രചന :Shangal G T .
ഈ കാണായ നിശ്ചലതയെല്ലാം
കല്ലുവച്ച നുണയാ… നുണയാ
എന്നറിഞ്ഞപ്പോള്‍മുതലുള്ള അങ്കലാപ്പാ…
എപ്പോഴും ചലിക്കുന്നെങ്കിലും
ഭൂമി അതിന്റെ കള്ളക്കറക്കത്തില്‍
എല്ലാം നിശ്ചലമെന്നു തോന്നിപ്പിക്കുന്നല്ലൊ ……
ജീവപര്യന്തം തടവിലാ
എന്നാല്‍ സര്‍വ്വസ്വതന്ത്രരെന്നു
തോന്നിപ്പിക്കുന്നല്ലൊ ….
പൊള്ളിക്കുന്ന ശാസനയാ
എന്നാല്‍
സാന്ത്വനമെന്നു തോന്നിപ്പിക്കുന്നല്ലൊ…..!
ഇങ്ങനെ എപ്പോഴുമൊരു ചങ്കിടുപ്പാ…
കൃഷിയ്ക്ക് വെള്ളം നനക്കുന്നുവെന്നു തോന്നിപ്പിക്കും
എന്നാല്‍ കാലവര്‍ഷംകൊണ്ടും
തുലാവര്‍ഷംകൊണ്ടും
മുക്കിക്കൊല്ലാന്‍ നോക്കുന്നതാ…
പാതിക്കാലം ഇരുട്ടുകാട്ടി പേടിപ്പിക്കും
പാതിക്കാലം വെയിലത്ത് ഉണക്കിക്കളയാന്‍ നോക്കും
മതങ്ങളേം ദൈവങ്ങളേം തന്ന്
ആശ്വസിപ്പിക്കുന്നെന്നു തോന്നിപ്പിക്കും
എന്നാല്‍ ഹേ..ഹെ..
വെയിലത്ത് കരിഞ്ഞുപോകാഞ്ഞ്
ചുട്ടുകൊല്ലാന്‍ നോക്കുന്നതാ……
വെയില് വെയില് എന്ന് പറഞ്ഞടുപ്പിയ്ക്കാന്‍ വരട്ടെ
അകലെയേതോ ഗ്രഹമാളുന്ന വെട്ടമാ…
സ്മൃതിസ്മൃതി എന്നൊക്കെപ്പറഞ്ഞ് വട്ടാക്കണ്ട
ഓരോരോ കാര്യങ്ങളും
കരിഞ്ഞുണങ്ങിയ മുറിപാടുകളാ….
പ്രണയമോ…ഹഹഹ…അല്ലേയല്ല
എന്നിലൊരു കുടുക്കിട്ട്, നിന്നെ പിടിക്കുന്നതാ..
നിന്നിലൊരു കുടുക്കിട്ട്, എന്നെ പിടിക്കുന്നതാ..
തൊട്ടും തടവിയും പിടിമുറുക്കുന്നതാ…..
ഹാ..ഹാ..ഹാ…
ചിരിയൊന്നുമല്ലിത്
ഉള്ളിലെന്തോ തെളിയുന്ന വെണ്മയാ…
ആഹാ..വിവരം..വിവരം എന്നുകരുതി
കയ്യടിക്കാന്‍ വരട്ടെ
പത്തിതാഴ്ത്തിയ വിവരക്കേടുകളാ….
ഇങ്ങനെ നുണമാത്രം പറയുന്ന
നേരുകളിനിയുമുണ്ട് കേട്ടോ
ഓരോദിവസവും നമുക്കു നിര്‍വ്വീര്യമാക്കാന്‍….
ഹാ…ഹാ..ഹാ..