പ്രതിരോധ വാക്സിൻ സ്വീകരിച്ച ശേഷവും എന്തുകൊണ്ട് കോവിഡ് വൈറസ് ബാധയേൽക്കുന്നുവെന്നുള്ളത് പലരുടെയും സംശയമാണ്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിച്ച ശേഷവും രോഗം പിടിപെടാൻ സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.
മാർച്ച് 23 നാണ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഡിസംബർ 16 നും ഫെബ്രുവരി 9 നും ഇടയിൽ ഫൈസർ വാക്സിനുകൾ സ്വീകരിച്ച ലോസ് ഏഞ്ചലസിലെ ആരോഗ്യ പ്രവർത്തകർ, കാലിഫോർണിയ സർവ്വകലാശാലയിലെ ജീവനക്കാർ, എന്നിവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കുത്തിവെയ്‌പ്പെടുത്ത ശേഷം കാലിഫോർണിയ സർവ്വകലാശാലയിലെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വാക്സിനേഷന് ശേഷം കോവിഡ് സ്ഥിരീകരിക്കാനുള്ള സാധ്യത 1.19 ആണെന്ന് പഠനം വ്യക്തമാക്കുന്നു.
പഠനത്തിന്റെ ഭാഗമായി 36659 ആദ്യ ഡോസും 28184 രണ്ടാം ഡോസും ഗവേഷകർ സ്വീകരിച്ചു. വാക്സിനേഷന് ശേഷം ഗവേഷക സംഘത്തിന്റെ ഭാഗമായിരുന്ന 379 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 37 ആരോഗ്യപ്രവർത്തകർക്ക് രണ്ടാം ഡോസും സ്വീകരിച്ച ശേഷമാണ് രോഗ ബാധയുണ്ടായത്.
ഇതോടെയാണ് വാക്‌സിൻ കുത്തിവെയ്‌പ്പെടുത്താലും പൂർണമായും രോഗപ്രതിരോധം നേടാൻ സാധിക്കില്ലെന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്. വാക്സിന് ഫലപ്രാപ്തി ഇല്ലാത്തതിനാലല്ല രോഗം സ്ഥിരീകരിക്കുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു. എല്ലാവരിലും ഒരുപോലെ വാക്സിൻ ഗുണം ചെയ്യില്ലെന്നും ചിലർക്ക് രോഗം പിടിപെടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. കൊറോണ വൈറസ് ബാധ ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുകയാണ് വേണ്ടതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.