രചന : സുമോദ് പരുമല.

ഒറ്റവെടിയൊച്ച ..!
രസത്തിനൊരുവെടി .
വേട്ടക്കാരൻ മറയുന്നു .
മരിച്ചുകൊണ്ടിരിയ്ക്കുന്ന ജീവിതം ..
ജീവിച്ചിരിയ്ക്കുന്ന മരണം .
ആകാശത്ത്
വെള്ളവലിയ്ക്കുന്ന
കാറ്റാടിമരച്ചില്ലയിൽനിന്ന്
ഒരു ദേശാടനക്കിളി
ഞെട്ടറ്റുവീഴുന്നു .
ഏഴുകടലുകൾ താണ്ടിയ
നീളൻചിറകുകൾ
അഭയത്തിന്റെ
മരത്തണലിൽ
ചോരകുടയുന്നു ..
ഇഴഞ്ഞിഴഞ്ഞെത്തുന്ന
വൃദ്ധയാചകൻ .
കാലുകളറ്റവൻ ..
പിടയ്ക്കുന്ന ചിറകുകൾ
പിടിച്ചുയർത്തുന്നു .
സമുദ്രം കുടിച്ചകണ്ണുകൾ .
നെഞ്ചിലാർത്തികത്തുന്നു .
ദരിദ്രരാമായണത്തിൽ
മാഞ്ഞുപോയ ‘മാനിഷാദ ‘.
ഉള്ളിലടുപ്പുപുകയുന്നു .
ഒറ്റ വെള്ളിടി ..!
പച്ചമരം നിന്നുകത്തുന്നു .
അരച്ചാണോളം മണ്ണിൽ
എട്ടുപെരുങ്കടലുകൾ
വറ്റിമായുന്നു .
ഒരു പെരുങ്കഥയവസാനിയ്ക്കുന്നു …

സുമോദ്

By ivayana