രചന : ലത അനിൽ

ആലസ്യ० വിട്ടിറങ്ങുന്നതേയുള്ളു സൂര്യൻ.
മുറ്റത്തിതാ ഉറുമ്പുകളുടെ ഘോഷയാത്ര
തലങ്ങും വിലങ്ങും പായുകയാണവർ.
ഉറക്കമില്ലാത്ത മധുരക്കൊതിയർ.
ഒരു തരി പഞ്ചസാര ,വറ്റ് ,
ശർക്കരത്തുണ്ടതെന്തെങ്കിലു० കിട്ടിയിട്ടുണ്ടാവാ०.
മധുരമാണു പഥ്യമെങ്കിലു० ആരോ
നീട്ടിത്തുപ്പിയ മുറുക്കാൻചാറിലു० അരിച്ചിറങ്ങുന്നവർ.

കുഞ്ഞനുറുമ്പുകൾ , കണ്ടുവോ നീ ? ഇവ
കടച്ചാലൊട്ടു० ചെറുതല്ല വേദന.
പഴമക്കാർ പറഞ്ഞു കേട്ടിരിപ്പൂ
ചോനലുറുമ്പുകൾ പാവങ്ങളത്രേ
കടിക്കില്ലവർ ഐശ്വര്യദായകർ.

നിന്റെയീ സഞ്ചിയും പാഥേയവു०
അശ്രദ്ധമായെങ്ങു० തുറന്നുവെച്ചീടല്ലേ..
ഇരിക്കുമിടമെല്ലാ० കരുതിയിരിക്കുക.
കുഞ്ഞേ സൂക്ഷിച്ചു നടക്കുക
നിന്റെവീഥിയിലെങ്ങുമുണ്ടാമിതുപോലുറുമ്പുകൾ
തരം തിരിച്ചറിയേണമെല്ലാരെയു०
നന്മതിന്മകൾ കൂടിച്ചേർന്നതാ० മർത്യജന്മങ്ങളെ.

By ivayana