രചന : ഷൈല നെൽസൺ.
യാന്ത്രികമായ് ഗമിച്ചിടും ദിനരാത്രങ്ങളിൽ നന്ദിയെന്ന വാക്കിന് അർത്ഥമില്ലാതായിടുന്നു.
കണക്കു പുസ്തകത്താളിലെ കിട്ടാക്കടങ്ങൾ
പോൽ രക്തബന്ധങ്ങളും ചോദ്യചിഹ്നമായി
മുന്നിലെത്തുന്നു.
പക്ഷികളെപ്പോൽ കൊത്തിയകറ്റാതെ പരിപാലിച്ച
പൈതങ്ങൾ ചിറകുകൾ മുളച്ചെന്നാൽ
സ്വയം തിരിഞ്ഞു നോക്കിടാതെ പറന്നകലുന്നു.
തറയിലും തലയിലും വയ്ക്കാതെ കാൽ
വളരുന്നോ കൈ വളരുന്നോ എന്നാവലിൽ
കണ്ണിമ പോൽ കാത്തു വളർത്തിയ മക്കൾ
എല്ലാം മറന്നു ശത്രുവേപ്പോൽ കണക്കുകളോതി
കുറ്റം ചൊരിഞ്ഞു് പിറുപിറുത്തീടുന്നു.
ഉണ്ണാതെ ഉറങ്ങാതെ മനസ്സുകൾ കനലായ്
എരിച്ചു സ്വയം എരിഞ്ഞ മാതാപിതാക്കന്മാർ
മക്കൾക്കിന്ന് കണ്ണിലെ കരടുകൾ.
അതിജീവനപാതയിൽ വെകിളിപിടിച്ചോടുകയിൽ
മക്കളേ… നിങ്ങളെ ഞങ്ങൾ അറിഞ്ഞതില്ലയോ?
അഹന്തയാൽ ആരു വലുതെന്നോതി ഭവനമൊരു
യുദ്ധക്കളമായി മാറ്റിയ ചില വേളകളിൽ
ഇളം മനസ്സിനാധികൾ അരക്ഷിതതത്വം, ജീവഭയം
അറിയേണ്ടവർ അറിയാതെ പോയതും തെറ്റന്നറിവൂയിന്ന് .
കുറ്റമാരോപിക്കുന്നില്ലാരിലും നല്ല കാലത്തു
ഉറുമ്പിനേപ്പോൽ നാളേക്കായ് കരുതി വച്ചീടുകിൽ
ആപത്തു കാലത്ത് താന്താൻ വിയർപ്പിൽ ഫലം
നിധികുംഭമായ് മുന്നിലെത്തിടും നൂനം.
തനിക്കു താൻ മാത്രം തുണ !വിട പറയും
നേരമതുവരെ പരസ്പരം ഊന്നുവടികളുമാവാം.
കണ്ണു തുറന്ന് കാതുകൾ കൂർപ്പിച്ചൊരു നിമിഷം
സ്വസ്ഥമായ് നിന്നിടാം അപ്പോൾ കേൾക്കാമൊരു
സാന്ത്വന ഗീതമുള്ളിൽ നിന്നും.
സ്വന്തവും, ബന്ധങ്ങളുമെല്ലാം വെറും മായ
നമ്മിൽ വാഴുമാ ചൈതന്യം അതേ… അതൊന്നു
മാത്രമാണ് സത്യമീയിഹത്തിൽ .
രക്ത ബന്ധങ്ങളേ കർമ്മബന്ധങ്ങളേ ഒരിറ്റു
കനിവു കാട്ടിടാം അശരണരാം വയോജനങ്ങൾക്ക്
ഇന്നത്തെ പച്ചിലകൾ നാളെയുടെ പഴുത്തിലകളെ
ന്നും മറക്കാതിരിക്കാം.
എല്ലാമിട്ടെറിഞ്ഞു ശൂന്യമാം വിറങ്ങലിച്ച ജഡ
മായി വിട പറയേണ്ടുന്നവരല്ലോയീ ജഗത്തിൽ
പിറന്നുവീണ നാമെല്ലാവരും.
ആരു വലിയവൻ ?ആരു ചെറിയവൻ ?മൃത്യുവിൻ
മുന്നിലേവരും സമന്മാർ .
വാഴും നാളുകളതിൽ തിരിച്ചറിവുകൾ പാഠങ്ങളോതിത്തന്നിടട്ടേ….!