രചന : സതീശൻ നായർ.

മൈതീനിക്ക ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി.
ഒരു ദിവസം രാത്രിയിൽ ഫേസ്ബുക്കിൽ പച്ച കത്തിച്ചു കണ്ട മെസഞ്ചർ കൂട്ടിലേക്ക് വെറുതെ ഒന്ന് ഇരയിട്ട് നോക്കീതാ..
അതങ്ങ് വീണു.

പണ്ടേ നയൻതാര പുളളീടെ വീക്ക്നസ്സ് ആണ്..
പുളളിക്കാരത്തീടെ ഡീപീം ഡയലോഗുകളും നോക്കി രാത്രിയിൽ മൈതീനിക്കയുടെ ശരീരം ചില വിറ്റാമിനുകളാൽ സമ്പന്നമായി..
അങ്ങനെ സഹിക്കാൻ പറ്റാത്ത ഒരു നട്ടപ്പാതിരക്ക് മൈതീനിക്ക തൻറെ കുറേ നാളുകൾ കൂടിയുളള ഒരാഗ്രഹം പറഞ്ഞു…
ഒന്ന് കാണണം.

കണ്ടാൽ മാത്രം മതിയോ..
കണ്ടെങ്കിലും നിറയാലോ..
എവിടെയാ കാണുക മൈതീനിക്ക ..
നമുക്ക്‌ ബോട്ട് ജെട്ടിയിൽ ഒരു ജ്യൂസ് കടയുണ്ടല്ലോ അവിടെ കാണാം.
പക്ഷേ മൈതീനിക്ക ഞാൻ എങ്ങനെ ങ്ങളെ തിരിച്ചറിയും ങ്ങടെ പ്രൊഫൈൽ പിക് മാമുക്കോയേടേം ദുൽഖർ സൽമാൻറേം ഒക്കെ ആണല്ലോ..
ഓൻ മ്മടെ ആളല്ലേ ഒരു കാര്യം ചെയ്യാം നാളെ വൈകുന്നേരം മൂന്നു മണിക്ക് ഞാൻ ആ ജ്യൂസ് ഷോപ്പില് സ്ട്രാബറി ജൂസും കുടിച്ചു കൊണ്ട് ഇരിക്കുന്നുണ്ടാകും.. അതാവുമ്പോ കളറല്ലേ നിനക്ക് മനസ്സിലാകും..

ഓക്കേ മൈതീനിക്ക നാളെ കാണാം അപ്പോൾ സ്ട്രാബറി ജ്യൂസ് ചക്കരേ ലുമ്മ..
ശരിയെടീ നയൻസേ ലുമ്മ ഞാൻ നേരിട്ട് നാളെത്തരാം സ്ട്രാബറി ജ്യൂസ് മറക്കണ്ട.
മൈതീനിക്ക മിടിക്കുന്ന ഹൃദയത്തോടെ ജ്യൂസ് ഷോപ്പിലെത്തി..
മൂന്നു മണിയാകാൻ ഇനീം പത്തു മിനിറ്റ്.
ആളൊഴിഞ്ഞ ഒരു മൂലയിൽ സീറ്റ് പിടിച്ചു..
ആരുടെയും ശല്യമുണ്ടാകരുതല്ലോ..
സ്ട്രാബറി ജ്യൂസിന് ഓർഡർ കൊടുത്തു.

ഒരു സോറിയുടസോറിയുട അകമ്പടിയോടെ വെയ്റ്റർ സ്ട്രാബറി കിട്ടാനില്ല സാറേ പകരം ..?
ശ്ശേ അവളോട് പറഞ്ഞു പോയല്ലോ ഇനിയിപ്പം മാംഗോജൂസോ ഗ്രേപ്ജ്യൂസോ എന്ത് പണ്ടാരമെങ്കിലും കൊണ്ട് വാ..
കുറച്ചു നേരം കഴിഞ്ഞ് വന്നത് മുസംബി ജ്യൂസ്.
എന്ത് കുന്തമെങ്കിലുമാകട്ടേ..
മനസ്സില്ലാ മനസ്സോടെ മുസംബി സിപ് ചെയ്തിരുന്നപ്പോൾ ഒരു സ്ത്രീ അവിടെ ടേബിളിലെ ഓരോരുത്തരേയും ശ്രദ്ധിക്കുന്നു..

ഷക്കീലയുടെ ബോഡീം ഫിലോമിന ഏതോ ചിത്രത്തിൽ പൗഡറിട്ട പോലുളള മുഖവും.
മൈതീനിക്കക്ക് ആ വന്നത് നയൻതാര ആണെന്ന് മനസ്സിലായി ഉടനേ കൂളിംഗ് ഗ്ളാസ് എടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു..
നിരാശ,അരിശം പുറത്ത് കാണരുതല്ലോ അവൾടെ പൂഞ്ഞാറ്റിലെ ഒരു നയൻതാര..
അവൾ മൈതീനിക്കയുടെ ടേബിളിൻറെ അടുത്ത് വന്നു..

ഹലോ മൈതീനിക്ക അല്ലേ ഞാൻ നയൻതാര ഇന്ന് കാണാമെന്ന് പറഞ്ഞിരുന്നു..
ഏത് മൈതീനിക്ക എവിടത്തെ മൈതീനിക്ക
നിനക്കെന്താ കണ്ണു കാണാൻ പാടില്ലേ..
ഞാൻ കുടിക്കുന്നത് മൂസംബി ജ്യൂസല്ലേ.

സതീശൻ നായർ

By ivayana