടില്ല. വീട്ടിലേക്ക് മാസം തോറും പൈസ അയച്ചുകൊടുക്കും. പിന്നെ വീട്ടിലെ ബുദ്ധിമുട്ടുകളും ഇവിടുത്തെ ഇടപാടുകാരുടെ വൈതൃകങ്ങളും ചിലരുടെ സ്നേഹവും ഒക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ വാതിലിൽ മുട്ടുകേട്ടു. സമയം കഴിഞ്ഞതിന്റെ അറിയിപ്പാണ്. അവൾ കണ്ണുതുടച്ചു. ഹരി പേഴ്സിൽ നിന്ന് ഇരുന്നൂറ് രൂപ അവൾക്ക് കൊടുത്തു. പിന്നെ കതക് തുറന്നു പുറത്തോട്ട് നടന്നു.

തിരിച്ചുള്ള യാത്രയിൽ ജസ്റ്റിന്റെ വർത്തമാനം അവൻ കേട്ടതേയില്ല. പുറത്തുള്ളവരുടെ  ചുവന്ന തെരുവിനെ പറ്റിയുള്ള ധാരണകളും, അതിനകത്തുള്ളവരുടെ ജീവിതവുമായിരുന്നു ചിന്തകളിൽ മുഴുവൻ. ഒന്നുമറിയാതെ പെട്ടുപോയ ആ ജീവനുകൾ ഇല്ലായിരുന്നു എങ്കിൽ ദില്ലി പോലുള്ള മഹാ നഗരങ്ങളിലെ സ്ത്രീകളുടെ അവസ്ഥയും. 
പണിക്കർ രാജേഷ്

By ivayana