Jojitha Vineesh.

പതിവില്ലാതെ,അതിരാവിലെ ഞാനെന്റെ ഒറ്റ വിരലിനെ കുളിപ്പിച്ച് ,പൗഡറിട്ടു. കണ്ണേറു തട്ടാതൊരു പൊട്ടിടണം ഇനി ..
മഴ ചാറ്റുള്ള ഇടവഴിയിലൂടെ ….
പുറകിലാരോ വരുന്നുണ്ടോ …

ബൈക്കിൽ മാല പൊട്ടിക്കാൻ വരുന്ന കള്ളൻമാർ ?
ഹേയ്… ആവില്ല;
ഞാൻ പുരോഗമന രാഷ്ട്രത്തിന്റെ വക്താവല്ലേ …
കാവിൽ അയ്യപ്പസ്വാമിയുടെ പാട്ട് കൊടികേറുന്നു….
ചുവപ്പിച്ച വെള്ളത്തുണികൾ കാറ്റിൽ പറന്നു കളിക്കുന്നു .
അല്പദൂരം ധൃതിയിൽ നടന്നു.

പൊന്തക്കാട്ടിൽ നിന്നൊരു കൊച്ചു പെൺകുട്ടിയുടെ കരച്ചിൽ !!
അവളുടെ തുടയിടുക്കിലെ കൂർത്ത മുള്ളുകൾ വകഞ്ഞു മാറ്റി ചോരപ്പാടു ഞാൻ തുടച്ചു കൊടുത്തു.
മുള്ളു കൊണ്ടതാവും …. ആശ്വസിപ്പിച്ചു.
ആ കൈ പിടിച്ചു കൂടെ കൂട്ടി…
ഏറെ നടന്നില്ല … അടച്ചിട്ട

കുടുസ്സുമുറി വീട്ടിൽ നിന്നും ഒരു മൂന്ന് വയസ്സുകാരൻ പയ്യൻ അലറിക്കരയുന്നു!
ദേഹം മുഴുവൻ ചട്ടുകം പഴുപ്പിച്ച് വെച്ച പൊള്ളലും അടിയുടെ പാടുകളും ചതവും ….
ഹേയ് …. മേലെ നിന്ന് വീണതാവും.
അങ്ങനെയേ ചിന്തിക്കാവൂ.
നമ്മൾ നവോത്ഥാന രാഷ്ട്രത്തിന്റെ രചയിതാക്കളല്ലേ ….
വാതിൽ തളളിത്തുറന്ന് ,അവനെയെടുത്ത് തോളത്തിട്ട് നടന്നു…

അതിവേഗം പുറകിൽ ഒരു ഓട്ടോ …. പുറത്തിട്ട അനേകം കൈകൾ…. ഞാനോടി ….വോട്ട് ചോദിക്കാൻ വന്നവരോ ? എന്റെ അവസ്ഥ കണ്ട് ബൂത്തിലേക്കെത്തിക്കാൻ വന്നവരാകും .അങ്ങനെയേ ചിന്തിക്കാവൂ. …
അവരെ വകഞ്ഞു മാറ്റി, ഞാൻ വലിച്ചു നടന്നു.
കൊടിതോരണങ്ങൾക്കിടയിലൂടെ …..

ബൂത്തിലേക്ക് ..
എന്റെ ചൂണ്ട് വിരൽ നീട്ടി ….
ഞാനില്ലാത്ത എന്റെ വോട്ടിടങ്ങളിലേക്ക് !
അതാരോ ……
ഞാൻ ഇനി ജീവിച്ചിരിപ്പില്ലേ…
“ഹേയ്… ജനാധിപത്യ രാഷ്ട്രമല്ലേ .”
‘കാണാതായ എന്റെ വോട്ട് …. എന്റെ വോട്ട് … അതാര് ചെയ്തു അല്ലെങ്കിൽ ,അതെവിടെ ….

എവിടെ …?’

By ivayana