രചന : ബിജുനാഥ്.

പതിവുപോലെ സീതയുടെ ബ്യൂട്ടിപാര്‍ലറിലെത്തി. ബ്ലീച്ചിങ്ങ് മാത്രമല്ല ലക്ഷ്യം. ഒന്നു ത്രെഡ്ഡണം. അതും പോര, പോളിഷിങ്ങ് പിന്നെ ഹെയര്‍ ട്രിമ്മിങ്ങ്.
നല്ല തിരക്കാണ്. ടൗണില്‍ ബസ്സ് സ്റ്റാന്‍റിനടുത്തുള്ള ഒരേയൊരു പാര്‍ലറാണിത്. ആറു ജോലിക്കാരെ വച്ചുള്ള ഈ ബിസിനസ്സ് സീതയുടെ മാത്രം അധ്വാനമാണ്.

സ്ത്രീകളുടെ സൗന്ദര്യസംരക്ഷണം ഒരു വലിയ പ്രശ്നം തന്നെയാണ്. ഒന്നു പ്രസവിച്ചാല്‍ മതി, പിന്നെ പറയണ്ട. വയറ് കുമ്പളങ്ങപോലെയും മുലകള്‍ വവ്വാലുകള്‍ പോലെയുമാവാന്‍ അധിസമയം വേണ്ട.

പ്രഗ്നന്‍റാവാഞ്ഞതു നന്നായി . പാടുപെട്ടുപോയേനെ.
കുഞ്ഞുങ്ങളെ പോറ്റലാണ്
അതിലും കഷ്ടം…
മ്മേ…മ്മേ ന്നുള്ള കരച്ചിലും ഊട്ടലും പോറ്റി പണ്ടാരടങ്ങലും…എന്തൊരു ബോറാണ്!!..ഹോ..
”…എലിസാ..വരൂ…”
സീത വിളിക്കുന്നു.
”എലിസ ട്രാന്‍സാറായോ തൃശ്ശൂര്‍ക്ക്”
”അതെ. എങ്ങനെയറിഞ്ഞു”
”ഭരതന്‍ പറഞ്ഞു”.
ഭരതന്‍ എന്‍റെ കെട്ട്യോന്‍.

സീതയുടെ കൈവിരലുകള്‍ മുഖവുമായി ചങ്ങാത്തത്തിലായി. വടിവൊത്ത സീതയുടെ ശരീരം തന്നെ ഒരു വലിയ പരസ്യം. വെറുതെയല്ല ഇത്ര തിരക്ക്. പലതരം ക്രീമുകളും പൗഡറുകളും കലര്‍ന്ന
ഗന്ധം പാര്‍ലറിനെ കൂടുതല്‍ സുന്ദരിയാക്കി.
”സീതയെ കണ്ടു പഠിക്കൂ..ഭരതന്‍റെ സ്ഥിരപല്ലവി.
സീത സുന്ദരിയാണ്. ഭര്‍ത്താവ് ബിസിനസ്മാന്‍..രണ്ടു കുട്ടികള്‍…സന്തുഷ്ട കുടുംബം..
പക്ഷെ ഇങ്ങനെ സുന്ദരിയായി നടക്കാന്‍ സീതയ്ക്ക് കാരണമുണ്ട്.
”പലര്‍ക്കും എല്ലാറ്റിനും കാരണം വേണം..”
”അതെ. നിങ്ങള്‍ എന്താണുദ്ദേശിച്ചതെന്ന്
എനിക്കറിയാം.

എന്‍റെ തീരുമാനത്തിനു
ഒരു മാറ്റവുമില്ല. എല്ലാവരേയും ഒരു നുകത്തില്‍ കെട്ടരുത്. ദൗര്‍ബല്യമല്ല
വ്യക്തിത്വമാണ്.”
”ശരി. ഒരു തര്‍ക്കം വേണ്ട.
മാറ്റം നിര്‍ബ്ബന്ധിതമാവുന്നത്
മാറ്റമല്ല.”
”ഇഷ്ടപ്പെട്ടുപോയി എന്ന ഒരു തെറ്റു മാത്രമേ
ഞാന്‍ ചെയ്തുള്ളൂ..”
”അതൊരു വലിയ തെറ്റാണ്. അനുവാദമില്ലാതെ എന്നെ ഇഷ്ടപ്പെടാന്‍ നിങ്ങളോടു പറഞ്ഞോ?”
”മതി….എനിക്കൊന്നും കേള്‍ക്കേണ്ട.”

സ്ഥിരമായ തര്‍ക്കവിതര്‍ക്കങ്ങളോടെ ഇങ്ങനെ എത്ര പകലുകള്‍!
സത്യത്തില്‍ ഭരതന്‍ ഒരു വലിയ ശരിയാണ്.
പക്ഷെ ഞാനൊരു വലിയ തെറ്റുമല്ല.
നിലപാടുതറ വ്യതിചലിക്കപ്പെടാന്‍
അനുവദിക്കുന്നില്ല. ഇതു ഒരുതരം കോംപ്ലക്സാണോ!
സീതയോടൊപ്പം ഒരുമിച്ചു ഒരേ ബഞ്ചിലിരുന്നു ബിരുദപഠനം വരെ.

എലിസബത്ത് നൈനാന്‍ എന്ന സത്യക്രിസ്ത്യാനി കുര്‍ബാന കൈക്കൊള്ളുമ്പോള്‍, പലപ്പോഴും ഒരു ഡോക്ടറാവാന്‍ പ്രാര്‍ത്ഥിച്ചു. സീത പഠനം നിര്‍ത്തി ബിസിനസ്സിന്‍റെ മേച്ചില്‍പുറം തേടി.
കോളജധ്യാപികയെന്ന പ്രൊഫഷന്‍ സഹപ്രവര്‍ത്തകനായ ഭരതനിലെത്തിച്ചു.
രണ്ടു വര്‍ഷം പിറകോട്ടു പോയി.
ഫേഷ്യല്‍ റൂമില്‍ മുഖം വാമിങ്ങിനുള്ള തയ്യാറെടുപ്പാണ്. ശരീരം എന്തിനും തെയ്യാറെടുക്കുമ്പോള്‍ ഒന്നു വാമപ്പാവണം.
ഈ തുടുത്ത മുഖം കാണുമ്പോള്‍ ആണുങ്ങള്‍ക്ക് ഹാലിളകണം. അതു കഴിഞ്ഞ് അരമണിക്കൂര്‍ കൂളിംഗ് ടൈം.

പുരികം ത്രെഡ്ഡു ചെയ്യുമ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. മൂക്കിനു താഴെയുള്ള ഈ ഉറുമ്പുവരിമീശ ഒന്നു ലെവല്‍ ചെയ്യണം.ചോണനുറുമ്പുകള്‍ വരിവരിയായി എത്തുന്ന ദിവസം വരെ അതവിടെ കിടന്നോട്ടെ.
നിതംബാനുരാഗിയായി താഴോട്ടൊഴുകുന്ന ഈ മുടിയിതളുകളിലാണ് പെണ്‍കുട്ടികളുടെ കണ്ണുകള്‍. ട്രിം ചെയ്യുമ്പോള്‍ സീത ഒന്നു കണ്ണിറുക്കി.
എന്താടീ?
ചുമ്മാ..

എന്തൊരഴകാടീ നിനക്ക്. ഈ ശില്‍പം ആരു തീര്‍ത്തതായാലും praise the lord.
നീയും ഒട്ടും മോശമല്ല.
എന്നാലും നിന്‍റെ ഈ ജീവിതത്തോട് എനിക്ക് യോജിക്കാനേ കഴിയുന്നില്ല,
തലമുറയുടെ നന്‍മവിത്ത് പാകാന്‍ മനസ്സനുവദിക്കാത്ത ശീലത്തോട്.
നിനക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല.
നാട്ടുവഴക്കത്തെ അപ്പാടെ കോരിക്കുടിക്കുന്ന നീയും ഞാനും തമ്മില്‍
ഒരു വ്യത്യാസം വേണ്ടേടീ. ഒരു individual difference?

നല്ല മഴക്കോളുണ്ട്.
ഭരതന്‍ നല്ല കൂര്‍ക്കം വലിയാണ്. ഉറക്കം വരുന്നില്ല. നാളത്തെ പുസ്തകപ്രകാശനച്ചടങ്ങിന്‍റെ ദൃശ്യങ്ങളാണ് മനസ്സില്‍. Women Today And Tomorrow…നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന
നിരവധി കാര്യങ്ങളുണ്ടതില്‍..
പുറത്ത് മഴ താളം കൊട്ടി. ചരിത്രസീമ ലംഘിച്ചുകൊണ്ട് മഴവെള്ളം കേറിവരാന്‍ തുടങ്ങി. സിറ്റൗട്ടില്‍ നിന്നും പാമ്പുകളേപോലെ മഴവെള്ളം രാത്രിയെ വകഞ്ഞുമാറ്റി ഡൈനിങ്ങിലെത്തി.അവിടെ നിന്നും തലകളുയര്‍ത്തി എലിസയുടെ റൂം ഏതെന്ന് സ്വയം അന്യേഷിച്ച് ഉറപ്പു വരുത്തി.

ചില്ലുജാലകങ്ങളില്‍ നോക്കി അവ അളകങ്ങള്‍ മാടിയൊതുക്കിയും കുറുനിരകള്‍ താഴ്ത്തിയിട്ടും സൗന്ദര്യബോധമുണര്‍ത്തി. ഗുലാമലിയുടെ താളബോധമായിരുന്നു മഴയുടെ ചെണ്ടക്കോലുകള്‍ക്ക്. വലംതലയും ഇടംതലയും പെരുക്കുന്ന കിതപ്പില്‍ നീലവിരിയിട്ട ജാലകങ്ങളില്‍ കാറ്റിന്‍റെ മിഴിപ്പീലികള്‍ ഇളകിനിന്നു.
എലിസ പൊടുന്നനെ ഞെട്ടിയുണര്‍ന്നു.

വല്ലാത്തൊരു അസ്വസ്ഥത അവളെ പിടിമുറുക്കി. ആ വലിയവീടിന്‍റെ അടച്ചിടാത്തൊരു വാതില്‍ തുറന്നടയുന്ന
ശബ്ദം പേടിപ്പെടുത്തി. ഭരതന്‍ അവളുടെ ശബ്ദം കേട്ടു ഞെട്ടിയെഴുന്നേറ്റു.
നെറ്റിയില്‍ പൂവിട്ട ഭരതന്‍റെ വിരലുകള്‍ക്ക് നല്ല തണുപ്പായിരുന്നു. പൊന്‍ചെമ്പകത്തിന്‍റെ സുഗന്ധം, ഒഴുകിയെത്തിയ മഴവെള്ളത്തെ ആശ്ലേഷിച്ചു. ഗാഢമായി…അതീവഹൃദ്യമായി …
കയര്‍ത്തുല്ലസിക്കുന്ന രാപ്പകലുകള്‍ക്ക് അന്ത്യമായി എന്നു തോന്നുംവിധം മുറിമുഴുവന്‍ ഒരു പുഴയൊഴുകി.

ബിജുനാഥ്

By ivayana