രചന : ബിജുകുമാർ മിതൃമ്മല:
ഈ വരുന്ന
തിരഞ്ഞെടുപ്പിൽ
ഞാൻ ജയിച്ചാൽ
എന്റെ വാഗ്ദാനങ്ങൾ
നിങ്ങൾക്കായി
സമർപ്പിക്കുന്നു
കിഴക്കുദിക്കുന്ന
സൂര്യനെ കുറച്ച്
സ്ഥാനം മാറ്റി പ്രതിഷ്ഠിക്കും
എന്നും സഞ്ചരിക്കുന്ന
പാതയിൽ നിന്നും
തെല്ല് മാറി സഞ്ചരിക്കാൻ പറയും.
ഇത്രയുംനാൾ ഭൂമി
സൂര്യനെ വലം വച്ചത്
നിർത്തി സൂര്യനോട് പറയും
ഭൂമിയേ ചുറ്റാൻ
പിന്നെ കാക്കകൾ
മലന്നു പറക്കും
അതിൽ എല്ലാ കാക്കകൾക്കും
ഓഫറും കൊടുക്കും
വേഗം കുളിച്ച്കൊക്കായി മാറാൻ
ബാക്കി കിളികളോട്
കടക്കു പുറത്ത്
എന്ന് കല്പിക്കും
കോഴികൾക്ക് മുല വരാൻ
മസാലാ ബോണ്ട്
കൂടിയ പലിശയ്ക്ക്
വാങ്ങി കൂട്ടും
ചങ്കരനോട് തെങ്ങിൽ
നിന്നിറങ്ങാൻ ഒരിക്കലുംപറയില്ല
കഴിയുമെങ്കിൽ
രണ്ടു കൈയ്യും കൂപ്പി
പിച്ചചട്ടി എടുക്കാൻപറയും
ഞാൻ ഇപ്പോൾ
പല്ലിൻമേൽ വെള്ളപൂശി
ചിരിക്കാൻ വേണ്ടി മാത്രം
ജയിച്ചാൽ ഞാൻ പിന്നെ
പുച്ഛം വിലയ്ക്കു വാങ്ങും
നിങ്ങൾ എന്തേലും
മൊഴിഞ്ഞാൽ
ചോദിക്കാൻ ഒരുത്തരം
കടമെടുത്തിട്ടുണ്ട്
ആരാ നീ കടക്കുപുറത്ത്
ഉത്തരം ഒന്നു മാത്രം
ജനത എന്നകഴുതകൾ.