പുഞ്ചിരിബാബുവിന്റെ നമ്പരിലേക്ക് തുടർച്ചയായി വിളിച്ചിട്ടും, മറുതലക്കൽ അനക്കമൊന്നും ഇല്ലാത്തതിന്റെ അസ്വസ്ഥതയോടെ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ ആന്റപ്പൻ എന്ന ആന്റണിയുടെ കാതിലേക്ക് വടക്കോട്ടുള്ള ആറുമണി ട്രെയിന്റെ വരവറിയിച്ചുള്ള ചൂളം വിളി മുഴങ്ങി,
” ആറു മണിയുടെ വണ്ടി വന്നിട്ടും പുഞ്ചിരിയെ കാണുന്നില്ല, ഇവൻ ആരെ കഴുവേറ്റാൻ പോയേക്കുവാ “
പുഞ്ചിരിഓട്ടോയും, ബാബുവും വൈകുന്നതിലുള്ള തന്റെ അതൃപ്തി പടിഞ്ഞാറെ ചരിവിൽ വിശ്രമിക്കാൻ ഒരുങ്ങുന്ന സൂര്യനെ സാക്ഷിനിർത്തി പുറത്തേക്ക് തള്ളികൊണ്ട്, ആന്റപ്പൻ മൊബൈലിൽ മറിയയുടെ നമ്പർ ഡയൽ ചെയ്തു,
” ഡി അവിടെ ഏതെങ്കിലും ഓട്ടോ ഉണ്ടേൽ ഇങ്ങോട്ട് പറഞ്ഞു വിടു, പുഞ്ചിരി ബാബുവിനെ വിളിച്ചിട്ട് കിട്ടുന്നില്ല “
മറിയയുമായുള്ള സംഭാഷണം ആന്റപ്പൻ അവസാനിപ്പിക്കും മുമ്പ്തന്നെ, പുഞ്ചിരിയുമായി ബാബു വീടിന് മുന്നിൽ എത്തികഴിഞ്ഞിരുന്നു,
“ദിവസോം മുടങ്ങാതെ കിട്ടുന്ന ഓട്ടമാണ്, കാശും കൂടുതൽ കിട്ടുന്നതാണ്, ഇതൊക്കെ ബാലൻവൈദ്യരുടെ മകൻ ബാബു മറന്നോ?? “
പുഞ്ചിരിയുടെ നെഞ്ചിലേക്ക് കയറുമ്പോൾ സ്വരത്തിൽ അല്പം ഗൗരവം വരുത്തി ആന്റപ്പന്റെ ചോദ്യം ഉയർന്നു,
” പിന്നേ കൃത്യസമയം പാലിക്കാൻ നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ പോകുവല്ലലോ,മറിയയുടെ പേട്ട് വെള്ളം മോന്താനുള്ള പോക്കല്ലേ “
പുഞ്ചിരിയെ മറിയംമുക്ക് ലക്ഷ്യമാക്കി പറത്തുമ്പോൾ ബാബുവിന്റെ മറുപടി ആന്റപ്പനിലേക്കെത്തിയിരുന്നു,
കുറച്ച് നാളുകളായി ആന്റപ്പന്റെ വൈകുന്നേരങ്ങൾ മറിയംമുക്കിലെ മറിയയുടെ അടുത്താണ്, കൃത്യമായി പറഞ്ഞാൽ മകൾ ബീനയുടെയും ഭാര്യ ഡെയ്‌സിയുടെയും മരണത്തിന് ശേഷം,
ആന്റപ്പന്റെ വീട്ടിൽ നിന്നും രണ്ടുകിലോമീറ്ററിലധികം ദൂരമുണ്ട് മറിയംമുക്കിലേക്ക്, മറിയയുടെ വീടും, വീടിനോട് ചേർന്നുള്ള ചായക്കടയും, രക്തസാക്ഷി പുഷ്ക്കരൻ സ്മാരക ബസ്സ്‌കാത്തിരിപ്പ് കേന്ദ്രവും ഒന്ന് രണ്ടു മറ്റ് കടകളും, ഒരു കന്യാസ്ത്രീമഠവും, ആയാൽ മറിയംമുക്കായി,
ആ പ്രദേശത്തിന് മറിയംമുക്ക് എന്ന പേര് വീണത്, മറിയയുടെ ചായക്കട ഉള്ളതുകൊണ്ടാണെന്നും , കന്യാസ്ത്രീ മഠം സ്ഥിതിചെയുന്നത്കൊണ്ടാണെന്നും, രണ്ട് അഭിപ്രായം നാട്ടുകാർക്കിടയിൽ ഉണ്ട്,
ചായക്കടക്കൊപ്പം തന്നെ ബിവറേജിൽ നിന്ന് വാങ്ങുന്ന വിദേശമദ്യം വിലകൂട്ടി അത്യാവശ്യക്കാർക്ക് നൽകുന്ന സൈഡ് ബിസിനസ്സും മറിയക്കുണ്ട്, ആന്റപ്പനെപോലെ ചില വേണ്ടപ്പെട്ടവർക്ക് മാത്രം തന്റെ വീട്ടിലിരുന്നുകഴിക്കുവാനുള്ള സൗകര്യവും മറിയ ഒരുക്കികൊടുക്കാറുണ്ട്, അതിന് പ്രത്യേക ചാർജ്ജ് ഈടാക്കുമെന്ന് മാത്രം,
ദിവസേന ആന്റപ്പനെ മറിയംമുക്കിൽ എത്തിക്കുക, തിരികെകൊണ്ട് വരിക എന്നീ ദൗത്യങ്ങൾ പുഞ്ചിരി ബാബുവിനാണ് , തന്നെയുമല്ല ഭാര്യയുടെയും മകളുടെയും മരണത്തോടെ വീട്ടിൽ ഒറ്റക്കായ ആന്റപ്പനെ അത്യാവശ്യം സന്ദർഭങ്ങളിൽ സഹായിക്കുന്നതും ബാബുവാണ്, അതുകൊണ്ട് തന്നെ ആന്റപ്പനോട് എന്തും പറയുവാനുള്ള സ്വാതന്ത്ര്യം പുഞ്ചിരിബാബുവിന് ഉണ്ട്,
” ആന്റപ്പന് കുടിക്കണം എങ്കിൽ സാധനം ഞാൻ വാങ്ങി വീട്ടിൽ കൊണ്ട് തരാം, വീട്ടിൽ ഇരുന്നു കഴിച്ചുകൂടെ, ഇത്രയും കാശ് മുടക്കി ഇവിടെ മറിയയുടെ അടുത്ത് ചെന്ന് വെള്ളം ചേർത്ത സാധനം കുടിക്കണോ ?
അല്ലേൽ അത്രക്ക് നിർബന്ധം ആണേൽ വോൾഗ ബാറിൽ പോയി കുടിച്ചാൽ പോരെ??
ഇതിപ്പോൾ ആളുകൾ വേറെ പലതും പറയുന്നുണ്ട് “
പലതവണ പുഞ്ചിരിബാബു ആന്റപ്പനോടായി ചോദിച്ച ചോദ്യം, അന്ന് വീണ്ടും ബാബുവിൽ നിന്നുയർന്നു,
മുമ്പ് ചോദിച്ചപ്പോൾ ഒക്കെ മറുപടി ശരീരമാകെ ഇളക്കിയുള്ള ഒരു ചിരിയിൽ അവസാനിപ്പിച്ചിരുന്ന ആന്റപ്പന്റെ അന്നത്തെ മറുപടിക്ക് പക്ഷേ മാറ്റമുണ്ടായിരുന്നു,
” മറിയയുടെ വീടിന്റെ ഉമ്മറത്തിരുന്നാൽ എന്റെ കുഞ്ഞ്, തന്റെ ജീവിതത്തിലെ അവസാനനിമിഷങ്ങൾ ചിലവിട്ട ഭാഗങ്ങൾ എനിക്ക് കാണുവാൻ കഴിയും, കന്യാമഠത്തിലെ കിണറ്റിൻകരയിൽ എന്റെ മോളേ ഇപ്പോഴും എനിക്ക് കാണാം ,
മോളേ നേരിട്ട് ഇപ്പോഴും കാണുവാൻ വീട്ടിലിരുന്നാലോ, വോൾഗാബാറിൽ ഇരുന്നാലോ കഴിയുമോ? “
ആന്റപ്പന്റെ വാക്കുകളിലെ വിങ്ങൽ അടുത്തറിഞ്ഞ ബാബു തുടർസംഭാഷണത്തിന് മിനക്കെട്ടില്ല,
പുഞ്ചിരി ഓട്ടോ മറിയംമുക്കിലേക്കുള്ള യാത്രാമധ്യേ വടക്കേമുക്കിൽ എത്തിയപ്പോഴാണ് ആന്റപ്പനെ തേടി മറിയയുടെ വാട്ട്‌സാപ്പ് സന്ദേശമെത്തിയത്,
” അല്ലേൽ ഒരുകാര്യം ചെയ്യാം, നീ പറഞ്ഞത് പോലെ ഇന്ന് വീട്ടിലിരുന്നു അടിക്കാം, നീ പോയി ഒരു അര വാങ്ങി വാ, ഞാൻ ഇവിടെ നിൽക്കാം “
വടക്കേമുക്കിലെ കറിയാച്ചന്റെ പീടികക്ക് മുന്നിൽ ഇറങ്ങിയ ആന്റപ്പൻ
” ഫെർണാണ്ടസ് അച്ഛൻ രാത്രിയിലെ വരു “
എന്ന മറിയയുടെ വാട്ട്‌സപ്പ് സന്ദേശം ഒരിക്കൽകൂടി വായിച്ചു,
” എന്നാൽ ഇപ്പോൾ ഞാൻ അങ്ങോട്ടേക്ക് ഇല്ല, വരുമ്പോൾ മെസ്സേജ് അയക്കുക “
മറുപടി അയച്ചശേഷം കറിയാച്ചന്റെ പീടികതിണ്ണയിലേക്ക് കയറി,
അപ്പോഴേക്കും പുഞ്ചിരിഓട്ടോ പട്ടണത്തിലെ ബിവറേജ് ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു,
###### ###### ####### ########
വടക്ക് ദിശയിലേക്ക് മിന്നൽ വേഗത്തിൽ കടന്നുപോകുന്ന, അടുത്ത സ്റ്റേഷനിൽ എങ്ങും സ്റ്റോപ്പില്ലാത്ത ഏതോ ഒരു എക്സ്പ്രസ്സ് ട്രെയിനിന്റെ ചൂളംവിളിയും മുഴക്കവുമാണ്, കറിയാച്ചന്റെ പീടികക്ക് മുന്നിലെ ബഞ്ചിൽ നേരംപോക്കിനായ് ഇരിപ്പുറപ്പിച്ച സ്ഥിരംസംഘത്തിന്റെ “അന്തിചർച്ചക്ക് ” താല്ക്കാലിക വിരാമമിട്ടത്,
” കൊടിയൊക്കെ കെട്ടുന്നു, എന്താണ് പരിപാടി?”
കറിയാച്ചന്റെ കടയിൽ നിന്ന് സോഡയും സിസർഫിൽട്ടറും വാങ്ങാൻ എത്തിയ
വിപ്ലവം റഹിമിനോടായി, കടന്നുപോയ തീവണ്ടിയുടേതിനേക്കാൾ പരുക്കൻശബ്ദത്തിന് ഉടമയായ പോത്തൻബാലന്റെ ചോദ്യം,
” നാളെ പുഷ്ക്കരൻസഖാവിന്റെ രക്തസാക്ഷി ദിനമാണ് “
കറിയാച്ചന്റെ പീടികക്ക് എതിർവശത്തായി റെയിൽവേട്രാക്കിന് ഓരം ചേർന്നുള്ള കൊടിമരവും പരിസരവും വൃത്തിയാക്കുന്ന തിരക്കിലേക്ക് മറുപടി നല്കി റഹിം മടങ്ങവെയാണ് ആന്റപ്പൻ പീടിക തിണ്ണയിലേക്ക് കടന്നു വന്നത്,
ആന്റപ്പന്റെയും വിപ്ലവം റഹിമിന്റെയും കണ്ണുകൾ ഒരുവേള പരസ്പരം കൂട്ടിമുട്ടിയെങ്കിലും, ആന്റപ്പൻ തന്റെ കണ്ണുകളെ മരബെഞ്ചിലേ സ്ഥിരം സംഘത്തിലേക്ക് തിരിച്ചു,
” പുഷ്ക്കരൻ വീറുറ്റ സഖാവായിരുന്നു, അവൻ ജീവൻ കളഞ്ഞത് സ്വന്തക്കാർക്ക് വേണ്ടിയായിരുന്നില്ല, എല്ലാർക്കും അറിയാവുന്ന കാര്യമല്ലേ അത്, പപ്പടംരാജന്റെ മോളേ കോളേജിൽ പോകുന്ന വഴി നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്ന, ക്രിമിനൽ സംഘത്തിനെ ചോദ്യം ചെയ്തതിനാണ് ,പകരമായി പുഷ്ക്കരൻ സഖാവിന് തന്റെ ജീവൻ നൽകേണ്ടി വന്നത്,
സ്വന്തം മകളുടെ ചോരയുടെ മണമുള്ള കാശ് കൊണ്ട് , കള്ളും കുടിച്ചു ആറുമാദിച്ചു നടക്കുന്ന ചില എരണംകെട്ടവൻമാരുണ്ട് ഈ നാട്ടിൽ “
ആന്റപ്പനെ നോക്കി തന്റെ ചുണ്ടിലെ പാതിയെരിഞ്ഞ സിഗരറ്റ് താഴേക്ക് തുപ്പി വിപ്ലവംറഹിം നടന്നു നീങ്ങി,
പീടിക തിണ്ണയിലെ മുഴുവൻ കണ്ണുകളും മരബെഞ്ചിലെ ഒഴിഞ്ഞ കോണിലായ് ഇരിപ്പുറപ്പിച്ച ആന്റപ്പനിലേക്ക് തന്നെ നീണ്ടു,
” എന്താണ് ആന്റപ്പൻ പതിവില്ലാതെ ഈ വഴിക്ക് “
പീടികക്കുള്ളിൽ നിന്ന് കറിയാച്ചന്റെ ചോദ്യത്തിന് മുഖത്തെ വിയർപ്പ് ഒപ്പികൊണ്ട് ഒരു ചെറുചിരിയിൽ ആന്റപ്പൻ മറുപടി അവസാനിപ്പിച്ചു ,
” ഇന്നെന്താ മറിയം മുക്കിൽ പോകാഞ്ഞത് “
പോത്തൻ ബാലന്റെ ചോദ്യത്തിനും,
” മറിയയുമായുള്ള കച്ചവടം ആന്റപ്പൻ നിർത്തിയോ “
ചക്രപാണിയുടെ ചോദ്യത്തിനും ആന്റപ്പന്റെ മറുപടി മൗനം തന്നെ ആയിരുന്നു,
പോത്തൻബാലനും, ചക്രപാണിക്കും പിന്നാലെ ഇട്ടൂപ്പ്മാപ്പിളയും, സുരേന്ദ്രനും അടക്കം കറിയാച്ചന്റെ പീടിക തിണ്ണയിലെ സ്ഥിരം അന്തിചർച്ചക്കാർ തന്നോടായി ചോദിച്ച പലചോദ്യങ്ങൾക്കും ആന്റപ്പൻ വിദഗ്ധമായ മൗനം തന്നെയാണ് പാലിച്ചത്,
ഏറെ കഴിയുംമുമ്പ് തന്നെ പടിഞ്ഞാറു നിന്ന് ഇരമ്പി വന്ന ചാറ്റൽമഴക്കും, തെക്കോട്ട് പോകുന്ന ഒരു ചരക്ക് ട്രെയിനുമൊപ്പം, ബിവറേജിൽ പോയ പുഞ്ചിരി ഓട്ടോയും തെക്കേമുക്കിലെത്തി,
ഓട്ടോയിൽ ആന്റപ്പൻ മടങ്ങിയതോടെ അന്തിചർച്ചക്കാരുടെ അന്നത്തെ ചർച്ചാവിഷയം ആന്റപ്പനിലേക്കും, വിപ്ലവം റഹീമിന്റെ കോപത്തിലേക്കും വഴിമാറി,
” എങ്ങനെ റഹിം പറയാതിരിക്കും ഏത് പൊട്ടകണ്ണനും അറിയാം ആ ബീനകൊച്ച് കിണറ്റിൽ ചാടി ചത്തത് അല്ല , കൊന്ന ശേഷം മഠത്തിലേ കിണറ്റിൽ ഇട്ടത് ആണെന്ന് “
” പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് അടക്കം തിരുത്തിയില്ലേ”
” ഫെർണാണ്ടസ് അച്ഛനും , മഠത്തിലെ മുന്തിയ ചില കന്യാസ്ത്രീകളും അറിയാതെ ഒരു ഇല അനങ്ങില്ല അവിടെ “
” റഹിം അടക്കം പാർട്ടിക്കാർ ആക്ഷൻ കൗൺസിൽ രൂപികരിച്ചു മുന്നോട്ട് പോകാമെന്നു വെച്ചപ്പോൾ അല്ലേ ഈ നാറി ആന്റപ്പൻ ഫെർണാണ്ടസിന്റെ കാശ് വാങ്ങി, കേസില്ല എന്ന് എഴുതികൊടുത്തത് “
” കന്യാസ്ത്രീകളുടെ മരണങ്ങൾ എല്ലാം ഇങ്ങനെ ഒക്കെ തന്നെയാണ് “
” ആ കൊച്ച് ചത്ത സങ്കടത്തിന് ഡെയ്‌സി ചങ്ക് പൊട്ടി ചത്തു, തന്ത എന്ന് പറയുന്ന ഈ നാറി ആന്റപ്പൻ, ഫെർണാണ്ടസിന്റെ കാശ് വാങ്ങി കള്ളും കുടിച്ച്, ഫെര്ണാണ്ടസിന് ഒപ്പം മറിയയുടെ നെഞ്ചത്ത് കയറി നടക്കുന്നു “
പീടികതിണ്ണയിലെ അന്തിചർച്ച, കൊലപാതകം എന്ന് ഏവരും ഒരേ സ്വരത്തിൽ വിശ്വസിക്കുന്ന ആന്റപ്പൻ മകൾ ബീനയുടെ മരണത്തിൽ തുടങ്ങി, കാലമേറെ മുമ്പ് നടന്ന ആന്റപ്പന്റെയും ഡെയ്‌സിയുടെയും പ്രണയവിവാഹത്തിലേക്കും, കാലങ്ങളുടെ കാത്തിരിപ്പിനു ശേഷം ഉണ്ടായ ഏക മകളെ ഡെയ്സിയുടെ നേർച്ചപ്രകാരം കർത്താവിന്റെ മണവാട്ടിയാക്കിയതുമടക്കം,
പലവിധ വിഷയങ്ങളിലൂടെ പുരോഗമിക്കുന്ന നേരത്താണ് കറിയാച്ചൻ പീടികയുടെ ഷട്ടർ ഇട്ടത്,
അതോടെ പീടികതിണ്ണയിലെ അന്നത്തെ അന്തിചർച്ചക്കും അവസാനമായി .
##### ##### ##### ######
” ബീന മഠത്തിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത് ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?? “
ഇടവപ്പാതി ഇടതോരാതെ പെയ്തിറങ്ങുന്ന ആ തണുപ്പുള്ള രാത്രിയിൽ ഒറ്റപെട്ടു കിടക്കുന്ന ആന്റപ്പന്റെ വീടിന്റെ ഉമ്മറത്ത്, ആന്റപ്പന്റെ നിർബന്ധത്തിന് വഴങ്ങി ഇരിപ്പുറപ്പിച്ച ബാബു, രണ്ടാമത്തെ പെഗ്ഗ് അകത്താക്കിയപ്പോഴാണ് കുറച്ച് നാളായി ചോദിക്കണം എന്ന് മനസ്സിൽ കരുതിയ ചോദ്യം ആന്റപ്പന്റെ നേർക്ക് ഉയർത്തിയത്,
“അങ്ങനെ വിശ്വസിക്കാൻ അന്ന് മുതൽ ഞാൻ എന്റെ മനസിനെ പഠിപ്പിക്കുകയാണ് “
തന്റെ നരകയറി തുടങ്ങിയ താടിരോമങ്ങളിൽ തലോടികൊണ്ട് മറുപടി നൽകി , വീടിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഡെയ്സിയുടെയും, ബീനയുടെയും ഫോട്ടോകളിലേക്ക് നോക്കി ഏറെ നേരം,
” സത്യം അതല്ല എന്നും എന്റെ മകളുടെ ശരീരം തിന്ന് തീർത്തവർ ആരെന്നും കൃത്യമായി എനിക്കറിയാം, എന്നെ പോലൊരുവന് പരിമിതികൾ ഉണ്ട്, ഞാൻ എത്ര ശ്രമിച്ചാലും അവർ പുഷ്പം പോലെ നിയമത്തിന്റെ പഴുതുകളിലൂടെ പുറത്ത് വരും, ഒരുപാട് മുൻകാല അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ടല്ലോ,
മകന് നീതികിട്ടാൻ മരണം വരെ കോടതികൾ കയറിയിറങ്ങി പരാജയപ്പെട്ട ഈച്ചരവാര്യർ എന്ന ഒരച്ഛന്റെ നാടാണ് കേരളം,
നിയമ വ്യവസ്ഥക്ക് മുന്നിൽ അഭയമില്ലാതെ പോയ അഭയയുടെ നാടാണ് കേരളം,
ഡെയ്സിയും,ബീനയും പോയെങ്കിലും എനിക്ക് ജീവിക്കണ്ടേടോ, എതിർക്കാൻ കെല്പില്ലാത്തവൻ ഒത്തുതീർപ്പിന്റെ പാതയിലെത്തി “
മൂന്നാമത്തെ പെഗ്ഗിനെ വെള്ളം കുറച്ച് ഒറ്റവലിക്ക് അകത്താക്കിയ ശേഷം കിതപ്പോടെ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും,
“ഫെർണാണ്ടസ് അച്ഛൻ എത്തി”യെന്ന മറിയയുടെ വാട്ട്‌സാപ്പ് സന്ദേശം ആന്റപ്പനിലേക്ക് എത്തിയിരുന്നു,
” ഈ രാത്രിയിൽ സമയമേറെയെടുത്ത് നല്ല രീതിയിൽ അച്ഛനെ സുഖിപ്പിക്കു “
മാറിയക്ക് മറുപടി നല്കിയ ശേഷം,
മറിയംമുക്ക് വരെ പോകണം എന്ന ആവശ്യം ആന്റപ്പൻ ബാബുവിനെ അറിയിച്ചു,
ഇപ്പോൾ ആവശ്യത്തിന് മദ്യപിച്ചു, ഇനി വീണ്ടും കഴിക്കാൻ മറിയംമുക്ക് വരെ പോകേണ്ട എന്ന് പറഞ്ഞുകൊണ്ട്, ബാബു പരമാവധി ആന്റപ്പനെ നിരുത്സാഹപെടുത്താൻ ശ്രമിച്ചു,
” വീണ്ടും മദ്യപിക്കാൻ വേണ്ടിയല്ല, നീ നേരുത്തേ പറഞ്ഞില്ലേ, ആളുകൾ പറയുന്നു ഞാൻ മറിയയുമായി വേറെ ഇടപാട് ആണെന്ന്, അത് കേട്ടപ്പോൾ മുതൽ ഒരു പൂതി, ഇന്നൊരു ദിവസം അവളുടെ കൂടെ കിടക്കണം,
അവൾ ഫെർണാണ്ടസ് അച്ഛന് മാത്രമേ കിടക്കവിരിക്കാറുള്ളു, പക്ഷേ എനിക്കൊരു ആഗ്രഹം,
നീയെന്നെ മറിയംമുക്കിൽ ആക്കിയിട്ടു തിരിച്ചു പൊക്കോ, ഞാൻ കാര്യപരിപാടി ഒക്കെ കഴിഞ്ഞു പതുക്കെ വന്നോളാം “
ബാബുവിന് നേർക്ക് കണ്ണിറുക്കികാട്ടി, മടിയിൽ ഒരിക്കൽ കൂടി തടവി എന്തോ ഉറപ്പ് വരുത്തി ബാബുവിനേക്കാൾ മുന്നേ ആന്റപ്പൻ പുഞ്ചിരിയിലേക്ക് കയറി,
പുഞ്ചിരി ഓട്ടോ മറിയംമുക്ക് ലക്ഷ്യമാക്കി നീങ്ങവേ ആന്റപ്പന്റെ മൊബൈലിൽ നിന്നും ഒരു മിസ്സ്ഡ്കാൾ മറിയയിലേക്ക്……
###### ###### ######## #########
തൊട്ടടുത്ത ദിവസം, സഖാവ്.പുഷ്കരന്റെ രക്തസാക്ഷി ദിനത്തിൽ ആ ഗ്രാമം ഉണർന്നത്, മറിയംമുക്കിലെ പുഷ്ക്കരൻ സ്മാരക ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിൽ ഫെർണാണ്ടസ് അച്ഛന്റെ വെട്ടിയെടുത്ത തലയുമായി ഇരിക്കുന്ന ആന്റപ്പനെ കണികണ്ടുകൊണ്ടാണ്.
” ഒത്തുതീർപ്പ് എന്നാൽ വരിയുടക്കപെട്ടവന്റെ കീഴടങ്ങൽ മാത്രമല്ല, പ്രതീക്ഷയറ്റവന്റെ കാത്തിരിപ്പ് എന്ന് കൂടിയുണ്ട് അർത്ഥം “
മറിയംമുക്കിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തെ നോക്കി ആന്റപ്പൻ അപ്പോഴും വിളിച്ചു കൂവുകയായിരുന്നു.
കെ.ആർ.രാജേഷ്