രചന : സാജുപുല്ലൻ *

എനിക്കു രസമീ നിമ്നോന്നത മാം
വഴിക്കു തേരുരുൾ പായിക്കൽ;
ഇതേതിരുൾക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ –
ഇടശ്ശേരിക്കവിതകൾ
സമ്പൂർണ്ണ
സമാഹാരം
വായിച്ചു കഴിഞ്ഞപ്പോൾ
ഇങ്ങനെ ചിലത് തോന്നി-
ശക്തിയുടെ കവി എന്ന്
ഇടശ്ശേരി യെ പറ്റിയുള്ള വിശേഷണം
വെറും ഭംഗിവാക്കല്ല,
കവിതകൾ തന്നെ തരുന്ന സാക്ഷ്യപത്രമാണ്.
കാവിലെ പാട്ട്
എന്ന സമാഹാരത്തിലെ
‘പുളിമാവ് വെട്ടി ‘
എന്ന കവിതയിലൂടെയാണ്
കോളേജ് കാലത്ത്
ആദ്യമായി ഇടശ്ശേരിയിലേക്ക് പ്രവേശിക്കുന്നത്,
പൂതപ്പാട്ടിൻ്റെ നാടകാവിഷ്കാരം കണ്ടിരുന്നു എങ്കിലും.
‘കുരുത്ത നാൾ തൊട്ടിന്നോളം തല കുനിച്ചിടാത്തോനീ വൃദ്ധൻ
കൂറ്റൻ മഴുവേറ്റടിയുന്നേരം
കുലുങ്ങിടുന്നു ഭൂചക്രം ‘
എന്ന പുളിമാവ് വെട്ടി
യിലെ
വരികളിലേക്കൊക്കെ അന്നെത്തിയപ്പോഴേക്കും –
അതൊരു മരത്തിനെ പറ്റി മാത്രമല്ല, ഒരു മനുഷ്യനെ തന്നെയല്ലേ
എന്നു തോന്നുംവിധം അത്രയും ശക്തം.
പ്രസ്താവന
എന്നൊരു കവിതയുണ്ട്.
‘കാവ്യം മെനയുമൊരാളെ
ക്കർശനമായ്ക്കാച്ചി മുക്കി, യൊരു ഭവ്യൻ: ‘
ഇങ്ങനെയാണ് തുടങ്ങുന്നത്.
കവിയോട് കവിത എങ്ങനെയായിരിക്കണം
എന്നാണ് ഭവ്യൻ തുടർന്ന് പറയുന്നത്.
സനാതനമായിരിക്കണം,
ഭവ്യമായിരിക്കണം,
നാദബ്രഹ്മരസമായിരിക്കണം –
അങ്ങനെയങ്ങനെ നീളുന്നു.
എന്നാൽ കവി പറയുന്നത്
കൃഷി ചെയ് വോരെയും
കൂലിവേലക്കാരെയും
പറ്റി എഴുതുമ്പോൾ
ചിലപ്പോൾ സൗന്ദര്യം ഇത്തിരി കുറഞ്ഞു പോകും എന്നു തന്നെയാണ്.
പ്രശ്നാധിഷ്ഠിത രചനകൾ
അന്നു മുതലേ ചിലരിലെങ്കിലും സൗന്ദര്യ ശീലങ്ങൾക്കു മേൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്നു വേണം കരുതാൻ.
‘പുതു പുതു സങ്കേതങ്ങളെ നേടൂ,
……
കവികൾ
ചണച്ചെടിയായാൽ നന്നോ ?’
‘കവി,തവ മാനസ വേഗം പൂണ്ട
ഹയങ്ങൾ മുടന്തിപ്പോയോ
നൊടിയിട കൊണ്ടൊരു യോജന പായും
സ്പുട്നിക്കുകളുടെ മുമ്പിൽ ‘
‘ കഴുകപ്പെടുമിക്കലയുടെ പൂക്കൾ
കൊരുക്കുക പുതിയൊരു മട്ടിൽ’
എന്തിനുകാവ്യം ,
എങ്ങനെ കാവ്യം എന്നതിന് ഉത്തരം കണ്ടെത്താനുള്ള ഒരാഹ്വാനമുണ്ട് ഈ വരികളിലൊക്കെ .വളരെ വേഗന്ന് കുതിക്കുന്ന പല ശക്തികൾക്കും ഒപ്പം തന്നെ കവിത ( എല്ലാ സാഹിത്യവും ) ചലിച്ചു തന്നെ എത്തിച്ചേരേണ്ടതുണ്ട്. വാനവും ഭൂമിയും വിശാലമല്ലേ
മലയാളമോ
അതിശക്തവും …
എല്ലാം വിശാലമായി കാണാനാവുന്ന ഔന്നത്യം തന്നെയാണ് ഭാവന .വിഷയം ഏതായാലും അതിനപ്പുറത്തേക്കും കടന്നു ചെല്ലാൻ ഉൾപ്രേരകങ്ങളാകുന്ന ഉത്കൃഷ്ടത തന്നെ ദാർശനികത.
അതിപ്പൊ പ്രശസ്തർ എഴുതിയാലും പുതുമുഖങ്ങളിൽപ്പെട്ട ഒരാൾ എഴുതിയാലും. അതിന് കവിത തന്നെ ആവണമെന്നില്ല എന്തെഴുതിയാലും.
ഭാവന –
‘കാറ്റുകൾ, നഷ്ടപ്പെട്ടൊരു
കാമുക –
നേകിയ തൂവാലകളാമോ!
വിണ്ണവയാൽ മുഖമൊപ്പുംതോറും
കണ്ണീരുറവു തുറക്കുന്നു ‘
നാലു വാല്യങ്ങളുള്ള പുസ്തകങ്ങളിലെ ഒന്നാം വാല്യം
സംസ്കൃതത്തിൻ്റെ അതിപ്രസരത്താൽ സങ്കീർണമാണ്, പ്രൊ.കെ.പി.ശങ്കരൻ്റെ
കുറിപ്പുകളുണ്ടെങ്കിലും .
ഇടശ്ശേരിക്കവിതകൾ
ആഴത്തിൽ പOനം നടത്താനും
വായനക്കാരിൽ വേണ്ടുംവിധം എത്തിക്കാനും
ശ്രമം തുടങ്ങിയിരിക്കുന്നത് കാവ്യ വഴികൾക്ക് പുതുവെളിച്ചമാവും.

സാജുപുല്ലൻ

By ivayana