രചന : രാജുകാഞ്ഞിരങ്ങാട്*

വേരുകളെപ്പോലെ സ്നേഹം
വേറൊന്നിനുമുണ്ടാകില്ല
മണ്ണിലലിഞ്ഞ പിതൃക്കളെ തൊട്ട്
വംശസ്മൃതികളിൽ ജീവിക്കുന്നു
അതുകൊണ്ടായിരിക്കണം
ആ പ്രാചീനമായ അടയാളങ്ങൾ
ഇന്നും മരത്തിലവശേഷിക്കുന്നത്

വെയിലും നിലാവും ഭക്ഷിച്ചു കഴിഞ്ഞിട്ടും
ബാക്കിയാവുന്ന മരത്തിൻ്റെ വിശപ്പിന്
ഭക്ഷണമേകുന്നുവേര്
മഴയും കാറ്റുമായുള്ള മൈഥുനത്തിൻ്റെ
ആഘോഷങ്ങളിൽ
മരങ്ങൾ വേരുകളെ ഓർക്കാറേയില്ല

ഭോഗത്തെ ത്യാഗംകൊണ്ട് നേരിടുന്നു –
വേരുകൾ
ആഴങ്ങളിലേക്ക് അരിച്ചിറങ്ങി
അടരുകളിലേക്ക് ആഴ്ന്നിറങ്ങി
ചോര വിയർപ്പാക്കി
വിയർപ്പിൻ്റെ ഉപ്പേകിയാണ്
വേരുകൾ മരത്തിനെ പച്ചപിടിപ്പിച്ചത്

പട്ടിണിയുടെ കഷ്ടപ്പാടെന്തെന്ന്
അറിയിച്ചിട്ടേയില്ല
പച്ചയിലേക്ക് നോക്കി പ്രാർത്ഥിക്കാറുണ്ട് വേര്
ഒരിക്കൽ പഴുത്തടിയുമല്ലോയെന്ന്
വ്യാകുലപ്പെടാറുണ്ട്

വായനക്കാരാ; ഇത്രയും വായിച്ചിട്ടും
നിന്നിൽ എന്തുവികാരമാണ് നുരയിട്ടത്
വെളുത്ത വാക്കുകൾ നെയ്ത്
കടയ്ക്കൽ കത്തിവെച്ച്
മരത്തിൻ്റെ ചോരയും, മാംസവും അരച്ചു –
ചേർത്ത് നെയ്തെടുത്ത പുത്തൻ –
വസ്ത്രമല്ലെ നിന്നെ സുന്ദരനാക്കുന്നത്
അല്ലാതെ എന്തു പാവനത്വമാണ്
നിനക്കവകാശപ്പെടാനുള്ളത്.

രാജുകാഞ്ഞിരങ്ങാട്.

By ivayana