രചന : സജി കണ്ണമംഗലം*

പണ്ടൊരു ചേട്ടൻ മദ്ധ്യാഹ്നത്തിൽ
കുണ്ടറയുള്ളൊരു വീട്ടിൽ ചെന്നൂ
കണ്ടില്ലാരെയുമെവിടെപ്പോയെ-
ന്നുണ്ടൊരു ശങ്ക,വിളിച്ചൂ മെല്ലെ
ഉണ്ട,പ്പോളൊരു നാദമകത്തൂ-
ന്നുണ്ടാരാണ്ടാ,ച്ചേട്ടനറിഞ്ഞു!
ചേട്ടൻ വേഗം ചൊല്ലീ ഞാനൊരു
കൂട്ടം നോക്കാൻ വന്നതിദാനീം
വിൽക്കാൻ പലവക മരമിവിടുണ്ടെ-
ന്നാൾക്കാരൊക്കെപ്പറയുന്നതിനാൽ
നോക്കാനായിട്ടെത്തിയതാണേ
നോക്കിയുറപ്പിച്ചഡ്വാൻസ് നൽകാം
വീട്ടിനകത്തൂന്നപ്പോളൊരുവൻ
നീട്ടിവിളിച്ചുപറഞ്ഞൂ, നിൽക്കൂ
ഊണു കഴിച്ചിട്ടുടനെത്താം ഞാൻ
ഉണ്ണുന്നോ താനെങ്കിലിരിക്കൂ
അയ്യോ വേണ്ടാ പശിയില്ലേതും
വയറിനു സുഖമില്ലല്പം പോലും
അതിനൊരു മറുപടി വന്നില്ലപ്പോൾ
അതിയാൻ ചോദിച്ചാദരവോടെ
മോരുണ്ടാമോ ചോറിലൊഴിക്കാൻ
മോരാണെന്നുമെനിക്കു പ്രധാനം!
അപ്പോൾക്കിട്ടിയ മറുപടി കഷ്ടം
അല്പം പോലും മോരിവിടില്ലാ!
വെളിയിൽ നിന്നാച്ചേട്ടൻ ചൊല്ലീ
വേറേ കറിയുണ്ടെങ്കിലുമാകാം
അല്പം ചോറും കറിയുമശിക്കാൻ
സ്വല്പം പശിയുണ്ടിലയിട്ടോളൂ!!
അസ്ഥാനത്തായാല് കിളുർത്താൽ
സ്വസ്ഥം,സൗഖ്യം തണലിനു നല്ലൂ!!

സജി കണ്ണമംഗലം

By ivayana