സുജിത് സുരേന്ദ്രൻ*
നാല്‍പതുകളിലെ പ്രണയം പലയാളുകള്‍ മനോഹരമായി പറഞ്ഞു കണ്ടിട്ടുണ്ടിവിടെ. എങ്കിലും..
ഇവിടെപ്പറയുന്ന നാല്‍പതുകളില്‍ എന്നതിനെ മുപ്പതിനു ശേഷവും, അന്‍പതിനകവും എന്ന് കരുതാം. ഇപ്പറഞ്ഞ രേഖയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള മനോഹരമായ പ്രണയത്തെ തത്കാലം മറച്ചു പിടിക്കാം..
ഒരേ സമയം ഒന്നില്‍ കൂടുതല്‍ തലങ്ങളേക്കാള്‍ നല്ലത് ഒന്നുമാത്രമല്ലേ..
ജീവിതത്തേക്കുറിച്ച് കൗമാരം മുതല്‍ കരുതിവന്നത് ഒന്നുമല്ല എന്ന തോന്നലും, ഒരു പരിധിവരെ തിരിച്ചറിവും തോന്നിത്തുടങ്ങുന്ന സമയമാണത്. ഇവിടം എങ്ങനെയാണെന്നും എന്താണെന്നുമൊക്കെ ഒരു ഏകദേശ ധാരണ കിട്ടുന്ന കാലം. പ്രണയത്തിന്‍റെ മുന്നനുഭവങ്ങള്‍ മിക്കവാറും ഒരു മുറിപ്പാട് പോലെ ഉള്ളിലുണ്ടാവുന്ന കാലം..
ഈ കാലത്ത് ഒരു പ്രണയം ആരംഭിക്കുകയാണെങ്കില്‍ / അനുഭവിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, അതിനുള്ള സവിശേഷതകളില്‍ ഏറ്റവും വലുത് നമുക്ക് നമ്മളെ വളരെ ചെറുപ്പമായി കാണാനാകും എന്നതു തന്നെയാണ്. നമുക്ക് യാതൊരു രക്തബന്ധവുമില്ലാത്ത ഒരാളെ ഏറ്റവും പ്രിയപ്പെട്ടതായി കാണുന്ന തലത്തിലെത്തുന്നുണ്ടെങ്കില്‍ അവിടെ വടിവൊത്ത സ്വഭാവമായിരിക്കില്ല നമ്മള്‍ പുറത്തെടുത്തിട്ടുണ്ടാവുക, മറിച്ച് നമ്മളിലുണ്ടാകുന്ന വളരെയധികം മെയ് വഴക്കമുള്ള ഒരു സ്വഭാവത്തിന്‍റെ കൂടി പങ്കാളിത്തമാണ് ആ പ്രണയത്തിന്‍റെ ഏറ്റവും മനോഹര നിമിഷമായി ഓര്‍മ്മിക്കപ്പെടുന്നത്. ഈ മെയ് വഴക്കത്തില്‍, അറിയാതെ തന്നെ ഇത്തിരി പൈങ്കിളി കടന്നുകൂടാന്‍ സാധ്യതയുണ്ടാകും.
പൊതു സമൂഹത്തിന്‍റെ മുന്നില്‍ ശ്രദ്ധയോടെ മറച്ചുവയ്ക്കുന്ന ഈ പൈങ്കിളി ഒരു പരിധിവരെ പ്രണയത്തിന്‍റെ സ്വകാര്യതയില്‍, പങ്കാളിയ്ക്ക് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാകാറുണ്ട്.
ഇത് നമുക്ക് നമ്മുടെ വയസ്സിന്‍റെ സംഖ്യയുടെ വലിപ്പം മറന്നുപോവാന്‍ പലപ്പോഴും ഇടവരുത്താറുണ്ട്. അത് നല്ലൊരു അനുഭൂതിയാകാന്‍ സാധ്യത വയ്ക്കാറുണ്ട്.
പ്രണയം എന്നത് എല്ലായ്പ്പോഴും സ്വാര്‍ത്ഥതയാണ്. അഥവാ സ്വാര്‍ത്ഥത ഇല്ലാത്ത ഒരാള്‍ക്ക് ഒരിക്കലും പ്രണയിക്കാനാവില്ല. പെട്ടെന്ന് കരുതുന്നപോലെ പ്രണയ പങ്കാളി നമ്മുടേത് മാത്രമാകണം എന്ന തരത്തിലുള്ള ആ സ്വാര്‍ത്ഥതയല്ല. എനിക്ക് നന്നായി പ്രണയിക്കപ്പെടണം എന്ന തികഞ്ഞ സ്വാര്‍ത്ഥത.
നാല്‍പതുകളിലെ പ്രണയത്തിന്‍റെ സ്വകാര്യ സംഭാഷണങ്ങളില്‍, ആദ്യനര കണ്ടെത്തിയ വിഷമതകള്‍ പങ്കുവയ്ക്കപ്പെടാം. മറുവശത്തും അതിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആദ്യ പരാതിയ്ക്ക് കുഴപ്പമില്ല. ഇല്ലെങ്കില്‍ പ്രശ്നമാകും..
ഒരുമിച്ചൊരു ജീവിതം ഒരുമുറിയില്‍ ജീവിക്കണമെന്ന ചെറുപ്പത്തിന്‍റെ ആഗ്രഹം ഈ നാല്‍പതിന്‍റെ പ്രണയത്തില്‍ ഏശില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ടത്. പ്രണയം മൂക്കുമ്പോള്‍ അഥവാ ആ പഴയ കൗമാരം ഉറക്കമുണര്‍ന്ന് അങ്ങനെയൊക്കെ തോന്നിയാലും അതിനെ പറഞ്ഞു മനസ്സിലാക്കാനും കഴിയുന്ന അവസ്ഥയില്‍ ഈ നാല്‍പത് എത്തിയിട്ടുണ്ടാകും..
ഒന്നിച്ച് ജീവിക്കുന്നതല്ല ഇതിന്‍റെ ഉദ്ദേശലക്ഷ്യം എന്നതിനാല്‍ തന്നെ, പ്രത്യേകിച്ചൊരു ലക്ഷ്യബോധം വച്ച് ദിശാബോധത്തോടെയും ഉപാധികളോടെയും നിലനില്‍ക്കേണ്ട ആവശ്യം നാല്‍പതിന്‍റെ പ്രണയത്തിന് വേണ്ടിവരില്ല. പ്രണയിക്കുന്ന നേരമത്രയും വെറുതെ പ്രണയിക്കാനാകും..
എല്ലാ സമയത്തും പ്രണയിക്കൂ.. എന്നിട്ട് ഓരോ സമയത്തെയും പ്രണയത്തിന്‍റെ വ്യത്യസ്ഥാനുഭവം ആവോളം അനുഭവിക്കൂ.. പ്രണയവിരക്തി തോന്നുന്നവര്‍ നിങ്ങളുടെ നിലപാടില്‍ തുടരാം. അത് മികച്ചതാണെന്ന വാദവുമായി വന്ന് ബാക്കിയുള്ളവരെ തളര്‍ത്തരുത്. കാരണം, എല്ലാ അനുഭവങ്ങളും ഓരോരുത്തരില്‍ അവരുടെ വിരലടയാളം പോലെ വിഭിന്നമായ ഒന്നാണ്..