കൃഷ്ണ പ്രേമം ഭക്തി.
കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു “എനിക്കുള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?”
കൃഷ്ണൻ ഉത്തരം പറഞ്ഞു “50 ജന്മങ്ങൾക്ക് മുമ്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങ് അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ കൂട്ടിലുണ്ടായിരുന്ന 100 കിളികുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു. അച്ഛൻ കിളി നിസ്സഹായതയോടെ ഹൃദയം പൊട്ടി അതു കണ്ടുകൊണ്ടിരുന്നു. അങ്ങനെ ഒരച്ഛന് 100 മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ അങ്ങ് കാരണമായതാണ് സ്വന്തം മക്കളുടെ മരണം കാണുന്ന വേദന അനുഭവിക്കേണ്ടി വന്നത്.”
“അങ്ങനെയോ? പക്ഷെ ഇതനുഭവിക്കാൻ 50 ജന്മങ്ങൾ കാലതാമസം ഉണ്ടാകാൻ എന്തു കാരണം?”
കൃഷ്ണൻ പറഞ്ഞു “കഴിഞ്ഞ 50 ജന്മങ്ങൾ അങ്ങ് 100 പുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു”.
ഭഗവത്ഗീതയിൽ കൃഷ്ണൻ പറയുന്നു (4.17) –
”’കര്‍മ്മണോ ഹപി ബോദ്ധവ്യം
ബോദ്ധവ്യം ച വികര്‍മ്മണാ
അകര്‍മ്മണശ്ച ബോദ്ധവ്യം
ഗഹന കർമ്മണോ ഗതി” –
കർമ്മവും കർമ്മഫലവും ലഭിക്കുന്ന രീതി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ഏതു കർമ്മത്തിന് ഏത് കർമ്മഫലം നൽകണം എന്നു ഭഗവാനല്ല നിശ്ചയിക്കുന്നത്.അവരവരുടെ കർമ്മം അനുസരിച്ച് അത് തനിയെ വന്നു ഭവിക്കുന്നതാണ്. ചിലപ്പോൾ കർമ്മഫലം ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കാം, ചിലപ്പോൾ വരും ജന്മങ്ങളിലും. ഒരു വാക്യം കേട്ടിട്ടില്ലേ, അതായത് “ഏതു ചെറിയ കർമ്മമാണെങ്കിലും അതിനൊരു കൃത്യമായ ഫലമുണ്ടാകും – നന്മക്കും തിന്മക്കും”.
അവനവന്റെ കർമ്മഫലം അവനവൻ അനുഭവിക്കുന്നതിന് ആരെങ്കിലും, എന്തെങ്കിലും നിമിത്തമായി വരുന്നു.
അത് ചിലപ്പോൾ മനുഷ്യരാകാം,ജീവജാലങ്ങളാകാം,പ്രകൃതിയാകാം…. അങ്ങനെ നിമിത്തമായി വരുന്നവരിൽ കുറ്റം ആരോപിച്ച്,സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ആളുകൾ പിന്മാറുന്നു. അതുകൊണ്ട് തന്നെ തിരുത്തപ്പെടാതെ കിടക്കുന്ന കർമ്മവും കൂടാതെ കർമ്മഫലത്തിൻ്റെ ഗതിയെ തിരിച്ചറിയാതെ വീണ്ടും തെറ്റായ കർമ്മങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നതും കാരണം മനുഷ്യൻ്റെ ജീവിതം മുന്നോട്ടു പോകുന്തോറും അസ്വസ്ഥത നിറഞ്ഞതായി മാറുന്നു.
പല തരത്തിലുള്ള അസ്വസ്ഥതകൾ വർദ്ധിക്കുന്നതനുസരിച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും വർദ്ധിക്കുന്നു. ഇങ്ങനെ അസ്വസ്ഥത നിറഞ്ഞ ജീവിതം നയിച്ച് അവസാനം മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.
എന്നിട്ടോ…പുനർജന്മം എടുത്തുവരുമ്പോൾ ആ കർമ്മഫലങ്ങൾ അനുഭവിക്കുന്നതിനുള്ള സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നു.*
സ്വന്തം കർമ്മഫലം അനുസരിച്ചുള്ള ശരീരം, മാതാപിതാക്കൾ, സഹോദരങ്ങൾ,ജാതി, മതം, വിദ്യാഭ്യാസം,ജോലി,ജീവിതപങ്കാളി,മക്കൾ…. എല്ലാം ലഭിക്കുന്നു.പുണ്യകർമ്മഫലം അനുസരിച്ച് നല്ല അനുഭവങ്ങളും പാപകർമ്മഫലമനുസരിച്ച് അസ്വസ്ഥത നൽകുന്ന അനുഭവങ്ങളും ലഭിക്കുന്നു.
അതുകൊണ്ട്, എത്ര വിദ്യാസമ്പന്നരായാലും ഈ ലോകത്തിലെ സർവ്വ ചലനങ്ങളെയും നിയന്ത്രിക്കുന്ന “കർമ്മനിയമം”മനസ്സിലാക്കി ജീവിക്കാൻ ശ്രദ്ധിക്കാത്തിടത്തോളം ഏത് ഗവൺമെന്റ് ഭരിച്ചാലും ജീവിതം നരകതുല്യമായിരിക്കും…ഏത് കോടീശ്വരനും ഏത് ചക്രവർത്തിയ്ക്കും ഏത് രാഷ്ട്രീയ നേതാക്കൾക്കും ഈ കർമ്മനിയമത്തിന്റെ പിടിയിൽ നിന്നും മോചനമില്ല.
ഒരു ജോലി നേടുന്നതിനുള്ള വിദ്യാഭ്യാസം മാത്രം നേടിയാൽ മതിയോ..
അതോ,മനസ്സമാധാനത്തോടെ ജീവിക്കുവാനുള്ള അറിവ് കൂടി നേടേണ്ടതുണ്ടോ?* *തീരുമാനം അവനവന്റേതാണ്🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവ.