രചന : മായ അനൂപ്.
എന്നുള്ളിലായുണ്ടൊരായിരം ഇഷ്ടങ്ങൾ
എല്ലാം രഹസ്യമാണെന്നാകിലും
ചൊല്ലീടാം ആയവ നിങ്ങളോടായി ഞാൻ
നിങ്ങളതാരോടും ചൊല്ലില്ലെങ്കിൽ
കുഞ്ഞിലേ ഞാനേറ്റം സുന്ദരിയായ് കണ്ട
കുന്നിക്കുരുവിനെ ഇന്നുമിഷ്ടം
ചോന്ന കവിളിലെ മറുകിലൊരായിരം
മുത്തം കൊടുക്കുവാൻ തോന്നുമെന്നും
പുസ്തകത്തിൽ ഞാൻ ഒളിപ്പിച്ചു വെച്ചൊരാ
നിറ മയിൽപ്പീലിയെ എന്നുമിഷ്ടം
കണ്ണൻ നിറുകയിൽ ചൂടിയതിനാലോ
ഏറെ അഴകതിനുള്ള കൊണ്ടോ
കുഞ്ഞുന്നാൾ തൊട്ടെന്റെ കൈയിൽ ഞാൻ
അണിയുന്ന കുപ്പിവളകളെ ഏറെ ഇഷ്ടം
കിലുകിലെ കിലുകിലെ ചിരിക്കണകൊണ്ടാണോ
പല പല വർണ്ണങ്ങൾ ഉള്ള കൊണ്ടോ
നൃത്തമാടുമ്പോൾ ഞാൻ കാലിൽ
അണിഞ്ഞൊരാ മുത്തുച്ചിലങ്കയെ ഏറെ ഇഷ്ടം
നൂപുര ധ്വനികൾ തൻ താളത്തിൽ എന്നെ
ഞാൻ പാടെ മറന്നു പോകുന്ന കൊണ്ടോ
പിന്നെയും ഉണ്ടെനിക്കൊത്തിരി ഇഷ്ടങ്ങൾ
ചൊല്ലിടാമായതും നിങ്ങളോടായ്
സുന്ദര സന്ധ്യയെ താരാഗണങ്ങളെ
പൗർണമി തിങ്കളെ മാരിവില്ലും
ചിത്രപതങ്കത്തെ ചെമ്പക പൂവിനെ
പീലി വിടർത്തും മയിലിനെയും
മഞ്ഞാടിക്കുരുവിനെ കുടമുല്ല പ്പൂവിനെ
നീലിമയാർന്നൊരു വാനത്തെയും
എന്റെയീ ഇഷ്ടങ്ങൾ എല്ലാം
തരുന്നൊരീ ഭൂമിയെയും എനിക്കെന്നും ഇഷ്ടം
എന്റെയീ ഇഷ്ടങ്ങൾ ഉള്ളോരീ ഭൂമിയിൽ
വസിക്കുന്നതും എനിക്കേറെ ഇഷ്ടം
ഇനിയും ഒരിഷ്ടവും കൂടിയുണ്ടെന്നുള്ളിൽ
ഇത്രയും നേരം പറയാത്തതായ്
എന്നുമെന്നകതാരിൽ ആരാരും അറിയാതേ
കാത്തു സൂക്ഷിക്കുന്നൊരെന്റെ ഇഷ്ടം
എന്റെയാ കുഞ്ഞു കുഞ്ഞിഷ്ടങ്ങളെക്കാളും
ഏറെ ഞാൻ ഇഷ്ടപ്പെടുന്നൊരിഷ്ടം
എന്നുമെന്നകതാരിൽ പ്രിയതരമായു
ള്ളോരിഷ്ടം അത് നിന്നോടുള്ളോരിഷ്ടം.