കഥാരചന : ജോയ് ജോൺ ജോജോ.

ജീർണ്ണിച്ച് നിലംപൊത്താറായ നെല്ലോലക്കൂരയുടെ കോലായിൽ കുന്തിച്ചിരുന്നു വൃദ്ധൻ ബീഡിപ്പുക ചുരുളുകളാക്കി ശൂന്യതയിലേക്ക് ചുഴറ്റിയൂതി ആസ്വദിച്ചുകൊണ്ടിരുന്നു,ചുളിവുകൾ തൂങ്ങിയ ഇടതുകൈത്തത്തലം അപ്പൂപ്പൻതാടി പോലെ നരച്ച് വെള്ളി കെട്ടിയ നീളൻ താടിരോമത്തെ മൃദുവായ് തഴുകി ഒതുക്കി , വിശാലമായ വയലേലകളിലേക്ക് അലക്ഷ്യമായ് കണ്ണുകളെറിഞ്ഞ് കൊണ്ട്….
തൻ്റെ ജീവിതവും ഈ പുകച്ചുരുളുകൾ പോലെ ശൂന്യതയിലൊരു ചോദ്യചിഹ്നമായ് അലയുകയല്ലേയെന്നൊരു നിമിഷം അയാൾ ചിന്തിച്ചു !
പൊടുന്നനെ, ഓർമ്മകളുടെ പടിയിറക്കം….

  .....  വൃദ്ധൻ എത്തിച്ചേർന്നത്, നാലുകെട്ടും നടുമുറ്റവുമുള്ള ഒരു കൂറ്റൻ കൊട്ടാരസമുച്ചയത്തിൻ്റെ ഉമ്മറപ്പടിയിലേക്ക്!വിശാലമായ ചുറ്റുമുറ്റം പൂച്ചെടികളാൽ അലങ്കൃതം .

    കിഴക്കേ മൂലയിലെ കൂറ്റൻ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന ലക്ഷണമൊത്ത ഗജവീരൻ, ശണേശൻ... പൊതുവേ കുറുമ്പനാണവൻ, എന്തൊരു തലയെടുപ്പ്!! അന്യദേശത്തു നിന്നുപോലും അവനെ കാണാനും, സമ്മാനങ്ങൾ നല്കാനും ധാരാളം ആനപ്രേമികളെത്തിയിരുന്നു!

ക്രമേണ, തലയെടുപ്പുള്ള പല കൊമ്പന്മാരും ആ തിരുമുറ്റത്തേക്കെത്തി! അങ്ങിനെ ആനമുറ്റം എന്ന വീട്ടുപേര് ശരിക്കും അന്വർദ്ധമായ്.
ഗ്രാമോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ആനമുറ്റത്തെ കുട്ടികൊമ്പന്മാർ!
ആയിരക്കണക്കിന് പറ നെല്ലാണ് ആനമുറ്റത്തെ നെൽക്കളങ്ങളിൽ ഒരുക്കാനിട്ടിരുന്നത്! കൊയ്ത്തും, മെതിയും, വിത്തു ശേഖരണവുമെല്ലാം ആനമുറ്റത്തെ കൊട്ടാരകെട്ടിനു ചുറ്റും തകൃതിയായ് നടക്കുന്നത് കാണേണ്ട ഒരു കാഴ്ച തന്നെ!

      താനൊരാളായിരുന്നല്ലോ ഇത്രയും വലിയ വീട്ടിലെയും തൊടിയിലേയും കാര്യങ്ങൾ ഒരു കുറവും വരാതെ നോക്കി നടത്തി കൊണ്ടിരുന്നത്!
   ആബാലവൃദ്ധവും "കേശവാ.... കേശവോ ". ന്ന്, നീട്ടി വിളിക്കുമ്പോൾ ,

“ഞാനിവിടുണ്ടേ”…’ എന്ന മറുപടിയുമായ് ഓടിയെത്തിയിരുന്നു! ….അത് മുത്തശ്ശനാവാം,മുത്തശ്ശിയാവാം, രാഘവേട്ട നാവാം, ലക്ഷിയേടത്തിയാവാം, അടുക്കളപ്പണിക്കാരാവാം….അത്രയ്ക്ക് ആത്മബന്ധമായിരുന്നു താനും ആനമുറ്റവും തമ്മിൽ … എല്ലാവർക്കും എപ്പോഴും കേശവനെ വേണം!
തനിക്കന്ന് മുപ്പത്തിയാറോ… മുത്തത്തിയേഴോ പ്രായം!

“കൊട്ടാരക്കാര്യങ്ങൾ നോക്കി.. നോക്കി,നീ വിവാഹം പോലും മറന്നിരിക്കണ്” മുത്തശ്ശി കൂടെ കൂടെ ഓർമ്മപ്പെടുത്തിയിരുന്നു! രാഘവേട്ടനും നിർബന്ധിച്ചിരുന്നു പല വേള! പക്ഷേ ,അതൊക്കെയൊര് തമാശയായികണ്ട് വെറ്റില മുറുക്കി ചുവന്ന പല്ലുകൾകാട്ടി ചിരിച്ചു തള്ളി ! ആ വീടും, അതിൻ്റെ പരിസരവും വിട്ടുള്ള ഒരു ജീവതത്തേക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലാ! കല്ല്യാണം ഴിഞ്ഞാൽ ബന്ധങ്ങൾ അറ്റുപോവില്ലേ? ആന കുട്ടത്തെ കുളിപ്പിക്കാതെ, അവയെ ഊട്ടാതെ ,തൊടിയിലലയാതെ, പണിക്കാരോട് പോരിടാതെ, തമാശ പറയാതെ എങ്ങിനെ അന്തിയുറങ്ങാനാവും? കല്ല്യാണം കഴിച്ചാൽ വരുന്ന പെണ്ണ് ഇതു വല്ലതും സമ്മതിക്കുമോ? അല്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? ഞാനും ആനമുറ്റവും തമ്മിലുള്ള ബന്ധം അവർക്ക് മനസ്സിലാകണമെന്നുണ്ടോ !
അത്രന്നേ!… ഒന്നും വേണ്ടാന്നു വച്ചു, വേളിയും, ജീവിതവും ഒന്നും ….!
ഇക്കാലമത്രയും ഉള്ളിൽ പുകഞ്ഞിരുന്ന ബന്ധങ്ങളുടെ ചുരുളഴിച്ചിട്ടു വൃദ്ധൻ!
തൻ്റെ അമ്മ അവിടുത്തെ അടിച്ചുതളിക്കാരി ആയിരുന്നത്രേ!, തരക്കേടില്ലാത്ത സൗന്ദര്യം…

ഇവിടുത്തെ രാഘവേട്ടൻ്റെ അച്ഛന് വയസ്സായ കാലത്തുണ്ടായ ഒരു പൂതിയുടെ പരിണിതഫലമാണ് താനെന്ന് ഒരടക്കം പറച്ചിലുണ്ടായിട്ടുണ്ട്! ഇതുവരെ അതിൻ്റെ പിന്നാലെ ഒന്നും അന്വേഷിച്ചിട്ടില്ല! ഈ കൊട്ടാരത്തിലെ അകത്തളത്തിലെവിടെയോ അമ്മയെ ലോകമറിയാതെ, രഹസ്യമായ് പാർപ്പിച്ചത്രേ! താനുണ്ടായി മൂന്നു മാസം കഴിഞ്ഞപ്പോൾ ഒരു വെള്ളിയാഴ്ച, വേഷ്ടിക്ക് തീപടർന്ന് അടുക്കളപ്പുറത്ത് അമ്മ മരിച്ചുവീണത്രേ! താനൊന്നും തിരക്കിയില്ല!

  ഓർമ്മവെച്ചപ്പോൾ, താനൊര് ആശ്രമത്തിലെ അന്തേവാസി-- കടലോളം സ്നേഹമുള്ള മനുഷ്യർ .അറിവിൻ്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ! മനുഷ്യരുടെ നന്മ മാത്രം കാംക്ഷിക്കുന്നവർ... സന്യാസിമാരുടെ പ്രിയശിഷ്യനായ് മതപഠനവും സാമാന്യ വിദ്യാഭ്യാസവും !

എല്ലാവർക്കും,എല്ലാവരോടും, സ്നേഹവും ബഹുമാനവും മാത്രം!
പതിനഞ്ചാമത്തെ വയസ്സിലാണ്, അവിടുത്തെ ഒരു സന്യാസി തന്നെ ഈ കൊട്ടാരത്തിലെത്തിച്ചത് ! “ഇതാണ് നിൻ്റെ സ്വഭവനം” — ആരും കേൾക്കാതെ അദ്ദേഹം എൻ്റെ കാതിൽ മൊഴിഞ്ഞത് ഇന്നലത്തേത് പോലെ ഓർമ്മിക്കുന്നു!! തൻ്റെ വീടോ, ഈ കൊട്ടാരം? അന്നൊന്നും മനസ്സിലാകാതെ പകച്ചു നിന്നു ! വർഷങ്ങൾ കൊഴിയവേ, വന്നവരുടെയും പോയവരുടെയും അടക്കം പറച്ചിലിലൂടെ താനെല്ലാം ഗ്രഹിച്ചു ….അതെല്ലാം ഉറഞ്ഞ് കൂടിയ മനസ്സിനെ ശാസിച്ച് കീഴടക്കി കഴിഞ്ഞു കൂടി…
കാലങ്ങൾ കൊഴിയവേ, മുത്തശ്ശൻ്റേയും, മുത്തശ്ശിയുടേയും വേർപാട് ! അത് ശരിക്കും തന്നെ തളർത്തിയില്ലേ?
മുത്തശ്ശൻ ഒരു മുഴം കയറിൽ തൂങ്ങി മരിച്ചുപോലും, ഇത് നേരിൽ കണ്ട മുത്തശ്ശി ചങ്കുപൊട്ടി മരണപ്പെടുകയായിരുന്നു ,എന്നാണ് അവരുടെ ചെറുമക്കൾ ഞങ്ങളെ അറിയിച്ചത്! അല്ലാ ഇതു രണ്ടും കൊലപാതമായിരുന്നെന്ന് പിന്നീടൊരു ശ്രുതി പടർന്നു! എന്തോ…. ,മനസ്സിൽ വല്ലാത്തൊരു നൊമ്പരംഘനംതൂങ്ങി ,ഒപ്പം ഭയവും! താൻ പ്രതീക്ഷിച്ചതൊക്കെയും സംഭവിക്കാൻ ഭാവിച്ചതു പോലെ! പൊടുന്നനെ തൻ്റെ എല്ലാമായ രാഘവേട്ടൻ്റെ മരണം ; ഹൃദയാഘാതമെന്ന് ഡോക്ടർ പറഞ്ഞുവത്ര!!
ഒറ്റപ്പെടലിൻ്റെ നാളുകൾ !! താമസിയാതെ ഭരണം കൊട്ടാരത്തിലെ ഇളം തലമുറക്കാരിലേക്കെത്തി! അമേരിക്കയിലും, യൂറോപ്പിലും കണ്ണികളുള്ള അവറ്റകൾ, ആനക്കൂട്ടത്തെ ഒന്നൊന്നായ് വിറ്റുതുലച്ചു … നിലവും പുരയിടങ്ങളും വെട്ടിക്കീറി കോൺക്രീറ്റ് സമുച്ചയം പണിതുയർത്തി! പല ജാതിയിലും സമുദായത്തിലും പെട്ടവർ സദാ വരവും പോക്കും തുടർന്നു ! രാത്രി വെളുക്കുവോളം ശീമമദ്യ കൂട്ടായ്മ നടത്തി! എല്ലാം കണ്ടിട്ടും കാണാതെ കഴിഞ്ഞുകൂടാൻ ശ്രമിച്ചു, വരാന്തയിൽ ചുരുണ്ടു കൂടി!
അപ്പോഴേക്കും, വാർദ്ധക്യം തന്നിലൂടെ അരിച്ചിറങ്ങിയിരുന്നു!പരസഹായം കൂടാതെ പിടിച്ചു നിൽക്കാനാവില്ലെന്ന തോന്നൽ മനസ്സിനെ വല്ലാതെ ഉലച്ചു!


അവസാനം, കൊട്ടാരമിരുന്ന സ്ഥലം അത്യാധുനിക സൗകര്യങ്ങളുള്ള റിസോർട്ടാക്കാൻ രാഘവേട്ടൻ്റെ ചെറുമകൻ അടിവരയിട്ടു തീരുമാനിച്ചപ്പോൾ .. ,ഇറങ്ങിയവിടുന്ന്,
അയാൾതന്ന അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകൾ ആ മുറ്റത്ത് വലിച്ചെറിഞ്ഞിട്ട്!
കുറ്റബോധത്തിൻ്റെ വിഴുപ്പുഭാണ്ഡം തുറക്കാനൊന്നും പിന്നീട് കൂട്ടാക്കിയില്ല’
അന്നൊരു കല്ല്യാണത്തിനു മുതിരാതിരുന്നത്, കുടുംബ ജീവിതം വേണ്ടന്ന് വച്ചത്!…. എല്ലാം ആനമുറ്റവും താനും തമ്മിലുള്ള ബന്ധത്തിൻ്റെ ഭാഗമായിരുന്നില്ലേ?… അനേകം ചോദ്യങ്ങശരങ്ങൾ തൻ്റെ നേർക്കെയ്തിരിക്കുന്നു….
വെറ്റിലക്കറവീണ വെള്ളിത്താടിയിൽ തടവിക്കൊണ്ട് അയാൾ തത്രപ്പെട്ട്, നടുവിന് കൈയ്യൂന്നി മെല്ലെയെണീറ്റു, നിരാശയുടെ ഒരു ലാഞ്ജനപോലുമേൽക്കാത്ത ദൃഢമനസ്സുമായ് .
ഇനിയാണ് തൻ്റെ യഥാർത്ഥ ജീവിതം, അവിടെ … ….സ്നേഹാലയത്തിൽ!
താനെന്ന അനാഥ ബാലനെ പതിനഞ്ചുവയസ്സുവരെ കാത്തു പരിപാലിച്ച സ്നേഹവീട്’. അവിടെ വിദ്യേഷമില്ല! വെറുപ്പില്ലാ! സ്വത്തു തർക്കമില്ല… ഉള്ളതോ, കറപുരളാത്ത സ്നേഹം മാത്രം! വ്യദ്ധൻ മെല്ലെ പാദങ്ങളൂന്നി… മുന്നോട്ട്….. !!!

ജോയ് ജോൺ ജോജോ

By ivayana