രചന : മാർഷി നൗഫൽ .
അവൾ വയലിലേക്കു പടർന്നിറങ്ങുന്ന വെയിലിന്റെ ചൂടിലേക്കു തന്നെ നോക്കികൊണ്ടിരുന്നു. കലുങ്കിന് അരികിലുള്ള പച്ചപുതച്ച വേപ്പുമരത്തിൻ്റെ തണൽ പതിയെപ്പതിയെ അവളിൽ നിന്ന് നീങ്ങിക്കൊണ്ടിരുന്നു..
ഇനിയൊരുപക്ഷേ ഒരിക്കലും അയാളെ കാണുവാനോ, ആ അക്ഷരങ്ങൾ വായിക്കുവാനോ കഴിയില്ലെന്ന ചിന്തകൾ അവളുടെ മനസിനെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു…!
ചില ഓർമകളിലേക്ക് മനസ്സു കുതിച്ചുപായുകയാണ്. അതിനെ കടിഞ്ഞാണിടാൻ കഴിയാതെ അവൾ പകൽച്ചൂടിനെയുമേന്തി പതുകെ നടന്നു തുടങ്ങി…
അവൾക്കു വന്നിരുന്ന തപാലുകളിൽ കൂടുതലും അയാൾ അയച്ച മനോഹരങ്ങളായ കുറിപ്പുകളടങ്ങിയ എഴുത്തുകളായിരുന്നു..!
“പ്രിയപ്പെട്ട കൂട്ടുകാരി…, ഈ കത്തെഴുതുമ്പോൾ എന്റെ ജാലകത്തിനരുകിൽ ഒരു ഒറ്റമൈന നില്പുണ്ട്. അതിന്റെ കണ്ണുകൾക്കു വല്ലാത്തൊരു തിളക്കം കാണുന്നു. സങ്കടക്കരച്ചിൽ കാണാൻ പ്രിയപ്പെട്ടവർ ആരും ഇല്ലാതാവുന്ന ഒരു സമയത്ത് ഒരുപക്ഷെ നമ്മുടെ കണ്ണുകളും ഇതുപോലെ തിളങ്ങുമായിരിക്കും അല്ലേ.. ?
ആരെങ്കിലും വരുന്നുണ്ടോ എന്ന പ്രതീക്ഷയുടെ തിളക്കം.. !!
സ്നേഹത്തിന്റെ മണമുള്ള നല്ല നാളുകൾ ആശംസിച്ചുകൊണ്ട് ആകാശ്.. “
മിക്കവാറും എഴുത്തുകളെല്ലാം ഇതുപോലെ ചെറിയ കുറിപ്പുകളിലോ, രണ്ടു മൂന്ന് വരികളിലോ അവസാനിക്കാറാണ് പതിവ്. എല്ലാ ആഴ്ചയും മുടങ്ങാതെ വരാറുള്ള എഴുത്തുകൾക്ക് മറുപടി എഴുതാൻ മടിയായിരുന്നു, അതിലേറെ പേടിയും.
കുറേ വർഷങ്ങൾക്ക് മുൻപ് ഒരു ഓണക്കാലത്താണ് ആദ്യമായി അയാളുടെ കത്ത് വന്നത്. “നിങ്ങളുടെ കവിത ഞങ്ങളുടെ പ്രസിദ്ധീകരണത്തിലേക്കു സെലക്ട് ചെയ്തിട്ടുണ്ട്. അടുത്ത പതിപ്പിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും… “
താഴെ പ്രസിദ്ധീകരണശാലയുടെ സീലും കൂടെ ആകാശ് എന്ന് ചെറുതായി എഴുതിയ ഒപ്പും.
അതിന് നന്ദി അറിയിച്ചു കൊണ്ടുള്ള ഒരു വിശദമായ മറുപടി എഴുതി അയച്ച് സന്തോഷത്തോടെയുള്ള കാത്തിരിപ്പു തുടങ്ങി. പക്ഷെ ആഴ്ചകളും മാസങ്ങളും ഇരുട്ട് പടർത്തി സൂര്യൻ അസ്തമിക്കുന്നതു പോലെ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. കവിത പ്രസിദ്ധീകരിച്ചു വന്നില്ല.
പിന്നീട് എഴുതിയ കവിതകളൊക്കെ ഡയറിയുടെ താളുകളിൽ മൗനമായി ഉറങ്ങി ക്കിടന്നു. എവിടേക്കും അയച്ചുകൊടുക്കാനൊട്ടും തോന്നിയതും ഇല്ല. അങ്ങനെ ജീവിതയാഥാർഥ്യങ്ങളെ വിളിച്ചു പറയുന്ന അക്ഷരക്കൂട്ടങ്ങളെ പതിയേ മറക്കാൻ തുടങ്ങുമ്പോഴാണ് വീണ്ടും അയാളുടെ കത്ത് വരുന്നത്, കൂടെ അവളുടെ കവിത പ്രസിദ്ധീകരിച്ച മാസികയുടെ ഒരു കോപ്പിയും.
“എഴുത്തിനെ ഇഷ്ട്ടപെടുന്ന അക്ഷരങ്ങളുടെ കൂട്ടുകാരിക്ക്..
ജീവിതം പലപ്പോഴും നാം പ്രതീക്ഷിക്കുന്ന പോലെ സംഭവിക്കുകയില്ലാലോ. ചില കാരണങ്ങളാൽ നിങ്ങളുടെ കവിത പ്രസിദ്ധീകരിക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല.. ക്ഷമിക്കുമല്ലോ..
സ്നേഹത്തോടെ… ആകാശ്.. “
ആ മാസികയിലെ കവിതയുടെ പേജ് തിരയുമ്പോ നനവാർന്ന സന്തോഷമാണ് അവളുടെ മനസിലുണ്ടായിരുന്നത്.
“ഏറെ പ്രിയപ്പെട്ടൊരാൾ
എന്നിലേക്കിറങ്ങി വരുന്നുണ്ട്
എന്നിലെ അനാഥമാക്കപ്പെട്ട
ചിന്തകളിലേക്ക് ഊർന്നിറങ്ങി
കാറ്റിനാൽ പൂക്കളുതിർത്ത
മരചില്ലപോലെ
സ്നേഹത്തിന്റെ പല
ശാഖകളുമായി….”
അങ്ങനെ തുടങ്ങുന്ന കവിത ആദ്യമായി വായിക്കുന്നതുപോലെ ആർത്തിയോടെ വീണ്ടും വീണ്ടും അവൾ വായിച്ചു.
പിന്നീട് പലപ്പോഴായി ആകാശിന്റെ കത്തുകൾ മുടങ്ങാതെ വന്നു കൊണ്ടിരുന്നു. ചിലതിനെല്ലാം വളരെ ചുരുങ്ങിയ വാക്കുകളിൽ മറുപടി എഴുതി തുടങ്ങിയപ്പോൾ, മനസ്സിൽ ഒരു ആശ്വാസത്തിന്റെ തണൽ പടരുന്നുണ്ടായിരുന്നു..
ആരെന്ന് അറിയാത്ത, ഇതുവരെയും കാണാത്ത ആകാശ് എന്ന വ്യക്തി പതിയെ പതിയെ അവളുടെ ജീവിതത്തിൽ, കലർപ്പില്ലാത്ത കളങ്കമില്ലാത്ത ഒരു സൗഹൃദത്തിന്റെ പച്ചപ്പ് നിറച്ചു തുടങ്ങി..
കുടുംബത്തെ കുറിച്ചും, നാടിനെ കുറിച്ചും, ജോലിയെ കുറിച്ചും പറയുമ്പോഴൊക്കെ, ബന്ധുവിന്റെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന അവൾക്കു, അയാളുടെ വരികൾ പലപ്പോഴും വാത്സല്യത്തിന്റെയും, സാന്ത്വനത്തിന്ടെയും കടലുപോലെ അലയടിച്ചു കൊണ്ടിരുന്നു. അച്ഛനമ്മമാരുടെ സുഗന്ധം പേറിക്കൊണ്ടുള്ള അയാളുടെ ഉപദേശങ്ങളും, നിർദ്ദേശങ്ങളും, ശാസനകളും അവൾക്കു ജീവിതത്തെ ചേർത്ത് നിർത്താൻ ഊർജം പകർന്നു നൽകി..
ഒരു നാൾ.. വേപ്പുമരത്തിനരുകിലെ കലുങ്കിലിരുന്നു അയാൾക്കു വേണ്ടി അവൾ എഴുതി…
“കൂട്ടുകാരാ..
ആരാലും വെറുക്കപ്പെടാൻ ആഗ്രഹിക്കാതെ, ആരെയും നോവിക്കാൻ ആഗ്രഹിക്കാതെ, സ്വന്തം ആഗ്രഹങ്ങളെ അത്രമേൽ ആഴത്തിൽ മനസിലാക്കാൻ എനിക്കൊരു മാതാവോ പിതാവോ ഇല്ലെന്നുള്ള സത്യം ഉൾക്കൊണ്ടുകൊണ്ട്, നിശബ്ദമായി ജീവിച്ചു തീർക്കുകയാണ് ഞാൻ എന്റെയീ ജീവിതം. അതിലേക്കു മാമ്പൂ മണം പോലെ വന്നുചേർന്ന കലർപ്പില്ലാത്ത ഈ സൗഹൃദം ഒടുക്കം വരേയ്ക്കും ഉണ്ടാകണമെന്ന എന്റെ ആഗ്രഹം ഒരു സ്വാർത്ഥതയാണോ..?
കൊഴിഞ്ഞു പോകുന്ന ഇലകൾ കണക്കെ ഓരോ സായാഹ്നവും കടന്നുപോകുമ്പോൾ ഒരു വ്യഥ മനസിലേക്കടിഞ്ഞു കൂടുന്നുണ്ട്. പുതിയ പകലുകൾ വരവേൽക്കുന്നത് എന്തെല്ലാം മാറ്റങ്ങളെയാണ്. ഒരു തണൽ, ഇത്തിരി കുളിർകാറ്റു നൽകിക്കൊണ്ടു വീണ്ടും ആരെങ്കിലും കടന്ന് വരുമോ എന്ന എന്റെ ചിന്തകൾക്ക് അവസാനമായി എന്ന് തോന്നുന്നു…
ജീവിതയാത്രയിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത, അനിവാര്യമായ ഒന്നാണല്ലോ വിവാഹം. അതിലേക്കു എന്നെ വഴിനടത്താനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ഒരുപക്ഷെ സൗഹൃദമെന്നത് ഇനിമുതൽ വിലക്കപ്പെട്ട കനി മാത്രമാകുമെനിക്ക് എന്ന ചിന്തകൾ എന്നെ പേടിപെടുത്തുന്നുണ്ട്..
വിധിയെന്തും ഏറ്റു വാങ്ങാനായി ഞാൻ ഒരുങ്ങിത്തുടങ്ങിയിരിക്കുന്നു. എന്തിലും നല്ലതു കാണാൻ നീ എന്നെ ശീലിപ്പിച്ചത് മാത്രം മതിയല്ലോ എനിക്ക് എല്ലാത്തിലും നിന്നെ ഓർക്കാൻ..
സ്നേഹത്തോടെ
സ്വന്തം കൂട്ടുകാരി.. “
അതിന് അവന്റെ മറുപടി അവളെ തെല്ലു അതിശയിപ്പിച്ചു.. അന്നാദ്യമായി അവൻ അവളെ പേരുചൊല്ലി സംബോധന ചെയ്തുകൊണ്ടായിരുന്നു കത്തെഴുതിത്തുടങ്ങിയിരുന്നത്..
“ഒരു തണൽ, ഇത്തിരി കുളിർകാറ്റു നെല്കികൊണ്ടു വീണ്ടും ആരെങ്കിലും കടന്ന് വരുമോ എന്ന എന്റെ ചിന്തകൾക്ക് അവസാനമായി എന്ന് തോന്നുന്നു, എന്നത് നിന്റെ മാത്രം തോന്നലല്ല. ഒരു സുഹൃത്തിന് നല്ലൊരു സഹോദരനാകാനും കഴിയും എന്നതിന്റെ തെളിവാണത്… എന്നെക്കാൾ മറ്റാരാണ്, നിനക്ക് പറ്റിയൊരു കൂട്ട് ജീവിതത്തിൽ കണ്ടെത്തി തരാൻ കഴിയുക..”
നിന്റെ നന്മകൾ മാത്രം ആഗ്രഹിച്ചു കൊണ്ട്..
സ്നേഹത്തോടെ ആകാശ്.. “
“നിസ്കാരത്തിനു നേരമായി സൂഫിയ ” നജീബിന്റെ വിളി അവളെ ചിന്തകളിൽ നിന്നും ഉണർത്തി..
നിക്കാഹ് കഴിഞ്ഞു കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു.. വിരുന്നു കഴിഞ്ഞു നാളെ ഇവിടുന്നു പോയാൽ പിന്നെ ഇനി എന്നാണ് ഇങ്ങനെ.. ഈ പാടത്തും, പറമ്പിലും, വേപ്പുമര ചോട്ടിലുള്ള കലുങ്കിലുമിരുന്നു.. ചുവപ്പ് പടർന്നിറങ്ങുന്ന സുര്യനെ നോക്കി, കഥകളും കവിതകളും ഇതുവരെയും കണ്ടിട്ടില്ലാത്ത ആകാശിന്റെ എഴുത്തുകളും വായിച്ച്…!
‘സ്ത്രീസൗഹൃദം’ എന്നതിനെ ഉൾകൊള്ളാൻ കഴിയാത്ത വിവാഹ ജീവിതത്തോട് പൊരുത്തപ്പെട്ടുകൊണ്ടു അവൾ നടന്നു.
ആ പാടവരമ്പത്തു കൂടെ നജീബിന്റെ തോൾ ചേർന്ന് . ആ കൈകളിൽ മുറുകെ പിടിച്ച്…!
അപ്പോഴും സൗഹൃദത്തിന്റെ വറ്റാത്തൊരു കടലുമായി ആകാശ് അങ്ങുദൂരെ
അവൾക്കായി കത്തെഴുതി കൊണ്ടേയിരുന്നു.
വീണ്ടും വീണ്ടും…!