രചന : ദിജീഷ് കെ.എസ് പുരം.

തികച്ചുമവിചാരിതമായാണ്
അഴീക്കൽ കടൽത്തീരത്തുനിന്നുമൊരു
പഴയകാലത്തെ കുപ്പികിട്ടിയത്,
മോക്ഷംകാത്തുകിടക്കുന്ന ഭൂതങ്ങളെപ്പോലെ
നിറയെ കടലാസുചുരുളുകളുള്ളത്!
കോർക്കുബന്ധനംമുറിച്ചപ്പോൾ
കാണാത്തൊരുൾക്കടൽഗന്ധത്തിൽ,
അറിയാത്ത കാലത്തൊരു മനംപൂത്തപോൽ
കുറേ ദിനസരിക്കുറിപ്പുകളെന്നെത്തൊടുന്നു!
കടലാസുകളോരോന്നായി നിവർത്തിവായിക്കാം.
താൾ – 1.
💀 സമയം : സുമാർ നട്ടുച്ച.
⚔ തീയതി : അറിയില്ല.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
കപ്പലിപ്പോൾ നങ്കൂരത്തിന്റേതാണ്,
വെളുത്ത തലയോട്ടിപ്പടമുള്ള
കറുത്ത കൊടിയിപ്പോൾ,
കടൽക്കൊള്ളക്കാരുടേതു മാത്രമായ
തന്ത്രങ്ങളിലൊന്നിനാൽ
താഴോട്ടിറങ്ങി തലകുമ്പിട്ടിരിക്കുന്നു.
ദൂരദർശിനിയിലിനിയുംപെടാത്ത,
വയനാടൻ സുഗന്ധദ്രവ്യങ്ങളുള്ള
ഒരു പത്തേമാരിയുടെ
നിറവയർഗന്ധവുമായി
കടൽക്കാറ്റുകൾ തമ്മിൽ
പ്രണയിച്ചു വിയർക്കാൻ
തുടങ്ങിയിട്ടിന്നു രണ്ടാംദിനം.
ഓരോ സൂക്ഷ്മമായ കാഴ്ചകളേയും
ഗന്ധങ്ങളേയും ശബ്ദങ്ങളേയും
ഈ കടലിന്റേതിൽനിന്നും
വേർതിരിച്ചെടുത്തനുഭവിക്കാൻ
കടൽക്കൊള്ളക്കാരനായ നാവികനോളം
കഴിവുസിദ്ധിച്ചവർ മറ്റാരുണ്ട്!
ഗന്ധനിഗമനപ്രകാരം ഇന്നുരാത്രി
ആ കപ്പൽച്ചേതത്തിന്റേതാണ്.
താൾ – 2.
💀 സമയം : പ്രഭാതം.
⚔ തീയതി : സുഗന്ധദ്രവ്യയാനം-
പിടിച്ചെടുത്തതിന്റെ മൂന്നാംനാൾ.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ഒരു കപ്പൽറാഞ്ചിയുടെ പ്രഭാതങ്ങൾ
വിരസതയുടെ ആഴക്കടലാണ്!
നിറയെ പ്രണയകവിതകളുടെ മണവുമായി
കാറ്റുകൾ സല്ലപിക്കുന്നു.
ഹൊ! ഒരു കപ്പൽനിറയെ പ്രണയകവിതകൾ!
അതെന്നിലെ കടൽച്ചോരനിൽ
കർമ്മോന്മത്തതയുടെ കൊടിയേറ്റി.
ഒറ്റയ്ക്കുപോയേ കഴിയൂ,
കേവലം കള്ളന്മാരായ,
കാവ്യവാസനയില്ലാത്ത സംഘാംഗങ്ങൾക്ക്,
ഇതൊക്കെയെന്റെ വെറും മതിഭ്രമമാണ്!
ഇന്നുച്ചയ്ക്കൊരു മിന്നലിൽ
ഉരു കത്തുമ്പോൾ
ആ കവിതകൾ കടലിലലിയും!
താൾ – 3.
💀 സമയം : പൂർവ്വാഹ്നം
⚔ തീയതി : പ്രണയകവിതകൾ
ഉപ്പിലിട്ടതിന്റെ ഏഴാംദിനം.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
കഴിഞ്ഞയാറു ദിവസങ്ങളിലും
പലതരം കവിതകളുടെ
നാവികരില്ലാത്ത മഹായാനങ്ങൾ
എന്നാൽ കൊള്ളചെയ്യപ്പെടുകയും
അവ കടലോടു ലയിപ്പിക്കുകയുമുണ്ടായി.
തീരങ്ങളിൽ കവിതതേടിയെത്തുന്ന
എല്ലാത്തരക്കാർക്കുമായി,
എക്കാലത്തേക്കുമായാണ്
ഞാനിതു ചെയ്യുന്നത്.
തിരകളിൽനിന്നുമവർ
വേർതിരിച്ചാസ്വദിച്ചുകൊള്ളട്ടെ!
താൾ – 4.
💀 സമയം : അർദ്ധരാത്രി
⚔ (നക്ഷത്രഗണനാപ്രകാരം.)
തീയതി : ചുവന്നമുടിക്കാരി കാമുകി
തിരണ്ടതിന്റെ പന്ത്രണ്ടാംനാൾ.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
അവളുടെ മടിയിൽക്കിടക്കുന്ന
എന്റെ പേരാൽമുടികളെ
വേർതിരിക്കുന്ന നീണ്ടവിരലുകൾ.
കപ്പലിന്റെ മട്ടുപ്പാവിൽ
കാറ്റുകളുടെ പൂർവ്വലീലകൾ.
പതിവിലുമെത്രയോ ഇരട്ടി
നക്ഷത്രങ്ങളെ കടംകൊണ്ട വശ്യാകാശം!
അതാദ്യാനുഭവംപോലെ മയങ്ങിയ കടൽ!
പെട്ടന്ന്, ചിറകുമീനുകളുടെ
അസ്ത്രങ്ങൾപെയ്യുന്നു!
അവയുടെ മിനുപ്പിൽ,
ആദിമമായ പച്ചമണത്തിൽ
ഞങ്ങൾ പൊതിയപ്പെടുന്നു!
ഞങ്ങൾക്കുള്ളിലുമടങ്ങാത്ത
പൂമീൻപറക്കലുകൾ !
അവളുടെ സമൃദ്ധികളിലെ
എന്റെയോരോ പിടിക്കലുകളിലും
പറവമീനുകൾ പിടച്ചുവഴുതുന്നു!
എത്ര നേരമാണതു പെയ്തത്,
കടലിനെ പെരുമീൻവിഴുങ്ങുവോളം.
ഈ അത്യപൂർവ്വ രതിസൗഭാഗ്യത്തിൽ,
സുഖദ,സമ്മോഹനതയുടെ
ബോദ്ധ്യപ്പെടുത്താനാകാത്ത അനുരണനങ്ങളിൽ,
ചുവന്നമുടിയുള്ള, മഴവിൽച്ചെതുമ്പലുകളുള്ള
ഒരു മത്സ്യകന്യക തിളങ്ങിനിന്നു!
പവിഴപ്പുറ്റുകളുടെ കൊട്ടാരത്തിലെ
വെള്ളിശല്ക്കനാഗങ്ങളുടെ
ദംശനകവിതയെന്നിലെഴുതി
അവളപ്പോൾ മൂന്നാമതും
പെയ്തു നിറയാൻതുടങ്ങി!
താൾ – 5.
💀 സമയം : അപരാഹ്നം.
⚔ തീയതി : അപൂർവ്വരതിവേഴ്ചകൾക്കുശേഷം
ആറാംമാസംതികഞ്ഞ നാൾ.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ഒരു മഹാകടൽമാരിയിൽ
കൂട്ടാളികൾ മരണപ്പെട്ടു,
ആറുമാസം ഗർഭിണിയായ
ചുവന്നമുടിക്കാരിയും.
ഞാനും രോഗബാധിതനാണ്!
ഉപ്പാൽ ശുദ്ധംചെയ്ത്,
ശവങ്ങൾക്കൊപ്പം കപ്പലും കത്തിച്ച്,
ഒരു ചെറുവഞ്ചിയിൽ
ഇതുവരെക്കിട്ടാത്ത
കറുത്ത കവിതതേടി
ഒറ്റപ്പെട്ടവന്റെ മഹാസമുദ്രത്തിലേക്ക്..
താൾ – 6.
💀 സമയം : അസ്തമയം.
⚔ തീയതി : കറുത്ത കവിത തേടിയിറങ്ങിയ
അന്നുതന്നെ.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ജീവിതമഹാസമുദ്രം,
എത്ര സങ്കീർണ്ണമായ ചലനാത്മകതയാണ്!
ഉപ്പുചതുപ്പുകളുടെ ഒളിസങ്കേതങ്ങളെപ്പോലും
മാറ്റിമറിക്കുന്ന അന്തർപ്രവാഹങ്ങൾ,
ദിഗ്ഭ്രമത്തിൻ മോഹകിനാവള്ളിബന്ധനം,
നിന്റെ മാത്രം മഴകൾ,
നിന്നിലൊടുങ്ങുന്ന ചുഴലിക്കാറ്റുകൾ!
ഞാൻ കടലിന്റെ മനസ്സിലെഴുതിയ
കവിതകളെല്ലാമപ്പോൾത്തന്നെ
കരയിലെ മറ്റൊരാളെഴുതിയതെങ്ങനെ!
എന്റെ ചിന്താനൗകകൾ
ആരാലാണ്, എങ്ങനെയാണ്
പെരുങ്കൊള്ളചെയ്യപ്പെടുന്നത് !!
കടൽ കറുക്കുന്നു,
എന്നത്തേക്കാളും ഭീകരമായി,
അകലെയിപ്പോൾ ചാവുഗന്ധത്തിൽ,
കറുത്തകവിതകളുടെ യാനമൊരു
പൊട്ടുപോലെ കാണാം.
ഒരജ്ഞാത ദ്വീപിൽ
ഞാനൊളിപ്പിച്ച നിധികളിൽ
ആ കറുത്ത കവിതയുമുണ്ടാകണം,
അതുതേടിമാത്രം പുതുനാവികർ
ധൈര്യത്തിന്റെ കപ്പലോട്ടണം.
അതിനായി ഈ എഴുത്തുകൾ
പലകുപ്പികളിലാക്കിയൊഴുക്കുന്നു.
ആരും പോയിട്ടില്ലാത്ത
അതീവദുഷ്ക്കരമായ കടലിടുക്കിലേക്ക്,
ആ കരിങ്കപ്പൽമുക്കാൻ,
ഞാനതിവേഗംതുഴയുന്നു,
എല്ലാ വഞ്ചിപ്പായകളും വിടർത്തുന്നു..
(✍️ ഊരും പേരുമില്ലാത്ത ഒരു കടൽക്കൊള്ളത്തലവൻ)
▪️▪️▪️▪️▪️▪️▪️▪️▪▪▪
നിങ്ങൾ വായിച്ചയീ
കുറിപ്പുകളിലെ ഭാഷവച്ച്
സ്ഥലകാലനിർണ്ണയം നടത്താൻ
ദയവായാരും മുതിരരുത്.
കാരണം, ലിപികളില്ലാത്ത
അതിലെ മൃതഭാഷയെ
ഞാനാണു വിവർത്തനം ചെയ്തത്.
കുപ്പിക്കുള്ളിലടിയിലൊളിപ്പിച്ചിരുന്ന
കറുപ്പിനെയിപ്പോഴാണ് തെളിഞ്ഞുകണ്ടത്,
കീറിപ്പറിഞ്ഞൊരു കറുത്ത പതാക,
അതിൽ രണ്ടു വാളുകൾക്കുമുകളിൽ
ഒരു വെളുത്ത തലയോട്ടി ചിരിക്കുന്നു!

ദിജീഷ് രാജ് എസ്.

By ivayana