രചന : ഗീത മന്ദസ്മിത✍️

എന്റെ പ്രിയ നീലാംബരീ…,
ഇതാ വീണ്ടുമൊരു ജന്മദിനം കൂടി… .🙏😘💐
എത്ര നീർമാതളങ്ങൾ കൊഴിഞ്ഞാലും മറക്കില്ല– നെയ്പ്പായസത്തിന്റെ രുചിയൂറും ബാല്യകാലസ്മരണകളുണർത്തുന്ന ഈ നീലാംബരിയെ… !
പക്ഷിയുടെ മണമുള്ള ചന്ദനമരങ്ങൾക്കിടയിൽ, വിഷാദം പൂക്കുന്ന എന്റെ ഒറ്റയടിപ്പാതകളിൽ നീർമാതളങ്ങൾ ഇനിയും പൂക്കാതിരിക്കില്ല… !
° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° °
~എന്റെ നീലാംബരി~

ഓർക്കുന്നു നിന്നെയെൻ നീലാംബരീ
ഓർക്കാതിരിക്കുവാനാവതുണ്ടോ
നെയ്പ്പായസത്തിൻ മധുരമൂറും
ബാല്യകാലത്തെ മറന്നിടാമോ
ഓർത്തിടും എന്നുമീ തൂലികയെ
ചേർത്തിടും എന്നുമെൻ ഹൃത്തടത്തിൽ
പൂത്തില്ല നീർമാതളങ്ങൾ പിന്നെ
എന്റെ ഒറ്റയടിപ്പാത ശൂന്യമായി
ചന്ദനമരവും പൂത്തതില്ല
പക്ഷിതൻ മണമെങ്ങും വീശിയില്ല
എങ്കിലും ഞാനിന്നും കാത്തിരിപ്പൂ
നീ വരും നേരവും എണ്ണിയെണ്ണി
വിഷാദങ്ങൾ പൂക്കുമെൻ താഴ്‌വരയിൽ
വീണ്ടും വസന്തമായ് വരുകയില്ലേ
നീലാംബരീ നീ വരുകയില്ലേ, ഒരു
നീർമാതളമായ് വീണ്ടും പൂക്കുകില്ലേ..!

By ivayana