ചിരിതൂകിയ പകലിന്റെ ചിതയുടെ കനലിലെ
ചോപ്പിൽ ജനിക്കുന്ന സന്ധ്യേ….
ഇറയത്തു കത്തിച്ച വിളക്കിലെ തിരി പോലെ
നീയുമെന്നമ്മയും ഒന്നുപോലെ…..
ഉഗ്രതാപമുറഞ്ഞ വിയർപ്പിറ്റുവീണു നിൻ
മേനിയിന്നാകവേ ഈറനായോ…
ഉലയിൽ പഴുപ്പിച്ച ജീവിതചൂടേറ്റു
ഉരുകുമെന്നമ്മതൻ മിഴികളെപോൽ…
ചങ്കിലെ ചെഞ്ചോര ചോപ്പിനാൽ നെറുകയിൽ
സിന്ദൂരം തൊട്ടയെന്നമ്മയെപോൽ,
നിന്നിൽ മരിച്ചൊരാ പകലിന്റെ ചിതയിലെ
ചെന്തീക്കനൽ നിന്റെ നെറ്റിയിൻ മേൽ..
ഈറനാം സന്ധ്യേ നിൻ വിറപൂണ്ട ചുണ്ടുകൾ
വിളറി വെളുക്കുന്നതെന്തിനായോ…
കണ്മഷി പടർന്നു നിൻ കവിളിലെ ശോണിമ
ഇരുളുന്നുവോ നീയിടറുന്നുവോ..
നിന്നിൽ പിറക്കുന്ന പുത്രനാമിരുളിന്റെ
കയ്യാൽ നിൻ മരണമെന്നോർത്തതാണോ.
ദുഷ്കർമ്മിയാമൊരു പുത്രന്റെയോർമ്മയിൽ
എന്നമ്മ പിടഞ്ഞതുമോർക്കുന്നു ഞാൻ..
അന്തമില്ലാതെയുള്ള അഴലാണ് സന്ധ്യേ
നീ മരിക്കുന്നയീ അന്ധകാരത്തിൽ…
അമ്മയെന്നഗ്നി സ്ഫുലിംഗമണയുമ്പോൾ
ഘോരാന്ധകാരം പരക്കുമെൻ ഹൃത്തിലും