ഗിരിഷ്’ പിസി പാലം.
കുളക്കോഴിയെ പിടിക്കാനുള്ള എളുപ്പ വിദ്യ ….
ആമ്പേട്ടനെ ആരും അങ്ങിനെ വിളിച്ചതായി ഓർമ്മയില്ല. പ്രായം ചെന്നവർ മാത്രമല്ല, കുട്ടികൾ പോലും ആമ്പേട്ടനെ ആമ്പൻ എന്നാണ് വിളിക്കാറ്. അദ്ദേഹത്തിനല്ലാതെ ആ പേര് ഞാൻ മറ്റാർക്കും കേട്ടിട്ടില്ല.
ഞങ്ങളുടെ നാട്ടിൽ ആരും കേൾക്കാത്ത പേരുകൾ അനവധിയാണ്. ആമ്പൻ, ഏരാങ്കി, തെയ്യത്തിര (ആൺ തെയ്യത്തിരയും, പെൺ തെയ്യത്തിരയുമുണ്ട്), കണ്ടൻ, കണ്ടത്തി, കര്യാത്തൻ …അങ്ങിനെ….
എൻ്റെ കുട്ടിക്കാലത്തെ ആരാധ്യപുരുഷനായിരുന്നു ആമ്പൻ.എഴുപതോ എഴുപത്തിയഞ്ചോ പ്രായം കാണും.
പുതുമഴ പെയ്ത് തോടും വയലും ഒന്നാകുന്ന സമയത്ത് ഞങ്ങളുടെ വയലിൽ ഉത്സവമാണ്.വാളും വലയുമായി രാവും പകലും തോട്ടുവക്കിലും പാടത്തും മീൻപിടുത്തക്കാരുടെ തിരക്കാവും. രാത്രിയിൽ വീടിൻ്റെ ഉമ്മറത്തു നിന്നും പാടത്തേക്ക് നോക്കിയാൽ മിന്നാമിന്നികളുടെ കാടാണത് തവളകളുടെയും ചീവീടുകളുടേയും കാതടപ്പിക്കുന്ന ശബ്ദം … മീൻപിടുത്തക്കാരുടെ ടോർച്ചും പെട്രോൾ മാക്സും ,അത് വയൽവഴികളിലെ വെള്ളത്തിൽ തട്ടി പ്രപഞ്ചം പകുത്തെടുക്കുന്ന കാഴ്ച.
ആ കൂട്ടത്തിൽ ആമ്പനും ഉണ്ടാവും, കയ്യിൽ ഒരു വെളിച്ചത്തരി പോലും ഇല്ലാതെ …
പാതി മുറിഞ്ഞ ഒരു അരിവാൾ ചുണ്ടാണ് ആ മ്പൻ്റെ ആയുധം .അരിങ്ങോടരരെ മുറിച്ചുരികകൊണ്ട് ആരോമൽച്ചേകവർ എറിഞ്ഞു വീഴ്ത്തിയതു പോലെ മുറിയനരിവാളിനാൽ എത്രയെത്ര മീൻകളെയാണ് ആമ്പൻ എറിഞ്ഞു വീഴ്ത്തുന്നത്. ആമ്പൻ്റെ പാളക്കൊട്ടയിൽ പരലുകൾ, വരാൽ, കടു, മുഷു …. പാതി മുറിഞ്ഞ അരിവാളുപോലെ ഏറേറ്റു പിടയുണ്ടോവും ….
വേനൽ കാലത്ത് കുളക്കോഴി, കൊക്ക് തുടങ്ങിയവയേയും ആമ്പൻ തന്ത്രപൂർവ്വം പിടിയിലൊതുക്കും .
ഏത് ചെളിയിലാണെങ്കിലും വെള്ളമുണ്ട് ഉടുത്തിട്ടേ ആമ്പനെ ഞാൻ കണ്ടിട്ടുള്ളൂ… അർദ്ധനഗ്നൻ … ചിലപ്പോൾ ഒരു വെളുത്ത ബനിയൻ .
ജലാശയത്തിൻ്റെ ആഴങ്ങളിൽ വിഹരിക്കുന്ന മീൻകളെ അരിവാൾമുന കൊണ്ട് എറിഞ്ഞു പിടിക്കുന്ന വിദ്യ ആമ്പൻ ആർക്കും കൈമാറിയിട്ടില്ല. ആ വിദ്യ പഠിക്കാൻ ഒരു വർഷ കാലം മുഴുവൻ ഞാൻ അദ്ദേഹത്തിൻ്റെ പിന്നാലെ നടന്നു.ആമ്പൻ്റെ കത്തിയേറ് കൈമാറ്റം ചെയ്യപ്പെടില്ല എന്ന് ബോധ്യമായപ്പോഴാണ് കുളക്കോഴിയെ പിടിക്കുന്ന വിദ്യക്ക് ശിഷ്യപ്പെടാൻ ഞാൻ തീരുമാനിച്ചത്.
സ്കൂൾ വിട്ട് വന്നാൽ ഞാൻ ആമ്പേട്ടൻ്റെ പിന്നാലെ നടക്കും. വയലും കാട്ട് പൊന്തയും കടന്ന് അയാൾ പോകുന്ന വഴികളിലൂടെ ഞാനും …
“കൊളക്കോയ്ന പിടിക്കണേങ്കീ വെണ്ണ വേണം”
അങ്ങിനെ ഗുരുപ്രസാദിക്കാൻ തുടങ്ങി .
“മ്മാര്ത്ത് വെണ്ണണ്ടോ?”
അമ്മയോട് ചോദിച്ചു.
“എന്തിനാ?”
“കൊളക്കോയ്ന പിടിക്കാൻ ” “വെട വെണ്ണ്യാെന്നൂല്ല.”
ആമ്പനോടൊപ്പമുള്ള യാത്രക്കിടയിൽ വെണ്ണ ഒരു കിട്ടാക്കനിയായി.
ആഴ്ചകൾക്ക് ശേഷം ഗുരു മൊഴിഞ്ഞു;
“പയ്യടി ജാനക്യമ്യോട് ചോയ്ച്ച് നോക്ക്”
ശരിയാ ,അവിടെ പശു ഉണ്ട്.
കുളക്കോഴിയെ പിടിക്കാനുള്ള സൂത്രവിദ്യ ആമ്പൻ എന്നിലേക്ക് പകരാൻ പോവുകയാണ്. അതിനുള്ള മരുന്ന് തൊട്ടടുത്ത വീട്ടിൽ സുലഭമാണല്ലോ എന്നോർത്ത് ഞാൻ തുള്ളിച്ചാടി.
“കൊറേ വേണോ?”
” കൊറച്ച് മതി”
ഞാൻ കൊടുത്ത വലിയ ഇലയിൽ ജാനകിയമ്മ കുറച്ച് വെണ്ണ തന്നു. വെണ്ണ കണ്ടപ്പോൾ ഉണ്ണിക്കണ്ണനെ ഓർത്തു.ഉറിയിൽ നിന്നും വെണ്ണ കട്ടുതിന്നുന്ന കണ്ണൻ.
“ഒറ്റക്കൈതന്നിൽ നീ വെണ്ണ വച്ചീടിനാൽ
മറ്റെക്കൈ കണ്ടിട്ടു കേഴുമല്ലൊ.” മൂന്നാം തരത്തിലെ ചെറുശ്ശേരിക്കവിത – ജാനകിയമ്മയുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തുന്നതിനിടയിൽ എത്ര തവണ ചൊല്ലി.! ….
ഇനി കാത്തിരിപ്പാണ്.
ആമ്പനെ കാണാനില്ല.
എന്നും തോടിനു കുറുകെ ഇട്ട തെങ്ങ് പാലത്തിന് മുകളിൽ ശിഷ്യൻ ഗുരുവിനെ കാത്തിരുന്നു.
ക്ഷമ നശിച്ച് രണ്ട് ദിവസം ആമ്പേട്ടനെ അന്വേഷിച്ച് വീട്ടിൽ ചെന്നു. റേഷൻ പീടികയിൽ പോയി, അതല്ലെങ്കിൽ കാക്കൂരിൽ പോയി …അങ്ങിനെയുള്ള മറുമൊഴികളിൽ നിരാശനായി ശിഷ്യൻ.
ആഴ്ചകൾക്ക് ശേഷം, എൻ്റെ കാത്തിരിപ്പിൻ്റെ തെങ്ങ് പാലത്തിനു മുകളിലൂടെ ആമ്പൻ നടന്നു വരുന്നു.
അകത്തെ ഭരണിയിൽ സൂക്ഷിച്ച വെണ്ണയുമായി ശിഷ്യൻ ഗുരുസന്നിധിയിലേക്ക് ഓടി. …..
“വെണ്ണ കിട്ടി …
കുളക്കോഴിയെ പിടിക്കുന്ന വിദ്യ പറഞ്ഞുതാ”
“സത്യം ചെയ്യണം – ഞാൻ പഠിപ്പിച്ചുതരുന്ന വിദ്യ ആർക്കും പറഞ്ഞു കൊടുക്കില്ലെന്ന് “
ഞാൻ ഒരു നിമിഷം ആലോചിച്ചു.പൊന്നു, പ്രദീപൻ, ആശി, അവർക്കൊക്കെ ഞാൻ വിദ്യ ദാനം ചെയ്യാമെന്ന് ഏറ്റതാണ്.
” പയ്യെടി ദൈവത്തെ പിടിച്ച് സത്യം ചെയ്യ് “
“എൻ്റെ നാവ് വരണ്ടു.പയ്യടി ദൈവങ്ങൾ പകൽ വെളിച്ചത്തിൽ പാടത്തേക്ക് ഇറങ്ങി വന്നു.
നിറഞ്ഞ നെൽപ്പാടത്തിലൂടെ മുടി വെച്ച തെയ്യക്കോലങ്ങൾ ഓടി വരുന്നു.
“പയ്യഴി ദൈവത്താണേ സത്യം, ഇങ്ങള് പഠിപ്പിച്ചുതരുന്ന വിദ്യ ഞാൻ ആർക്കും പറഞ്ഞു കൊടുക്കൂല”
“വെണ്ണ എവിടെ?”_ഗുരു ഒരു നീണ്ട മൗനത്തിനു ശേഷം ചോദിച്ചു.
ഗുരുദക്ഷിണ പോലെ ഞാൻ വെണ്ണ നീട്ടി.
” പുലർച്ചക്ക് എണീക്കണം. ചേരിക്കുണ്ടിനടുത്ത് കൈതക്കൊല്ലിയിൽ കൊളക്കോയി ണ്ടാവും .പൊലർച്ചക്ക് ഓല് നല്ല ഒറക്കിലായിരിക്കും. അപ്പോൾ ഒച്ചണ്ടാക്കാണ്ട് കൊളക്കോയ്ൻ്റെ അടുത്ത് ചെല്ലണം … “
എനിക്ക് വല്ലാത്ത ആകാംക്ഷയായി.
“എന്നിട്ട്?”
“ന്നിട്ട് ജാനക്യമ്മ തന്ന വെണ്ണ ഒറങ്ങ്ന്ന കൊളക്കോയ്ൻ്റെ തലേല് വെക്കണം.”
ഞാൻ വല്ലാതായി.
“കൊറച്ച് കയ്യുമ്പം കൊളക്കോയി വയലിലേക്ക് വരും. വെയില് കൊണ്ട് കൊളക്കോയ്ൻ്റെ തലേന്ന് വെണ്ണ ഉരുകും ..ഉരുകി ഉരുകി വെണ്ണ കൊളക്കോയ് ൻ്റെ കണ്ണിലാകും. കണ്ണ് കാണാതെ കൊളക്കോയി പറക്കാൻ നോക്കും … അപ്പോൾ പറക്കാൻ പറ്റ്വോ?”
നിരാശയോടെ ഞാൻ പറഞ്ഞു “ഇല്ല “
” അപ്പോ കൊളക്കോയ്ന പിടിക്കാൻ എളുപ്പല്ലേ?”
ആമ്പേട്ടൻ ചോദിച്ച അവസ്സാനത്തെ രണ്ട് ചോദ്യങ്ങൾ ….
തോട്ടിൻ്റെ ആഴങ്ങളിൽ മയങ്ങി നിൽക്കുന്ന മീനിനു നേരെയുള്ള അരിവാൾ ചുണ്ടായി ആണ്ടിറങ്ങി. …..
ആമ്പൻ തൻ്റെ പല്ലില്ലാത്ത വായിലേക്ക് ഒരു മുറി ബീഡി വെച്ചു.. ഒട്ടിയ കവിളുകൾ തീ മൊത്തിക്കുടിച്ചു.ആമ്പൻ പാളയിലേക്കിട്ട ഏതോ മീൻ അന്ത്യശ്വാസം വലിക്കുന്നതു പോലെ .